റഹീമിനോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അവയ്ക്ക് സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു.
ചോദ്യം 1. താങ്കൾ ഒരു മതവിശ്വാസിയാണോ? എങ്കിൽ എന്തുകൊണ്ട്?
ചോദ്യം 2. താങ്കൾ മക്കളെ മദ്രസയിൽ അയച്ചു പഠിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്ത് കൊണ്ട്?
ചോദ്യം 3. താങ്കൾ നിസ്കരിക്കാറുണ്ടോ? ജുമാക്ക് പോവാറുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
ചോദ്യം 4. ആറാം നൂറ്റാണ്ടിൽ മുഹമ്മദിലൂടെ അള്ളാ രചിച്ച ഖുർആൻ കാലികപ്രസക്തി ഉള്ളഒന്നാണെന്ന് കരുതുന്നുണ്ടോ? അതു മാറ്റങ്ങൾക്ക് അതീതമല്ലേ? എന്തുകൊണ്ട്?
ചോദ്യം 5. താങ്കളുടെ കുട്ടികൾ ദീനിയായാണോ വളരുന്നത്? അവർ മതം അനുശാസിക്കുന്ന രീതിയിൽആണോ ജീവിക്കുന്നത്?
കുറെ നല്ല ചോദ്യങ്ങൾ?
ഈ ചോദ്യങ്ങളൊക്കെയും ചോദിച്ചത് @Suresh Menon.
ഉടനെ മറുപടി നൽകാമെന്ന് കരുതിയിരുന്നു.
പക്ഷേ കുറെ ചോദ്യങ്ങൾക്ക് കുറെ ഉത്തരം നൽകുമ്പോൾ സംഗതി നീളുമല്ലോ?
ഓരോ ചോദ്യവും ചെറുതായിരിക്കാം ചെറുതായിരിക്കാം, ചോദിക്കുന്നത് എളുപ്പവുമായിരിക്കാം.
പക്ഷേ അവയിലോരോന്നിനും നൽകേണ്ട ഉത്തരം ചെറുതായിക്കൊള്ളണം എന്നില്ല.
ചെറിയ ഓരോ ചോദ്യത്തിനും “അതേ, അല്ല“ (yes or no) എന്ന് പറയുംവിധമുള്ള ഉത്തരമല്ല ഉണ്ടാവുക, തരേണ്ടി വരിക.
ചോദ്യങ്ങൾ വിത്തുപോലെയാണ്. ചെറുത്.
പക്ഷേ ആചോദ്യത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന ഉത്തരം വിത്തിൽ ഒളിഞ്ഞുകിടക്കുന്ന മരം പോലെ എത്രയും വലുതാവും.
ഉത്തരം എന്നത് ആ ചോദ്യങ്ങളെ മുളപ്പിച്ച് വലുതാക്കലാണ്, വൻവൃക്ഷം വരെ ആക്കലാണ്.
മുട്ട വിരിഞ്ഞ് കുഞ്ഞും കുഞ്ഞ് വളർന്ന് വലിയ പക്ഷിയും കോഴിയും ആവും പോലെ ഉത്തരവും വലുതാവും.
അങ്ങനെവരുമ്പോൾ നൽകുന്ന ഉത്തരം എഫ്ബിയിലെ ഒരൊറ്റ കമന്റ് കോളത്തിൽ ഒതുങ്ങില്ല.
നൂറായിരം വിത്തുകൾ ഒതുങ്ങുന്ന മടിയിൽ ഒരു വിത്ത് മുളച്ചുണ്ടാവുന്ന ഒരു വൃക്ഷം ഒതുങ്ങില്ല.
ഇങ്ങനെയൊക്കെയവും എന്നായപ്പോൾ ആകെമൊത്തമുള്ള ഉത്തരം നൽകുന്നത് പിന്നെയാകാം എന്ന് കരുതി.
അതിനാൽ ചോദ്യം ചോദിച്ച് അഞ്ചെട്ട് ദിവസങ്ങൾക്ക് ശേഷം ഇവ്വിധം ഉത്തരം നൽകുന്നു.
ക്ഷമിക്കുക.
********
ആദ്യമേ പറയട്ടെ…
സത്യസന്ധമായ മറുപടി നൽകണം എന്ന് താങ്കൾ ആദ്യമേ ആവശ്യപ്പെട്ടതിന്റെ ഔചിത്യം മനസ്സിലായില്ല.
അതെന്താണങ്ങനെ ആവശ്യപ്പെട്ടത്?
അങ്ങനെ ആവശ്യപ്പെട്ടതിന് പിന്നിലെ യുക്തി മനസ്സിലാവുന്നില്ല.
സത്യസന്ധമായല്ലാതെ താങ്കളടക്കം ആരെങ്കിലും മറുപടി നല്കുമോ?
എന്തിന് വേണ്ടി ഒരാൾ സത്യസന്ധമായല്ലാതെ മറുപടി നൽകണം?
സ്വാർത്ഥ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനോ? തനിക്ക് താൻ തന്നെ എതിരാവാനോ?
കളവ് പറയുന്നവർ ഒരു കുറേയുണ്ട് എന്ന താങ്കളുടെ തന്നെ തോന്നലിൽ നിന്നായിരിക്കും താങ്കൾക്ക് ഇങ്ങനെയൊന്ന് ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ടാവുക.
കളവ് ഒരു സാധാരണ സംഭവവും, സത്യം വെറും അസാധാരണ-അപൂർവ്വ സംഭവവും ആയിത്തീരുന്ന കാല- രാജ്യ- ലോക ക്രമത്തിൽ നിന്നായിരിക്കും അങ്ങനെ ആവശ്യപ്പെടേണ്ട അവസ്ഥയിൽ താങ്കളും എത്തിച്ചേർന്നിട്ടുണ്ടാവുക.
ഏത് കാര്യത്തിലും എന്തിന് കളവ് പറയണം എന്നത് ഇപ്പോഴും ഈയുള്ളവന് മനസ്സിലാവുന്നില്ല.
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെയും വിൽക്കാതെയും ഒരാൾക്കും കളവ് പറയാൻ സാധിക്കില്ല.
ഈയുള്ളവന്റെ ആകയാലുള്ള കരുത്തും സ്വസ്ഥനായി ഉറങ്ങാനുള്ള കഴിവും മനസ്സാക്ഷിയുടെ മുൻപിലുള്ള സത്യസന്ധത മാത്രമാണ്.
സത്യവും സത്യമായി തോന്നിയതും അല്ലാത്ത ഒരു കാര്യവും ഇതുവരെ ഈയുള്ളവൻ പറഞ്ഞിട്ടില്ല, ഇനിയങ്ങോട്ട് പറയുകയും ഇല്ല എന്നത് ഈയുള്ളവന് ഈയുള്ളവനെ നഷ്ടപ്പെടാതിരിക്കാനുള്ള ഏക വഴിയാണ്.
ഇയ്യുള്ളവനെ സംബന്ധിച്ചേടത്തോളം ലോകം മുഴുവൻ നേടി അവനവനെ സ്വയം നഷ്ടപ്പെടുന്നതാണെങ്കിൽ എന്ത് കാര്യം?
താങ്കളുടെ ചോദ്യങ്ങൾ മുഴുക്കെയും വ്യക്തിപരമായ, അതിലേറെയും ആത്മനിഷ്ഠമാകേണ്ട, പൊതുവായി, പരസ്യമായി ഉത്തരം നൽകേണ്ടതല്ലാത്ത കാര്യങ്ങളെ കുറിച്ചാണെന്നത് താങ്കൾക്ക് തന്നെയും അറിയുമായിരിക്കും.
വ്യക്തിപരമായ, ആത്മനിഷ്ഠ കാര്യങ്ങളെ കുറിച്ച് ചോദിച്ചത് തെറ്റാണ് എന്ന അർത്ഥത്തിലല്ല ഇത് സൂചിപ്പിച്ചത്.
വ്യക്തിപരമായ, ആത്മനിഷ്ഠ കാര്യങ്ങളെ കുറിച്ച് ചോദിച്ചാൽ തെറിച്ചുപോകുന്ന മൂക്കുള്ളത് കൊണ്ടുമല്ല ഇത് സൂചിപ്പിച്ചത്.
