Saturday, February 27, 2021

ഇന്ത്യൻ സെലിബ്രിറ്റികള്‍. കേരളത്തിലേതടക്കം. അവർ ശരിക്കും താരങ്ങളാണോ?

ഇന്ത്യൻ സെലിബ്രിറ്റികള്‍.

കേരളത്തിലേതടക്കം.


അവർ ശരിക്കും

താരങ്ങളാണോ?


എല്ലാവരും കരുതുന്നത്‌ പോലെ

അവര്‍ ആകാശത്ത്

സ്വതന്ത്രമായി വെട്ടിത്തിളങ്ങുന്ന,

സ്വതന്ത്രാസ്തിത്വമുള്ള

ആവിഷ്കാര സ്വാതന്ത്ര്യമുള്ള,

ഏതെങ്കിലും വിഷയങ്ങളില്‍

സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള,

ജീവിതം ആഘോഷമാക്കുന്ന

നക്ഷത്ര താരങ്ങളാണോ


അല്ലെന്ന് തോന്നിപ്പോകുന്നു.


പകരമവർ,

ആരുടെയൊക്കെയോ

കാലിനടിയില്‍

ഞെരിഞ്ഞമരുന്ന

ഉറുമ്പുകളും പുഴുക്കളും

ആണെന്നും തോന്നിപ്പോകുന്നു.


മസിലുപിടിച്ച്

ഉത്തരത്തില്‍ തൂങ്ങിനില്‍ക്കുന്നവര്‍ക്ക്,

എപ്പോഴും, ഏത് കാരണം കൊണ്ടും

താഴെ വീഴുമെന്ന പേടിയാണ്


അധികാരവും സ്ഥാനവും മാനവും

അങ്ങനെയാണ്.

അതുള്ളവരെ അത് പേടിപ്പിക്കുന്നത്.


അതിനാലവർ മസില്‍വിട്ടു

പിടുത്തം പോകുന്ന,

വീഴ്ചക്ക് കാരണമാകുന്ന 

ഒരുത്തരവും വാക്കും പറയില്ല.


പകരം,

ഉത്തരത്തിലെ യജമാനന്‍മാര്‍

പേടിപ്പിച്ചു പറയിപ്പിക്കുന്ന

അടിമത്വത്തിന്റെ വാക്കുകള്‍ 

അവര്‍ക്ക് സ്വന്തം.


സ്വാതന്ത്ര്യം

ബാധ്യതയും ഭാരവുമായി കാണുന്ന

അടിമകളുടെ ബോധവും വാക്കുകളും.


******


'നമ്മുടെ കാര്യം

നമ്മൾ നോക്കിക്കൊള്ളും.

നിങ്ങൾ നോക്കേണ്ട

എന്ന മുട്ടുന്യായം പറയാൻ മാത്രം

ആരിവിടെ ഇടപെടുന്നു?


അങ്ങനെ പറയുന്നത്‌

പറഞ്ഞുപോകുന്നത്

പരാജയപ്പെടുന്നവരുടെ

അവസാന അടവ് ന്യായം


അതിനാലാണ് ഒരേ ഉത്തരം

അവർ ഒരുപോലെ ചൊല്ലുന്നത്.


അനുഷ്ഠാനം പോലെ.

കുട്ടികള്‍ മന്ത്രം ചെല്ലുന്നത് പോലെ

കാണാതെ പഠിച്ച വാക്കുകള്‍ പോലെ.


ഭാര്യയെയും കുട്ടികളെയും തല്ലുന്ന

ഒരുത്തരവാദിത്തവും നടത്താത്ത,

വീട്ടില്‍ ഒരുകാര്യവും ചെയ്യാത്ത

മദ്യപാനിയും ക്രൂരനുമായ

വീട്ടുകാരനും ഉണ്ട് ഇതേ ന്യായം.


അയല്‍പക്കത്തെ

സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും

കരച്ചിലും പിഴിച്ചലും കേട്ട്

അയല്‍വാസികളില്‍ ആരെങ്കിലും

ഇടപെടുക എന്ന

ഒരുദ്ദേശവും ഇല്ലാതെ,

ചോദിക്കുമ്പോള്‍.


മദ്യപാനിയായ ക്രൂരന്‍

പറയും പോലെ തന്നെ

നമ്മുടെ താരങ്ങളും ഏറ്റുപറയുന്നു.

'ഇവിടുത്തെ കാര്യം നിങ്ങൾ നോക്കണ്ട.'


ഉത്തരം മുട്ടിയ, അധികാരത്തിന്റെ,

അതുണ്ടാക്കുന്ന തെമ്മാടിത്തത്തിന്റെ

അതേ കൊഞ്ഞനം.


'നമ്മുടെ കാര്യത്തില്‍

നിങ്ങൾ പുറത്തുള്ളവർ

ഇടപെടേണ്ട'

എന്ന പറച്ചില്‍

കാര്യമായ, ന്യായമായ

മറുപടി ഇല്ലെങ്കില്‍

സംഭവിക്കുന്നത്.

