മകളെ....
എന്തേ വഴിപോക്കാ........?
കണ്ണും കാതും തുറന്നോ?
അതേ അവ തുറന്നാണ് വഴിപോക്കാ.........
അതൊരിക്കലും അടച്ചിരുന്നുമില്ല.
എങ്കിൽ,
മകള്‍ അമ്മയോട് പറയണം.
എന്ത് പറയണം വഴിപോക്കാ........?
ഈയുള്ളവന്‍
ഭൂമിയുടെ അങ്ങൊരു മൂലയില്‍
ജീവിക്കുന്നുണ്ടെന്ന്.....
ഹേ....,
അതാണോ കാര്യം?
അതെന്ത് പറ്റി
അങ്ങനെ പറയാൻ?
ഭൂമിക്കും ഒരു മൂലയോ?
അതേ...,
അങ്ങനെ പറയണം.
ജീവിക്കുന്നവർ വളരെ ചുരുക്കം.
ജീവിക്കാൻ ഒരുങ്ങുന്നവർ
മാത്രമേറെ.
പിന്നെ ഭൂമിക്കും
ഒരു മൂലയുണ്ടെന്നങ്ങ് വെക്കുക.
ആ മൂലയില്‍
അങ്ങെന്ത് ചെയ്യുകയാണ്
വഴിപോക്കാ........?
ജീവിക്കുക മാത്രം.
വെറും വെറുതെ ജീവിക്കുക.
ജീവിക്കുക മാത്രം.
ജീവിക്കാൻ വേണ്ടി
എന്ത് ചെയ്യുന്നു വഴിപോക്കാ........?
ഓഹോ....,
അങ്ങനെയോ?
അങ്ങാ മൂലയില്‍
ആകാശത്തേക്ക് പോകുന്ന
ഒരു കോണിയുണ്ട്.
അവിടെയിരുന്ന് ശ്വസിക്കുന്നു,
കുടിക്കുന്നു, തിന്നുന്നു,
വിസര്‍ജിക്കുന്നു, ഉറങ്ങുന്നു....
ഹേ...,
അതൊക്കെ തന്നെയോ
അവിടെയും ......?
അതല്ല,
ആകാശത്തേക്ക് പോകുന്ന
കോണിയോ?
അവിടെ പിന്നെന്ത് .....?
അതേ....,
ആകാശത്തേക്ക് പോകുന്ന ഒരു കോണി.
അവിടെ
ആകാശത്തേക്ക് പോകുന്ന
കോണിയുടെ അടുത്തിരുന്നുകൊണ്ട്
അങ്ങെന്ത് പ്രത്യേകിച്ച് ചെയ്യുന്നു വഴിപോക്കാ.... ?
ആകാശത്തിലേക്ക് കയറിപ്പോകുന്ന
വളരെ കുറച്ച് പേരില്‍ നിന്നും
ഭിക്ഷവാങ്ങുന്നു.
ആ ഭിക്ഷ കൊണ്ട്
സമൃദ്ധമായി
വെറും വെറുതെ
ജീവിക്കുന്നു.
ഓഹോ,
അങ്ങനെയോ?
അതേ...,
അപ്പോൾ പിന്നെ
വഴിപോക്കന്‍ പോകട്ടെ....
പോയിക്കൊള്ളൂ
വഴിപോക്കാ......
പക്ഷെ,
മോള് അമ്മയോട് പറയാൻ
മറക്കേണ്ട.
എന്ത്?
ഭൂമിയുടെ ഒരു മൂലയില്‍
ആകാശത്തേക്ക് പോകുന്ന
കോണിയുടെ ചാരെയിരുന്ന്
ഈ വഴിപോക്കന്‍
കയറിപ്പോകുന്നവരില്‍ നിന്നും
ഭിക്ഷവാങ്ങി
സമൃദ്ധമായി
വെറും വെറുതെ
ജീവിക്കുന്നുണ്ടെന്ന്.
No comments:
Post a Comment