“ലാ തസ്അലൂ അൻ അഷ്യാഇൻ, ഇൻ തുബ്ദ ലക്കും തസൂഉക്കും” (ഖുർആൻ)
“ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾ ചോദിക്കാതിരിക്കുക. അവ (അവയ്ക്കുള്ള ഉത്തരം ) വെളിപ്പെട്ടാൽ, നിങ്ങളെ അവ ബുദ്ധിമുട്ടിക്കും“
ഇപ്പോൾ തന്നെ,, ഈ ചോദ്യം ചോദിക്കുന്ന താങ്കൾ സ്വയം ഒരു മറയിലാണ്, ഐഡന്റിറ്റി (മുഖം) വ്യക്തമാക്കാതെയാണ്.
അത് താങ്കളുടെ സൗകര്യം, സ്വാതന്ത്ര്യം.
താങ്കളുടെ പേരുണ്ട്, മുഖം ഇല്ല.
ഒരുപക്ഷേ മുഖം വ്യക്തമാക്കാത്ത സ്ഥിതിക്ക് താങ്കൾ താങ്കളുടെ ശരിയായ പേര് ഉപയോഗിച്ചിട്ടുമുണ്ടാവില്ല.
ഒരു മുഖം, ഒരേ മുഖം ഒരേയൊരാൾക്ക് മാത്രമേ ഉണ്ടാവൂ.
പക്ഷേ ഒരു പേര്, ഒരേ പേര് ഒരായിരം പേർക്ക് ഉണ്ടാവാം.
അതുകൊണ്ട് തന്നെ മുഖം കാണുക, കാണിക്കുക പ്രധാനം.
മനുഷ്യർ പരസ്പരം തിരിച്ചറിയുന്നത് കാര്യമായും മുഖം കണ്ടും കാണിച്ചും തന്നെ. (നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് പരസ്പരം തിരിച്ചറിയാൻ (ഖുർആൻ))
മുഖത്തോടൊപ്പമുള്ള ആരുടെയും പേര് മിക്കവാറും ശരിയായിരിക്കും.
മുഖത്തോടൊപ്പം പേര് വെക്കുമ്പോൾ താങ്കളുടെ തന്നെ മുഖം കാണിക്കുക ഏറെക്കുറെ നിർബന്ധവുമാവും.
താങ്കളെ മുഖം കൊണ്ട് അറിയുന്നവർക്കിടയിൽ താങ്കളുടെ തന്നെ മുഖം വെച്ച് പേര് വേറൊന്ന് മാറ്റിക്കൊടുക്കുക സാധ്യമാകില്ല.
അതേസമയം ഐഡന്റിറ്റി പുറത്ത് കാണിക്കാത്ത താങ്കളുടെ തിരഞ്ഞെടുപ്പ് താങ്കളുടെ തന്നെ അവകാശവും സൗകര്യവുമാണ്.
ഐഡന്റിറ്റി വ്യക്തമാക്കാതിരിക്കുന്നതിൽ താങ്കൾ ഉദ്ദേശിക്കുന്നത് പോലുള്ള ഒരുതരം സ്വകാര്യതയുംസൗകര്യവും അത് തരുന്ന സുരക്ഷിതത്വവും ധൈര്യവും ഉണ്ട്, ആവശ്യമുണ്ട്.
ഏറ്റവും വലിയവനും സർവ്വവ്യാപിയും ആയിരിക്കെ, ഉണ്ടെങ്കിൽ ഉള്ള ദൈവം പോലും കാണപ്പെടാതെ അറിയപ്പെടാതെയിരിക്കാനാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
എന്നതിനാൽ, ഈയുള്ളവൻ താങ്കൾ സ്വയം മറഞ്ഞുനിൽക്കുന്നതിനെ, അതിലെ താങ്കളുടെ ഉദ്ദേശവും സൗകര്യവും മാനിച്ച് മാനിക്കുന്നു, ഒരു കുറ്റമായി കാണുന്നില്ല.
ആ നിലക്ക് താങ്കളുടെ ഐഡന്റിറ്റി വെളിവാക്കാൻ ഈയുള്ളവൻ ആവശ്യപ്പെടുന്നുമില്ല.
താങ്കളുടെ ഐഡന്റിറ്റി വെളിവാക്കി നിലവിൽ എന്തെങ്കിലും പ്രത്യേകിച്ച് ഈയുള്ളവനോ താങ്കൾക്കോ നേടാനില്ല.
മേൽ ഖുർആൻ സൂക്തം സൂചിപ്പിക്കുന്നത് പോലെ താങ്കളുടെ ഐഡന്റിറ്റി വെളിവാക്കിക്കൊണ്ട് താങ്കളോ ഈയുള്ളവനോ ബുദ്ധിമുട്ടേണ്ടതില്ല.
മുസ്ലിം ആരാണെന്നാൽ തന്റെ സഹോദനെ തന്റെ നാവിൽ നിന്നും കൈകളിൽ നിന്നും രക്ഷിച്ച് നിർത്തുന്നവനാണ് (ഹദീസ്).
അറിയാമല്ലോ, അല്ലാഹുവിന്റെ നല്ല പേരുകളിൽ ഒന്ന് സത്താർ എന്നുകൂടിയാണ്.
മറച്ചുപിടിക്കുന്നവൻ എന്നർത്ഥം.
ഒരാൾ സ്വയം രഹസ്യമാക്കി വെക്കുന്നതിനെ മറ്റൊരാൾ പരസ്യമാക്കരുത്.
അതുകൊണ്ട് തന്നെയാണ് ഇസ്ലാമികമായി ഒരാൾ രഹസ്യമായി വ്യഭിചരിക്കുന്നത് (പോലും) മറ്റൊരാൾ കാണാനിട വന്നാൽ, അങ്ങനെ കണ്ട മറ്റേ ആൾ പുറത്ത് പറയരുത് എന്ന് വന്നത്.
സ്വകാര്യമായി ഒരാൾ ചെയ്യുന്നത് തെറ്റ് തന്നെയാണെങ്കിലും അതയാൾ വ്യക്തിപരമായി സ്വകാര്യമായി മാത്രം ചെയ്യുന്നിടത്തോളം, പൊതുസ്വഭാവത്തിൽ പൊതുജനങ്ങളെ ബാധിക്കുംവിധം ചെയ്യാത്തിടത്തോളം, ഏതൊരാൾക്കും അയാൾക്കുള്ള വ്യക്തിപരമായ സ്വകാര്യവും സ്വാതന്ത്ര്യവും നൽകണം എന്നർത്ഥം.
എന്നുമാത്രമല്ല, കാണാനിടയായ ആൾ അക്കാര്യം പുറത്ത് ആരോപണമായി പറഞ്ഞാൽ, അങ്ങനെയത് പുറത്ത് ആരോപണമായി പറഞ്ഞ അയാൾക്കാണ് ഇസ്ലാമികമായി എൺപതടി ശിക്ഷ.
സ്വകാര്യമായി വ്യഭിചരിച്ചു എന്ന് പറയപ്പെടുന്ന ആൾക്കല്ല ശിക്ഷ. ആ തെറ്റിന് ശിക്ഷ കൊടുക്കുന്നവൻ ദൈവം.
ചെയ്യുന്നത് പുണ്യമായാലും പാപമായാലും രഹസ്യമായിരിക്കുന്നിടത്തോളം അയാൾക്കും ദൈവത്തിനുമിടയിൽ മാത്രം തീരേണ്ട പ്രശ്നമാണത്.
നാലാൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണുംവിധം പരസ്യമായി ചെയ്യാത്തിടത്തോളം, ആ നിലക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കണ്ട നാല് സാക്ഷികൾ ഇല്ലാത്തിടത്തോളം, വ്യഭിചരിച്ചു എന്ന് പറയപ്പെടുന്ന ആൾക്ക് സമൂഹമധ്യത്തിൽ ശിക്ഷയില്ല.
ഇതുകൊണ്ടാണ് “ഗീബത്ത് “ (ഒരാൾക്ക് ഉള്ളതെന്ന് കരുതപ്പെടുന്ന കുറ്റങ്ങൾ തന്നെ അയാളുടെ അഭാവത്തിൽ പറയുന്നത്) പാപമായതും, അങ്ങനെ അഭാവത്തിൽ കുറ്റം പറയുന്നത് മരിച്ച സ്വന്തം സഹോദരന്റെ ശവം തിന്നുന്നത് പോലെ കുറ്റകരവും മ്ലേച്ചകരവും ആണെന്ന് ഖുറാനികമായി തന്നെ പറയപ്പെട്ടതും.
എന്നിരിക്കെ ഒരാൾ അയാളുടെ ബോദ്ധ്യതക്കനുസരിച്ച് മാത്രം ഉണ്ടാക്കി സൂക്ഷിക്കുന്ന വിശ്വാസപരമായ, തീർത്തും ആത്മനിഷ്ഠമായ കാര്യങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ?
അത് തീർത്തും ആത്മനിഷ്ഠമാണ്, വ്യക്തിപരമാണ്, വസ്തുനിഷ്ഠമായി മനസ്സിലാക്കാവുന്ന ഒന്നല്ല എന്നത് തീർത്തും പ്രസ്താവ്യമായിരിക്കെ.
വിശ്വാസം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും അതങ്ങനെ തന്നെ.
അത് ഓരോരുത്തന്റെയും അന്വേഷണവും കണ്ടെത്തലും പോലെയാണ്. വളർച്ച പോലെയാണ്.
വേര് താഴുന്നതിനനുസരിച്ച കൊമ്പുകളുടെ മുകളിലോട്ടുള്ള പോക്കാണ്.
വിശ്വാസം ഉണ്ടെന്നും ഇല്ലെന്നും വാദത്തിന് വേണ്ടി, അവകാശവാദത്തിന് ആർക്കും പറയാൻ എളുപ്പം.
സ്വാഭാവികമായി മൂക്കാതെ പഴുക്കാതെ ഞെക്കിപ്പഴുപ്പിക്കും പോലുള്ള പറച്ചിൽ.
“ആറാബികൾ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. നീ പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല, പകരം നിങ്ങൾ പറയുക: ഞങ്ങൾ മിസ്ലിംകളായി (സമർപ്പിക്കുന്നവരായി) (സാമുദായിക മുസ്ലിംകളായി) എന്ന്. നിങ്ങളുടെ ഹൃദയങ്ങളിൽ വിശ്വാസം (നിർഭയത്വം) പ്രവേശിച്ചിട്ടില്ല” (ഖുർആൻ)
വിശ്വാസം ഉണ്ടെന്ന് പറഞ്ഞാൽ ഉണ്ടായിക്കൊള്ളണമെന്നും വിശ്വാസം ഇല്ലെന്ന് പറഞ്ഞാൽ ഇല്ലാതായിക്കൊള്ളണമെന്നും ഇല്ല എന്നർത്ഥം.
അതുകൊണ്ടാണ് ഖുർആൻ വേറൊരു കോലത്തിൽ ഇങ്ങനെയും പറഞ്ഞത്:
“വിശ്വാസികളെ നിങ്ങൾ വിശ്വസിക്കുക (നിർഭയരാവുക)” (ഖുർആൻ)
വിശ്വാസം യഥാർത്ഥ നിർഭയത്വമായിത്തീരുന്നത് വരെ ആരും വിശ്വാസികളല്ല.
എന്നിരുന്നാലും, താങ്കളുടെ ചോദ്യങ്ങൾക്ക് നൽകേണ്ട സത്യസന്ധമായ ഉത്തരം എന്ന നിലക്ക് ഒന്നുറപ്പിച്ച് പറയാം:
ഈയുള്ളവന്റെ വിശ്വാസവും അവിശ്വാസവും മനസ്സാക്ഷിയോട് നീതിപുലർത്തുന്നത് മാത്രം.
നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾ വെച്ച്, ആത്മപ്രസക്തിചിന്തയും പ്രശസ്തിചിന്തയും വെച്ച് കളംമാറ്റി ചവിട്ടുന്നതല്ല വിശ്വാസവും അവിശ്വാസവും.
ബോദ്ധ്യത പോലെ മാത്രം.
അതുകൊണ്ട് തന്നെ ഒട്ടും കുറ്റബോധപ്പെടാതെ.
സത്യാന്വേഷണത്തിന് വേണ്ടി, സ്വയം കുറ്റപ്പെടുത്തി ചോദ്യം ചെയ്യുന്നതല്ലാതെ, മാറിമാറി ആവുന്നതല്ലാതെ.
“നിശ്ചയമായും അല്ലാഹു (യഥാർത്ഥത്തിൽ ഉള്ളത്) നിങ്ങളുടെ ശരീരത്തിലേക്കും കോലത്തിലേക്കും (ബാഹ്യമായ അവകാശവാദങ്ങളിലേക്കും സംഗതികളിലേക്കും) നോക്കുന്നില്ല. അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്.” (ഖുർആൻ)
അല്ലാഹുവിലുള്ള (യഥാർത്ഥത്തിലുള്ളതിലുള്ള) വിശ്വാസവും അല്ലാഹുവുമായുള്ള ബന്ധവും ഒരാൾ എങ്ങനെ കൊണ്ടുനടക്കുന്നു എന്നത് അയാൾ എങ്ങനെയെല്ലാം പരസ്യപ്പെടുത്തിയാലും മറ്റൊരാൾക്ക് മനസ്സിലാവുന്ന ഒന്നല്ല.
അതുകൊണ്ടാണ് ആത്മനിഷ്ഠം എന്ന് തീർത്തുപറഞ്ഞത്.
“അല്ലാഹിവിന് അവയിലെ മാംസമോ രക്തമോ കിട്ടുന്നില്ല. അല്ലാഹുവിന് കിട്ടുന്നത് നിങ്ങളിൽ നിന്നുള്ള സൂക്ഷ്മതാബോധം മാത്രമാണ്“ (ഖുർആൻ)
ഈ സൂക്ഷ്മതാബോധം എന്ന തഖ്വയാണ് വ്രതം അനുഷ്ഠിക്കുന്നത് കൊണ്ട് നേടണമെന്ന് ഖുർആൻ ലക്ഷ്യമാക്കി പറഞ്ഞത്.
ഈ സൂക്ഷ്മതാബോധം എന്ന തഖ്വയാണ് മാർഗ്ഗദർദനം നേടാനുള്ള ഏക ആയുധവും ആധാരവും ആക്കിയത്.
അലിഫ് ലാം മീം. ആ ഗ്രന്ഥം, അതിൽ സംശയമില്ല, സൂക്ഷ്മതാബോധം ഉള്ളവർക്കാണ് മാർഗ്ഗദർശനം.” (ഖുർആൻ)
അയാളും ഉണ്ടെങ്കിൽ ഉള്ള ദൈവവും തമ്മിലുള്ളത് സൂക്ഷ്മതാബോധം, അയാളും ഉണ്ടെങ്കിൽ ഉള്ള ദൈവവും മാത്രം അറിയേണ്ടത്, അറിയുന്നത് സൂക്ഷ്മതാബോധം.
പരസ്യപ്പെടുത്തുന്നത്രയും ഇല്ലാതായിപ്പോകുന്നത്. കാറ്റത്തെ പരസ്യപ്പെടുത്തുന്നത്രയും പൊടിപടലം കണക്കെ ഇല്ലാതായിപ്പോകുന്ന അവകാശവാദവും പരസ്യവാചകവും ആവുമെന്ന് മാത്രം.
ഉള്ളുപൊള്ളയായ, പുറംമോഡി മാത്രമായ, ഉള്ളിലുള്ളതുമായി ഒരു ബന്ധവും ഇല്ലാത്ത അവകാശവാദവും പരസ്യവാചകങ്ങളും.
“അറിയുക: നിങ്ങളിലൊരു ഭാഗമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി. അറിയുക: അതാണ് ഹൃദയം.” (ഹദീസ്).
അറിയാമല്ലോ, ഇസ്ലാംകാര്യങ്ങൾ എന്നറിയപ്പെടുന്ന അഞ്ച് കാര്യങ്ങളിൽ ഒന്നാമത്തേത് ഷഹാദത്ത്.
“ഷഹാദത്ത്” ദൈവത്തെ (കാണുന്നത്ര) സാക്ഷ്യംവഹിക്കാനാവുന്നത്ര വളർന്നവൻ നടത്തുന്ന, അങ്ങനെയുള്ളവന് മാത്രം നടത്താനാവുന്ന സാക്ഷ്യപ്പെടുത്തലാണ്.
വെറും വെറുതെ വിശ്വസിക്കാനും വിശ്വസിച്ചെന്ന് പറയാനും, ജനസംഖ്യാരജിസ്റ്ററിൽ വരുന്ന വെറും സാമൂഹ്യ-സാമുദായിക മുസ്ലീമാവാനും അല്ല ആവശ്യപ്പെട്ടത്.
ഒരുപക്ഷേ അങ്ങനെ വെറും ജനസംഖ്യാരജിസ്റ്ററിൽ വരുന്ന വെറും സാമൂഹ്യ-സാമുദായിക മുസ്ലീമാവാതിരിക്കാനാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഏറ്റവും ആദ്യത്തേതായ ഷഹാദത്ത് നിർബന്ധമാക്കുന്നതിലൂടെ ഉദ്ദേശിച്ചത്, ആവശ്യപ്പെട്ടത്.
സാക്ഷ്യം (ഷഹാദത്ത്) എന്താണെന്നറിയാമല്ലോ?
കണ്ണുകൊണ്ട് കണ്ടു എന്ന് വരിക, ആ കണ്ടത് പറയുക.
കണ്ട് പറയുന്നത് മാത്രമേ സാക്ഷ്യമാവൂ. ശഹാദത്താവൂ.
അഥവാ കാണുന്നത് പോലെ തന്റെ ബോധ്യത്തിലും ബോധതലത്തിലും അല്ലാഹുവെന്ന യാഥാർത്ഥ്യം വരിക.
“നീ അല്ലാഹുവിന് അടിമപ്പെടുക (അല്ലാഹുവിനേ അനുസരിച്ച് വിധേയപ്പെട്ട് ആരാധിക്കുക). (ഏത് പോലെ?) നീ അവനെ (നേരിട്ട്) കാണുന്നത് പോലെ“ (ഹദീസ്)
അല്ലാഹുവിനെ കണ്ടുമുട്ടുന്നത്ര, കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നത്ര ഇരോരുത്തനും അവന്റെ അന്വേഷണവും അധ്വാനവും വളരണം.
“ആരെങ്കിലും അവന്റെ റബ്ബിനെ (ഘട്ടംഘട്ടമായി വളർത്തുന്നവനെ) കണ്ടുമുട്ടാൻ (തന്റെ റബ്ബുമായി കളിചിരി പറയാനാകുംവിധം കണ്ടുമുട്ടാൻ) കൊതിക്കുന്നുണ്ടെങ്കിൽ അവൻ അതിന് പറ്റിയ പണി (അമൽ സ്വാലിഹ്) ചെയ്യട്ടെ. അവന്റെ റബ്ബിന് അടിമപ്പെടുന്നതിൽ (കീഴ്പ്പെടുന്നതിൽ) അവൻ പങ്ക് ചേർക്കാതെയുമിരിക്കട്ടെ.” ( ഖുർആൻ)
എന്നുവെച്ചാൽ തീർത്തും വ്യക്തിപരവും ആത്മനിഷ്ഠവുമായ കാര്യം.
ഇതൊക്കെയാണ് മുഖവുരയായി പറയാനുള്ളതെങ്കിലും താങ്കളുടെ ചോദ്യങ്ങൾ ഒന്നൊന്നായി കൈകാര്യം ചെയ്യാം?
ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാനുള്ള ഒഴിവുകാഴുകളല്ല മേൽപറഞ്ഞതൊന്നും.
*********
ചോദ്യം 1. ഈയുള്ളവൻ ഒരു മതവിശ്വാസിയാണോ?
താങ്കൾ ചോദിച്ചത് ഈയുള്ളവൻ മതവിശ്വാസിയാണോ എന്നാണ്.
ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ വിശ്വസിക്കുന്ന ദൈവവിശ്വാസിയാണോ, അതല്ലെങ്കിൽ ഉണ്ടെങ്കിൽ ഉള്ള സത്യത്തെ വിശ്വസിക്കുന്ന സത്യവിശ്വാസിയാണോ എന്നല്ല താങ്കൾ ചോദിച്ചത്.
എങ്ങനെയാണ് ഒരാളുടെ ദൈവവിശ്വാസത്തെ വേറൊരാൾ അളക്കുക, അത് ഒരാൾ മറ്റുള്ളവരോട് പറയുക എന്നത് ഈയുള്ളവന് മനസ്സിലാവുന്നില്ല.
അദൃശ്യത്തിലുള്ള വിശ്വാസവും അദൃശ്യമാണ്.
അദൃശ്യത്തിലുള്ള വിശ്വാസം കരഗതമാവാൻ അനേഷണാത്മകമായ, യഥാർത്ഥ മാർഗ്ഗദർശംനം നൽകുന്ന സൂക്ഷ്മതാബോധം വേണം.
പലതും പലതല്ലെന്നും ഒന്നുമല്ലെന്നും മനസ്സിലാക്കിത്തരുന്ന മൈക്രോസ്കോപ്പിക് സൂക്ഷ്മതാബോധം.
ചിലത് നേടാൻ പലതും നഷ്ടപ്പെടൽ നിർബന്ധമാക്കുന്ന സൂക്ഷ്മതാബോധം.
അങ്ങനെ ദൈവത്തെ ദൈവമായി അറിയുന്ന, സ്വന്തം നിസ്സഹായതയും നിസ്സാരതയും തൊട്ടറിയുന്നആരാണ് ദൈവത്തിൽ വിശ്വസിക്കാതിരിക്കുക?
ദൈവത്തിലുള്ള വിശ്വാസം ദൈവമോ മറ്റാരെങ്കിലുമോ ആവശ്യപ്പെടുന്നത് കൊണ്ട് ഉണ്ടാവുന്നതും ഊണ്ടാവേണ്ടതും അല്ല.
അത് ആഴങ്ങളിൽ വേരുകൾ പോകുന്ന മരത്തിലെ കൊമ്പുകൾ ഉയരത്തിലേക്ക് പോകും പോലെ സംഭവിക്കുന്നതാണ്.
കൂട്ടിലേക്കുള്ള പക്ഷിയുടെ മടക്കം പോലെ വിശ്വാസം സംഭവിച്ചു പോകുന്നതല്ലേ?
പിന്നേയും താങ്കൾ ചോദിക്കുന്നു:
ദൈവവിശ്വാസി ആണെങ്കിലും അല്ലെങ്കിലും സത്യവിശ്വാസി ആണെങ്കിലും അല്ലെങ്കിലും എന്തുകൊണ്ട്?
ഒരൊറ്റ ഉത്തരം: ദൈവം ഉണ്ടെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിൽ, എന്നിട്ട് ആ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ദൈവവിശ്വാസിയാവുന്നു. അത്രമാത്രം.
സത്യമുണ്ടെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിൽ എന്നിട്ട് ആ സത്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ സത്യവിശ്വാസിയാവുന്നു. അത്രമാത്രം.
സത്യവും ദൈവവും സത്യവും ദൈവവുമായി ഉണ്ടെന്നറിഞ്ഞാൽ പിന്നെ ആരുണ്ടാവും സത്യത്തെയും ദൈവത്തെയും നിഷേധിക്കാൻ?
അറിയാത്തത് നിഷേധമല്ല.
യഥാർത്ഥിൽ അറിയാത്തതാണ്, നിഷേധമല്ല.
അറിയാത്തതിനെയാണ് നിങ്ങൾ നിഷേധമെന്ന് വിളിക്കുന്നത്.
നിങ്ങൾ നിഷേധമെന്ന് വിളിക്കുന്ന അറിയായ്ക മാത്രമായ നിഷേധത്തിന് കാരണം അറിയായ്ക മാത്രമാണ്.
ആ അറിയായ്ക നിഷേധം തന്നെയല്ല.
അറിയാത്തത് അറിയില്ലെന്ന് പറഞ്ഞ് നിഷേധിക്കുന്നത് നിഷേധമല്ല.
അറിയാത്തത് അറിയാമെന്ന് പറയുന്നത് വിശ്വാസവും അല്ല.
അത്രയാണ്, അത്രക്കാണ് അവന്റെ അറിവും അറിവുകേടും എന്നതാണ് ആ നിഷേധവും വിശ്വാസവും.