ഒരുതരം മറച്ചു പിടിക്കേണ്ട

പേടിയില്‍ നിന്നും.


ആത്മവിശ്വാസവും

ധൈര്യവും ഉള്ളവന്‍

വാതിലുകള്‍ തുറന്ന് പിടിക്കും

തുറന്ന ചര്‍ച്ചയ്ക്ക്

തയ്യാറുമാവും 


അത് തന്നെ

ഇന്ത്യൻ സെലിബ്രിറ്റികളുടെ

ദുര്യോഗം.


ഭീതിയാണ്

അവരെയും വേട്ടയാടുന്നത്.


കിട്ടിയതൊന്നും കൈവിടാത്തവർ

വീണ്ടും സ്ഥാനവും ലാഭവും സമ്പത്തും

അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.


അവർ കിട്ടിയതൊന്നും

നഷ്ടപ്പെടാതിരിക്കാനും

ശ്രമിക്കുന്നു.


******


തുമ്മിയാല്‍ തെറിക്കുന്ന

മൂക്കുകള്‍ മാത്രമാവരുത്,

നമ്മൾ, നമ്മുടെ രാജ്യം,

നമ്മുടെ രാജ്യതാല്‍പര്യങ്ങൾ


ആരുടെയും എവിടത്തെയും

വ്യക്തിപരമായ അഭിപ്രായങ്ങള്‍

രാജ്യകാര്യങ്ങളിലുള്ള ഇടപെടലാണെന്ന്

കരുതിപ്പോകുമാറ്

നാം വികാരം കൊണ്ട്‌

ദുര്‍ബലരാവരുത്


*******


രാജ്യവും രാജ്യതാല്‍പര്യവും

രാജ്യനിവാസികളുടെ ക്ഷേമവും

തന്നെയാണ് പ്രധാനം, മുഖ്യം.


അങ്ങനെയെങ്കിൽ,

രാജ്യത്തിനും

രാജ്യനിവാസികള്‍ക്കും

രാജ്യതാല്‍പര്യത്തിനും പറ്റാത്ത, അനുഗുണമല്ലാത്ത ഏത് നിയമവും 

വെറും രാഷ്ട്രീയക്കാര്‍ മാത്രമായ

ഭരണാധികാരികള്‍,

അവരുടെ മറ്റ് നിക്ഷിപ്തതാല്‍പര്യങ്ങൾ

മറച്ചുവെച്ചുണ്ടാക്കിയാല്‍,

അതിനെ എതിര്‍ക്കുന്നതാണ്

യാഥാര്‍ത്ഥ രാജ്യസ്നേഹം.


അല്ലെങ്കിൽ, നിയമം

എന്ത്, എന്തുകൊണ്ട്‌ എന്ന്

വ്യക്തമായും വിശദീകരിക്കാന്‍

കഴിയണം.


വെറും ആരോപണ-പ്രത്യാരോപണങ്ങള്‍

മാത്രം നടത്തുന്നതിന് പകരം


അല്ലാതെ "നമ്മന്റെ കാര്യത്തില്‍

നിങ്ങ ഇടപെടേണ്ട"

എന്നത് ന്യായമല്ല, ഉത്തരമല്ല


അത് വെറും മുട്ടുന്യായം മാത്രം.


മുട്ടുന്യായമല്ല

എപ്പോഴും എല്ലാറ്റിനും

ഉത്തരമാവേണ്ടത്‌.

പ്രത്യേകിച്ചും

കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍.

കൂട്ടം നമ്മുടെയും എല്ലാവരുടെയും

ആവശ്യമാകയാല്‍


അറിയണം.

ഇതേ മുട്ടുന്യായം തന്നെയാണ്

പണ്ട്‌ ജര്‍മനി

വെറും ക്രൂരത മാത്രം

അതിന്റെ ഭാഷയാക്കിയപ്പോഴും

ആയുധമാക്കിയത്


വെറും തീവ്രജർമ്മൻ ദേശീയവികാരം

ഊതിവീര്‍പ്പിച്ച്

അതിനെ തങ്ങൾ ചെയ്യുന്ന

ക്രൂരതകള്‍ക്കും അനീതികള്‍ക്കും

അക്രമങ്ങള്‍ക്കുമുള്ള

മറയാക്കിപ്പിടിച്ചു കൊണ്ട്‌.


ചരിത്രമെങ്കിലും

നിലക്ക്

നമുക്ക് പാഠമാവേണ്ടതാണ്‌.


തെറ്റിനെ തെറ്റ് കൊണ്ട്‌

പെരുക്കാതെ, പകരം 

തെറ്റിനെ ശരി കൊണ്ട്‌

തിരുത്തിയും മായ്ച്ചും കൊണ്ട്‌.


No comments: