നിങ്ങൾ പറയുക.
ഇതെന്താണ്?
നൃത്തമോ,
അതോ ഭ്രാന്തോ?
സൂഫി നൃത്തമോ,
അതല്ലെങ്കിൽ
വേറെ എന്തെങ്കിലുമോ?
*****
ഇന്ന് രാവിലെ നടക്കുന്നതിനിടെ,
വഴിയില്‍ നീളെ ടെലഫോൺ വയര്‍
പൊട്ടിക്കിടക്കുന്നത് കണ്ടു.
വഴിയില്‍ പോകുന്ന ആരുടേയും
കാലിനും വാഹനത്തിനും
കുടുങ്ങരുതല്ലോ എന്ന് കരുതി
ഈയുള്ളവന്‍ ഒന്ന്
ആ വഴിയോരത്ത് നിന്നു.
പിന്നെ അതേ വഴിയോരത്തേക്ക്
ആ വയര്‍
വലിച്ചിടാന്‍ തുടങ്ങി.
അങ്ങനെ, ആ വയര്‍
വലിച്ചിട്ടുകൊണ്ടിരിക്കെ
ദൂരെ നിന്നും അയല്‍പക്കത്തെ
ഒരു സ്ത്രീ (തമാശയില്‍)
വിളിച്ചു ചോദിച്ചു.
"ഇതെന്താ പറ്റിയത്?
ഭ്രാന്ത് വന്നോ?
"എന്താണ് നിങ്ങൾ ഇങ്ങനെ
റോഡരികില്‍ നൃത്തം ചെയ്യുന്നത്?"
ആ സ്ത്രീക്ക് ഈയുള്ളവന്‍
നൃത്തം ചെയ്യുന്നതായി തോന്നി.
അല്ലെങ്കില്‍ ഈയുള്ളവന്
എന്തോ പറ്റിയെന്ന് തോന്നി.
ഒപ്പം ഒന്ന് കൂടി തോന്നി.
അവരുടെ തമാശ
എടുത്തുപറഞ്ഞാൽ
ഈയുള്ളവന്
എന്തോ ഭ്രാന്തായോ
എന്നും തോന്നി.
(ചോദ്യം തമാശയില്‍
ആയത് കൊണ്ട്
പ്രശ്‌നമില്ല.
പ്രായോഗിക ജീവിതത്തില്‍,
നിങ്ങൾ ദുര്‍ബലനാണെങ്കിൽ
അല്ലെങ്കിൽ
വല്ലാതെ ശക്തനാണെങ്കിൽ
ഇത് തമാശയില്‍ തന്നെ
ആയിക്കൊള്ളണമെന്നില്ല.)
സംഗതി അറിയാതെ,
ആത്മാവറിയാതെ,
ഉള്ളറിയാതെ
കാണുന്നവര്‍ക്ക്,
അവരെത്ര സത്യസന്ധരായാലും
കാര്യങ്ങൾ ഇങ്ങനെയാണ്.
ഇങ്ങനെ പലതുമാണ്.
അതേ സമയം തന്നെ,
അതേ പോലെ തന്നെ,
ഇതുപോലെ,
സംഗതി അറിയാതെ,
ആത്മാവറിയാതെ,
ഉള്ളറിയാതെ,
എന്നാല്‍ എന്തോ
സംഗതിയും ആത്മാവും
ഉണ്ടെന്ന് ഊഹിക്കുന്നവര്‍ക്ക്,
കുറച്ച് കാല്‍പനികതയും
പാര്‍വ്വതീകരണവും
അതിൽ ചാലിച്ചാല്‍
ഇതേ സംഗതി
വേണമെങ്കില്‍
ഒരു സൂഫി നൃത്തമായും
മറ്റ് പലതരം ആത്മീയമായ
ഘോഷ്ടികളായും
മറ്റ് പലതായും തോന്നും.
വല്ലാതെ, ഇങ്ങനെയുള്ളവരെ
അന്ധമായി ബഹുമാനിച്ച്
ആരാധിക്കുന്നവരാണെങ്കില്‍
പ്രത്യേകിച്ചും.
അവർക്ക്, അവരുടെ
കാല്‍പനികതയിലും
അവകാശവാദത്തിലും
അതിന്റെ ഏറെയുള്ള
വ്യാഖ്യാനങ്ങളിലും
ഇത് പലതുമാവും.....
പിന്നെയും ചിലര്‍ക്ക്
നേരിട്ടറിയുന്നവര്‍ക്ക്
ഇത് വെറുമൊരു പ്രവൃത്തി.
നിത്യജീവിതത്തിലെ പ്രവൃത്തി.
ചില പ്രത്യേക
കോണില്‍നിന്ന് നോക്കുമ്പോള്‍
ന്യായമായതോ അന്യായമായതോ,
ആവശ്യമായതോ അനാവശ്യമായതോ,
ചെയ്യേണ്ടതോ ചെയ്യേണ്ടാത്തതോ
ആയ പ്രവൃത്തി.
അവരത്
ആവശ്യമോ അനാവശ്യമോ
എന്ന് കണ്ട് എതിർക്കുകയോ
പിന്തുണക്കുകയോ
മിണ്ടാതിരിക്കുകയോ ചെയ്യും.
നിഷേധിക്കുകയോ
വ്യാഖ്യാനിക്കുകയോ
ഒന്നും പറയാതിരിക്കുകയോ
ചെയത് കൊണ്ട്.
No comments:
Post a Comment