ശരിക്കും സത്യസന്ധമായും ബോധ്യപ്പെടുന്നത് വിശ്വസിക്കുന്നതാണ് വിശ്വാസം.
മനസ്സാക്ഷിയിൽ സത്യസന്ധനായിക്കൊണ്ട് നടക്കുന്ന വിശ്വാസവും നിഷേധവും ഒന്ന് തന്നെ, ഒരേപോലെ വിശ്വാസം തന്നെ.
ഈയുള്ളവൻ മതവിശ്വാസിയല്ല.
ദൈവവും സത്യവും മതത്തിനും അപ്പുറമാണ്.
ദൈവവും സത്യവും മതം ആവശ്യമില്ലാത്തത്, മാർക്കറ്റിംഗ് ആവശ്യമില്ലാത്തത്.
ദൈവവിശ്വാസിയും സത്യവിശ്വാസി നിർബന്ധമായും ഒരു മതവിശ്വാസി ആകണമെന്നില്ല.
ദൈവം ഒന്നിലും എവിടെയും ചുരുങ്ങുന്നില്ല.
ഈയുള്ളവനെ സംബന്ധിച്ചേടത്തോളം ഇസ്ലാം ഒരു മതവും അല്ല.
ഇസ്ലാം എന്നാലും ദീൻ എന്നാലും മതം എന്ന അർത്ഥവും ഇല്ല.
ദീൻ എന്നാൽ വഴക്കം, താഴുക എന്ന് മാത്രം അർത്ഥം. ദാന, യദീനു, ദീൻ.
ഇസ്ലാം എന്നാൽ സമർപ്പണം, സമാധാനം കൊള്ളൽ. അസ്ലമ, യുസ്ലിമു, ഇസ്ലാം.
അല്ലാഹുവെന്ന യാഥാർത്ഥ്യത്തിന് താഴ്ന്നു കൊടുക്കുന്നതാണ്, വഴങ്ങുന്നതാണ് ദീൻ. സമർപ്പിക്കുന്നതാണ് ഇസ്ലാം.
ദൈവത്തിനുള്ള വഴക്കവും വിധേയത്വവുമാണ് താങ്കൾ മതവിശ്വാസം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ, നിർവ്വാഹമില്ലാതെ, തീർത്തും നിസ്സഹായമായി തന്നെ, ദൈവത്തിന് വഴങ്ങിയും വിധേയപ്പെട്ടും മാത്രമേ ഈയുള്ളവനെന്നല്ല ആർക്കും (നിഷേധിക്കുന്നവനു പോലും) അറിയാതെയും അറിഞ്ഞും, തെരഞ്ഞെടുത്തും തെരഞ്ഞെടുക്കാതെയും ആവാൻ പറ്റുകയുള്ളൂ.
ചോദ്യം 2. താങ്കൾ മക്കളെ മദ്രസയിൽ അയച്ചു പഠിപ്പിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ എന്ത് കൊണ്ട്?
ഉത്തരം:
ഈ ചോദ്യം ഒരുതരം തെറ്റിദ്ധാരണയിൽ നിന്ന് കൂടി ഉണ്ടാവുന്നതാണ്. മദ്രസയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന തെറ്റിദ്ധാരണയിൽ.
മുസ്ലിം ആവാൻ മദ്രസയിൽ പോകുക നിർബന്ധമാണെന്ന തെറ്റിദ്ധാരണയിൽ നിന്ന്.
മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് ഓരോരുത്തരും മുസ്ലിം ആകുമെന്നും, അങ്ങനെ മുസ്ലിമായി ജനിച്ചതിനെ തുടർത്താൻ മദ്രസയിൽ പോകുക നിർബന്ധമാണെന്നും ഉള്ള തെറ്റിദ്ധാരണയിൽ നിന്ന്.
ഈയുള്ളവൻ മക്കളെ മദ്രസയിൽ അയച്ചിട്ടില്ല, പഠിപ്പിച്ചിട്ടില്ല.
എന്തുകൊണ്ട്?
ഒരുനിലക്കും ആവശ്യമാണെന്ന് തോന്നിയിട്ടില്ലാത്തത് കൊണ്ട്.
ഈയുള്ളവൻ തന്നെയും മദ്രസയിൽ പോയിട്ടില്ല, പഠിച്ചിട്ടില്ല.
ഒരർത്ഥത്തിൽ, അങ്ങനെ തന്നെ ഉദ്ദേശിക്കാതെ, ഓർക്കാതെ ഈയുള്ളവന്റെ പിതാവ് ചെയ്തത് തന്നെ ഈയുള്ളവനും ചെയ്തു.
ഈയുള്ളവന്റെ പിതാവ് ഈയുള്ളവനും മദ്രസയിൽ അയച്ചിരുന്നില്ല.
അക്കാര്യത്തിൽ ഈയുള്ളവന്റെ പിതാവ് പറഞ്ഞതായും ഈയുള്ളവൻ കേട്ടതായും ഓർക്കുന്നു:
“കുട്ടികളുടെ മനസ്സ് വെള്ളക്കടലാസ് പോലെ.
“അതിൽ ആദ്യമേ എന്തും ആർക്കും വരച്ചും കോറിയും ഇടാം.
“പിന്നീട് എത്രയെല്ലാം മായിച്ചാലും ആദ്യം എഴുതിയതിന്റെ അംശം അവിടെ തന്നെ കിടക്കും.”
മായിക്കുന്നത്രയും കടലാസ് വൃത്തികെടുന്നു.
മായിക്കുന്നത്രയും മായ്ക്കുകയല്ല; പകരം കടലാസിനെ ഇല്ലാതാക്കുജയും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.
മദ്രസയിൽ എന്തിന് പഠിപ്പിക്കണം എന്നറിയാത്തത് കൊണ്ട് കുട്ടികളെ മദ്രസയിലേക്ക് അയച്ചിട്ടില്ല.
മദ്രസയിൽ വെച്ച് ഒന്നും ആരും പഠിക്കുന്നുമില്ല, പഠിപ്പിക്കുന്നുമില്ല എന്നും മനസ്സിലാക്കിയതിനാൽ കുട്ടികളെ മദ്രസയിലേക്ക് അയച്ചിട്ടില്ല.
കുട്ടികളെ എന്തെങ്കിലും പഠിപ്പിക്കാനറിയുന്ന, യോഗ്യതയും കാര്യവിവരവുമുള്ള ഒരാളും ഇവിടങ്ങളിലുള്ള ഒരു മദ്രസയിലും ഇല്ലെന്നറിയുന്നതിനാലും കുട്ടികളെ മദ്രസയിലേക്ക് അയച്ചിട്ടില്ല.
മദ്രസയിൽ പഠിക്കുന്ന സമയമത്രയും നഷ്ടപ്പെടുന്ന സമയമാണെന്ന് അറിയുന്നതിനാൽ.
മദ്രസയുടെ കാര്യത്തിൽ മാത്രമല്ല, സ്കൂളുകളുടെ കാര്യത്തിലും ഈയുള്ളവന്റെ നിലപാട് ഇത് തന്നെയായിരുന്നു.
വേണ്ടെന്ന് തോന്നിയ, അനാവശ്യമെന്ന് തോന്നിയ, സമയം കളയലാണെന്ന് തോന്നിയ, കുട്ടികൾക്ക് കൂടി അങ്ങനെ തോന്നിയ ആദ്യഘട്ടത്തിൽ തന്നെ ഈയുള്ളവൻ കൂട്ടികളുടെ കൂടി ഇഷ്ടപ്രകാരം ആവത് സ്കൂളിലും അയച്ചിരുന്നില്ല.
വിദ്യാഭ്യാസം തുടർത്താനുള്ള മറ്റ് നടപടികൾ എടുത്ത് കൊണ്ട് തന്നെ.
പലപ്പോഴും വെറും അധ്യാപകതൊഴിലാളികളെ മാത്രമല്ലാതെ, ബുദ്ധിപരമായും വൈജ്ഞാനികമായും പഠിക്കേണ്ട കുട്ടികളുടെ നിലവാരം പോലും പഠിപ്പിക്കുന്ന അധ്യാപകരിൽ കണ്ടിരുന്നുമില്ല.
അല്ലെങ്കിലും ഇവിടെയുള്ള മദ്രസകളിൽ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഇസ്ലാമുമായും ദൈവവിശ്വാസവുമായും തമ്മിലെന്ത് ബന്ധം?
ആവശ്യമുള്ളതെന്ന് തോന്നുന്ന വിദ്യ വീട്ടിൽ നിന്ന് കൊടുക്കാനാവും എന്നുണ്ടെങ്കിൽ, സാമൂഹ്യവൽക്കരണം എന്നതൊഴിച്ചുവെച്ചാൽ, സാമുദായികവൽക്കരണമല്ല ഉദ്ദേശിച്ചത്, സ്കൂളിൽ അയക്കുന്നത് പോലും അനാവശ്യമാണ് എന്ന് കരുതുന്നവനും, ആവുന്നത്രയും കുട്ടികളെ അങ്ങനെ തന്നെ വളർത്താൻ ശ്രമിച്ചവനും ആണ് ഈയുള്ളവൻ.
ചോദ്യം 3. താങ്കൾ നിസ്കരിക്കാറുണ്ടോ ജുമാക്ക് പോവാറുണ്ടോ ഇല്ലെങ്കിൽ എന്തുകൊണ്ട്?
മേൽപ്പറഞ്ഞത് പോലെ ഷഹാദത്ത് ശരിക്കും ഷഹാദത്ത് തന്നെയായി വളർന്നിട്ടുണ്ടെങ്കിൽ സ്വലാത്ത് അതിന്റെ തുടത്തയായി സംഭവിക്കും.
“തീർച്ചയായും നിസ്കാരം എന്നെ ഓമ്മക്കാനാണ്.” ( ഖുർആൻ)
ദൈവത്തെ എപ്പോഴും ഓർമ്മയിലും ബോധത്തിലും കുടിയിരുത്തി കൊണ്ടുനടക്കുന്നവൻ എപ്പോഴും നിസ്കരിക്കുന്നവൻ എന്നർത്ഥം.
സ്വലാത്ത് സാധാരണ അർത്ഥത്തിൽ പൊതുജനം മനസ്സിലാക്കുന്ന പ്രാർത്ഥനയല്ല.
അറിയാമല്ലോ, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലും സാധാരണ അർത്ഥത്തിൽ പൊതുജനം മനസ്സിലാക്കുന്ന പ്രാർത്ഥനയില്ല.
ആകയാലുള്ള ഏക പ്രാർഥനയെന്ന് കണക്കാക്കാവുന്ന ഒരു കാര്യമുള്ളത് നിസ്കാരത്തിൽ മാത്രമാണ്.
അതാണെങ്കിൽ ഭൗതികമായ അർഥത്തിലുള്ള ഒരു പ്രാർത്ഥനയല്ല.
പകരം നേരായ വഴി അന്വേഷിക്കക മാത്രം.
“തീർച്ചയായും നിസ്കാരം മ്ലേച്ഛമായവയിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും തടഞ്ഞുനിർത്തുനു.” (ഖുർആൻ)
ദൈവത്തെ കാണുന്നവൻ, ആ ദൈവത്തെ കാണുന്നുവെന്ന് സാക്ഷ്യം പറയുന്നവൻ എപ്പോഴും ഡൈകത്തിന്റെ മുന്നിലാണ്.
ദൈവത്തിന്റെ മുന്നിലാണ് താനെന്ന് അറിഞ്ഞ് കരുതുമ്പവൻ ആ ദൈവത്തിന്റെ മുന്നിൽ വെച്ച് എങ്ങിനെ മ്ലേച്ഛമായവയിലും നിഷിദ്ധങ്ങളിലുംപോയി പെടും.
അങ്ങനെ മ്ലേച്ഛമായവയിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും മാറിനിൽക്കുന്നവൻ എപ്പോഴും നിസ്കാരത്തിലാണ് എന്ന് സാരം.
മ്ലേച്ഛമായവയിൽ നിന്നും നിഷിദ്ധങ്ങളിൽ നിന്നും മാറിനിൽക്കാനാവാത്ത നിസ്കാരം നിസ്കാരമല്ലെന്നർത്ഥം.
ഖുർആനിൽ എവിടെയും നിസ്കരിക്കാത്തവന് നരകം എന്ന് നേർക്കുനേർ എഴുതിവെച്ചിട്ടില്ല.
അതേസമയം ഇതേ ഖുർആനിൽ നിസ്സരിക്കുന്നവന് നരകം എന്ന് നേർക്കുനേർ എഴുതിവെച്ചിട്ടുമുണ്ട്.
“നിസ്കരിക്കുന്നവർക്കാണ് (ഏറ്റവും മോശമായ) നരകം” (ഖുർആൻ)
എന്തുകൊണ്ട് ഖുർആൻ ഇങ്ങനെ പറഞ്ഞു?
താങ്കൾ ചോദിച്ചത് പോലെ ചോദിക്കുമ്പോൾ ഉത്തരം നൽകാൻ വേണ്ടി അവ്വിധത്തിലുള്ള നിസ്കരിക്കുന്നവർ ഉണ്ടാകരുത് എന്നതിനാൽ.
ഖുർആൻ തന്നെ, മേൽപഞ്ഞ സൂക്തത്തിന് തൊട്ടുശേഷം തന്നെ അത് വ്യക്തമാക്കി:
“ അവർ അവരുടെ നിസ്കാരത്തെ തൊട്ട് അശ്രദ്ധരാണ്. (ഖുർആൻ)
(യാന്ത്രികമായി ഡ്യൂടി പോലെ നിസ്സരിക്കുന്നവരാണ് എന്നർത്ഥം)
“അവർ (ജനങ്ങളെ) കാണിക്കാൻ വേണ്ടി നിസ്കരിക്കുന്നവരാണ്.” (ഖുർആൻ)
(അങ്ങനെ സാമൂഹ്യ സാമുദായിക മുസ്ലീം ആവാൻ വേണ്ടി നിസ്കരിക്കുന്നവരാണ് എന്നർത്ഥം.)
“അവർ (അങ്ങനെ നിസ്കാരം കൊണ്ട് സാമുദായികരായി, സാമുദായികമായി മുസ്ലിം മാത്രമായി ചിന്തിച്ച്) പരോപകാരം തടയുന്നവരുമാണ്.” (ഖുർആൻ)
ആരോ പറഞ്ഞ സമയത്ത്, ആരോ പറഞ്ഞ കോലത്തിലും ഭാഷയിലും ഉള്ളടക്കത്തിലും മാത്രംനടക്കുന്ന ഏത് പരിപാടിയും പ്രാർത്ഥനയും ആരാധനാകർമ്മങ്ങളും യാന്ത്രികമാവും, വെറുംകാണിച്ചുകൂട്ടലാവും, അശ്രദ്ധമാവും.
വളരെ സ്വാഭാവികം.
പ്രാർത്ഥന സംഭവിച്ചുപോക്കാണ്.
തപിക്കുന്ന വെള്ളത്തിൽ നിന്നും ആവിപറക്കുന്നത് പോലെ സംഭവിച്ചുപോക്കാണ് പ്രാർത്ഥന.
ഉള്ളിൽതട്ടി തോന്നിയ ആവശ്യം പോലെ സംഭവിക്കും പ്രാർത്ഥന.
ഭ്രാന്തൻ നായയെ കണ്ട് പേടിച്ച് രക്ഷതേടി ഓടുന്നത് പോലെ സംഭവിക്കും പ്രാർത്ഥന.
അരക്ഷയിൽ കുടുങ്ങിയവൻ രക്ഷതേടിപ്പോകുന്നത് പോലെ സംഭവിക്കും പ്രാർത്ഥന.
രക്ഷയെ കുറിച്ചും രക്ഷപ്പെടുത്തുന്നവനെ കുറിച്ചും അറിയാമെങ്കിൽ, രക്ഷ വേണമെന്ന് ശരിക്കുംതോന്നുന്നുമുണ്ടെങ്കിൽ ആരാണ് പ്രാർഥിക്കാതിരിക്കുക.
ആരിൽ നിന്നായാലും ഏന്തായാലും പ്രാർത്ഥന സംഭവിക്കും.
പക്ഷേ, കൽപ്പിച്ച് ചെയ്യിപ്പിച്ചാൽ ഉണ്ടാവുന്നതല്ല ആ പ്രാർത്ഥന.
കൽപ്പിച്ച് ചെയ്യിച്ചാൽ സംഭവിക്കുക മേൽ ഖുർആൻ സൂക്തം സൂചിപ്പിച്ചത് പോലെ യാന്ത്രികമായുംഅശ്രദ്ധമായും നടക്കുന്ന ആചാര-അനുഷ്ഠാന കാണിച്ചുകൂട്ടൽ.
കൽപ്പിച്ച് ചെയ്യിപ്പിക്കുന്നത് സാമൂഹ്യസംഘാടനത്തിനും ഒരുമിപ്പിക്കലിനും നല്ലതായിരിക്കും.
വ്യക്തിപരമായ ബോധ്യത വെച്ച് ചെയ്യുന്നത് പോലെ ആവില്ല കല്പനയെ പേടിച്ച് ചെയ്യുന്ന ഒന്നും.
സാമൂഹ്യനായാൽ മാത്രം നന്നാവുന്ന, സാമൂഹ്യനാവാൻ മാത്രം നന്നാവുന്ന മഹാഭൂരിപക്ഷത്തിനുംകൽപ്പിച്ച് ചെയ്യുന്നത് ബാധകം.
അല്ലെങ്കിൽ താങ്കളൊന്ന് ചിന്തിച്ചുനോക്കൂ:
ദൈവത്തെ ദൈവമായി അറിയുന്ന, സ്വന്തം നിസ്സഹായതയും നിസ്സാരതയും തൊട്ടറിയുന്ന ആരാണ്ദൈവത്തെ ആരാധിച്ചും പ്രകീർത്തിച്ചും പരിശുദ്ധപ്പെടുത്തിയും മഹത്വപ്പെടുത്തിയുംപോകാതിരിക്കുക??!!
ദൈവത്തെ ദൈവമായി അറിയുന്നവൻ അത്ഭുതപരതന്ത്രനായി അന്തംവിട്ട് ആരാധിച്ചുംപ്രകീർത്തിച്ചും പരിശുദ്ധപ്പെടുത്തിയും മഹത്വപ്പെടുത്തിയും പോകലാണ്.
തീർത്തും ആത്മനിഷ്ഠമായി, സ്വാഭാവികമായി.
കൊതുക് കടിച്ചാൽ ചൊറിഞ്ഞുപോകുന്നവൻ,
മിന്നേറ് കണ്ടാൽ പേടിച്ച് കണ്ണടച്ചുപോകുന്നവൻ,
ദൈവത്തെ ദൈവമായി അറിഞ്ഞാൽ മാത്രം പിന്നെങ്ങിനെ പ്രതിപ്രവർത്തനം പോലെ അന്തംവിട്ട്വീഴാതിരിക്കും??!!
അറിയാമല്ലോ, ഖുർആനിൽ എവിടെയും നിസ്കരിക്കാൻ വ്യക്തിപരമായി കല്പനയില്ല.
ഖുർആനിൽ ഉള്ള കൽപന നിസ്കാരം നിലനിർത്താനും, സ്ഥാപിക്കാനുമാണ്.
“അഖീമുസ്സ്വലാത്ത” എന്നതാണ് ഖുർആന്റെ ഇക്കാര്യത്തിലെ ഉടനീളമുള്ള പ്രയോഗം.
നിസ്കാരം നിലനിർത്താനും, സ്ഥാപിക്കാനും ഉള്ള കല്പന.
അതേസമയം, ഖുർആനിൽ വ്യക്തിപരമായി ചെയ്യാൻ കല്പിച്ച ഒരു പ്രധാന കാര്യമുണ്ട്.
ഒറ്റക്ക് തന്നെ ഭൂമിയിൽ ചുറ്റിസഞ്ചരിക്കുംവിധം യാത്രചെയ്യാൻ.
കാര്യസാധ്യത്തിനും കച്ചവടത്തിനും ജോലിക്കും സാധനങ്ങൾ വാങ്ങാനും നടത്തുന്ന യാത്ര ചെയ്യാനല്ല ഖുർആൻ ആവധ്യപ്പെട്ടത്.
കാര്യസാധ്യത്തിനും കച്ചവടത്തിനും ജോലിക്കും സാധനങ്ങൾ വാങ്ങാനും നടത്തുന്ന യാത്ര “സഫർ” എന്നതാണ് അറബി ഭാഷയിലെ പ്രയോഗം.
ഖുർആൻ യാത്ര ചെയ്യാൻ നടത്തിയ കൽപനയിൽ സഫർ എന്ന വാക്കല്ല. സഫർ എന്ന വാക്കിന്റെ കല്പന ക്രിയയല്ല ഉപയോഗിച്ചത്.
ഖുർആൻ സെയ്ർ എന്ന വാക്കിന്റെ കല്പന ക്രിയയായ സീറൂ എന്ന വാക്കാണ് ഉപയോഗിച്ചത്.
ഭൂമിയിൽ ചുറ്റിസഞ്ചരിക്കാൻ ഖുർആനിൽ പലതവണ കല്പനകളായി നൽകിയിട്ടുണ്ട്.
എത്രത്തോളമെന്നാൽ, പ്രപഞ്ച സൃഷ്ടിപ്പിന്റെ തുടക്കവും അതിന്റെ പുനഃസൃഷ്ടി എങ്ങനെയായിരിക്കും എന്നുവരെ ഭൂമിയിൽ ചുറ്റിസഞ്ചരിച്ച് മനസ്സിലാക്കാൻ ഖുർആൻ ഓരോരുത്തനോടും നടത്തുന്ന വ്യക്തിപരമായ കല്പനകൾ ഉണ്ട്.
ചോദ്യം 4. ആറാം നൂറ്റാണ്ടിൽ മുഹമ്മദിലൂടെ അള്ളാ രചിച്ച ഖുർആൻ കാലിക പ്രസക്തി ഉള്ളഒന്നാണെന്ന് കരുതുന്നുണ്ടോ? അതു മാറ്റങ്ങൾക്ക് അതീതമല്ലേ എന്തുകൊണ്ട്?
ഉത്തരം: ഖുറാനെ കുറിച്ച ഈ ചോദ്യത്തിന് എങ്ങനെ മറുപടി പറയണം എന്നറിയില്ല.
ആരെയും ഈ ചോദ്യം കുറച്ച് പലദിശകളിലും പ്രതലത്തിലും എത്തിക്കും.
ഖുർആൻ എന്തുകൊണ്ടും അതുല്യവും അമൂല്യവുമായ ഗ്രന്ഥം തന്നെയാണ്.
അറബി ഭാഷയിൽ വായിക്കുമ്പോൾ ഖുറാന്റെ ഈ അതുല്യതയും അമൂല്യതയും കൂടുതൽ ബോദ്ധ്യമാകും.
അറബ് ഭാഷയിലെ ഖുർആനിനോട് നീതിപുലർത്തുന്ന ഒരു പരിഭാഷ മറ്റൊരു ഭാഷയിലും ഉണ്ടായിട്ടില്ല എന്നത് ഖുർആന്റെ ആ ഭംഗിയും അതുല്യതയും അമൂല്യതയും സർവ്വലോകത്തിനും മനസ്സിലാകുന്നതിൽ വലിയ തടസ്സമായി നിൽക്കുന്നുണ്ട്.
ഖുർആൻ സാധാരണ ഗ്രന്ഥങ്ങളുടെ ആഖ്യാനരീതിയിൽ, അവതരണരീതിയിൽ അല്ല.
ഖുർആൻ അതിന്റെ ഭാഷ കൊണ്ടും, വിഷയങ്ങളിൽ നിന്ന് വിഷയങ്ങളിലേക്ക് പോകുന്ന രീതി കൊണ്ടും, വിഷയങ്ങൾ പറഞ്ഞുപോകുന്ന രീതി കൊണ്ടും ഒക്കെ തീർത്തും വ്യത്യസ്തമാണ്.
ഖുർആന് മനസ്സിന്റെ താളം പോലെയൊരു താളമുണ്ട്. എപ്പോഴും എങ്ങോട്ടും എന്നതാളം, വേഗം.
എങ്ങിനെ, എപ്പോഴാണ്, എത്രവേഗത്തിലാണ് ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക്ക് ആഴ്ന്നിറങ്ങി പോകുക എന്നത് മനസ്സിലാവില്ല.
ഏത് വിഷയവും എവിടെയും പറഞ്ഞുപോകുന്ന ഒരുതരം പ്രകൃതിതാളം ഖുർആനിൽ കാണാം.
ചെറുതും വലുതും, മരവും പുല്ലും മലയും ഇടകലർന്ന് നിൽക്കുന്ന രീതി ഖുർആന്റെ രീതി.
ഒന്നിന് വേണ്ടി ഒരു വിഷയം പറയാൻ വേണ്ടി മാത്രം ഒരധ്യായം, ഒന്ന് മാത്രം ഒരധ്യായത്തിൽ പറയുന്ന കൃത്രിമ പ്ലാന്റേഷൻ രീതി, അങ്ങനെയുള്ള മാനുഷികമായ അവതരണരീതി ഖുർആനിൽ കാണില്ല.
ഖുറാൻ മാത്രമല്ല ഏതൊരു ഗ്രന്ഥവും മാറ്റങ്ങൾക്ക് അതീതമാണ്.
ആരും സാധാരണഗതിയിൽ തന്റേതല്ലാത്ത ഒരു ഗ്രന്ഥത്തെ സാധാരണഗതിയിൽ മാറ്റില്ല, തിരുത്തില്ല.
പഴയത് ചരിത്രമാണ്. ചരിത്രം ചരിത്രമായി തന്നെ ഭൂത കാലമായി തന്നെ മാറാതെ നിൽക്കും. അത് ഖുർആനിനും ബാധകം.
പുതിയത് വർത്തമാനമാണ്, പഴയയിന്റെ തുടർച്ച കൂടിയായ തിരുത്താണ് വർത്തമാനം.
വർത്തമാനത്തിനും തുടർച്ചയും തിരുത്തുമായി ഭാവി ഉണ്ടാകും
ഏത് ഗ്രന്ഥത്തെ ആരാണ് നിലവിൽ മാറ്റുന്നത്?
ഗ്രന്ഥത്തെ ആരും മാറ്റില്ല.
നമുക്ക് വേണ്ടത് പുതിയത് കണ്ടെത്തുകയും രചിക്കുകയും ആണ് ചെയ്യുക.
പഴയത് മാറാതെ തന്നെ പുതിയതിന് അസ്ഥിവാരവും ആധാരവും ആകുമെന്ന് മാത്രം.
പണ്ടെഴുതിയവ ഒന്നും ഇന്ന് മാറ്റാനുള്ളതല്ല.
ഷേക്സ്പിയറും സോഫോക്ലീസും പ്ലേറ്റോയും ഒക്കെ ആരും മാറ്റാതെ കിട്ടിയത് പോലെ തന്നെയാണ്.
ആരും അങ്ങനെ തിരുത്തുകയും ഇല്ല.
ബൈബിളിന്റെ കാര്യത്തിലൊഴികെ.
അതിനെ കൈകാര്യം ചെയ്തതും ഉണ്ടാക്കിയും മാറ്റി അവതരിപ്പിക്കുന്നതും സഭയും പൗരോഹിത്യവും ആണ് എന്നതിനാൽ.
5. താങ്കളുടെ കുട്ടികൾ ദീനിയായാണോ വളരുന്നത്, അവർ മതം അനുശാസിക്കുന്ന രീതിയിൽആണോ ജീവിക്കുന്നത്?
ഉത്തരം : മാതാപിതാക്കൾ നിശ്ചയിക്കുന്നതല്ല, മാതാപിതാക്കൾ നിശ്ചയിക്കേണ്ടതല്ല ഒരു കുട്ടിയുടെയും മതവും വിശ്വാസവും.
ഓരോ കുട്ടിയും ജനിക്കുന്നത് ശുദ്ധപ്രകൃതത്തിലാണ്.
ഈ ശുദ്ധപ്രകൃതത്തെ പ്രാപഞ്ചിക വ്യവസ്ഥക്കും ശക്തിക്കും സ്വമേധയായോ അല്ലാതെയോ സമർപ്പിക്കുന്ന (ഇസ്ലാം- സമർപ്പണം) ശുദ്ധപ്രകൃതം എന്ന് കൂടി മനസ്സിലാക്കിയാൽ വേണമെങ്കിൽ എല്ലാവരും ജനിക്കുന്നത് മുസ്ലിം (സമർപ്പിച്ചവൻ) ആയി എന്ന് പറയാം.
വലുതാവുമ്പോൾ ഈ സമർപ്പണം ബോധപൂർവ്വം തെരഞ്ഞെടുപ്പായി നടക്കേണ്ട ഒന്നാണ്.
അപ്പോഴാണ് ഒരാൾ ബോധപൂർവ്വം മുസ്ലീം ആകുന്നത്.
അവിടെ മാതാപിതാക്കളില്ല.
ഒറ്റക്ക് ജീവിക്കുന്ന ഓരോരൊരുത്തനും ഒറ്റക്ക് ഉത്തരവാദിയാണ്. ഒറ്റക്ക് തന്നെ മരിക്കും.
അറിയണം: മാതാപിതാക്കൾക്കും മാതാപിതാക്കൾ ഉണ്ടായിരുന്നു.
അങ്ങനെ വിശ്വാസ ചിന്താ വിഷയങ്ങളിൽ മാതാപിതാക്കളെ മാത്രം പിന്തുടരുന്നവരായിരുന്നു എല്ലാവരുമെങ്കിൽ എങ്ങിനെ മുഹമ്മദ് നബിയും യേശുക്രിസ്തുവും ഐൻസ്റ്റീനും മാർക്സും ബുദ്ധനും ഒക്കെ ഉണ്ടാവും?
പിന്നെങ്ങിനെ മാറ്റമുണ്ടാവും, പുരോഗതി ഉണ്ടാവും?
ചിന്താപരമായ നിശ്ചലതയും സ്തംഭനവും അല്ലേ സംഭവിക്കുക?
ഖുർആൻ പറഞ്ഞത് തന്നെ ഒന്ന് കേട്ട് നോക്കുക:
“അവർ രണ്ട് പേരും (മാതാപിതാക്കൾ) നിന്നെ നിർബന്ധിച്ചാൽ: നിനക്ക് അറിവില്ലാത്ത കാര്യങ്ങളിൽ പങ്ക് ചേർക്കാൻ (വിശ്വസിക്കാൻ) അവർ രണ്ട് പേരെയും നീ അനുസരിക്കേണ്ടതില്ല. ഭൗതികജീവിത കാര്യങ്ങളിൽ നീ അവരുമായി സഹകരിക്കുക, സഹവാസം കൂടുക.” ( ഖുർആൻ).
വിശ്വാസകാര്യങ്ങൾ അവനവൻ തന്നെ കണ്ടെത്തേണ്ട കാര്യമാണ്.
ആരുമായും ഭൗതിക കാര്യങ്ങളിൽ മാത്രമേ സഹായവും സഹകരണവും വേണ്ടൂ.
ആരെയും ഭൗതിക കാര്യങ്ങളിൽ മാത്രമേ, അതും സന്ദർഭവും സാഹചര്യവും ആവശ്യമാക്കുകയാണെങ്കിൽ, അനുസരിക്കേണ്ടതുള്ളൂ, അനുസരിപ്പിക്കേണ്ടതുള്ളൂ.
വിശ്വാസപരവും ചിന്താപരവുമായ വ്യത്യാസം ഭൗതിക കാര്യങ്ങളിൽ സഹായവും സഹകരണവും നഷ്ടപ്പെടുത്തുന്ന, നിഷേധിക്കുന്ന കോലത്തിൽ പരിണമിക്കാൻ പാടുള്ളതുമല്ല.
ഇസ്ലാമികമായി തന്നെയും അതങ്ങനെയാണ്.
ഈമാനും ഷഹാദത്തും തഖ്വയും ഹിദായത്തും ഒക്കെ ഓരോരുത്തരും ഒറ്റക്ക് തന്നെ പ്രാപിക്കേണ്ട, സാധിക്കേണ്ട അവസ്ഥയാണ്.
********

.jpg)
No comments:
Post a Comment