Saturday, February 27, 2021

അത്ഭുതപ്പെടേണ്ട. അല്‍ഭുതം കണ്ട് വന്നവന്‍ കീഴ്വായു വിട്ടാല്‍ പോകും.

 ചിലത് കേള്‍ക്കുമ്പോഴും, ചില ഒഴിഞ്ഞുപോക്കുകള്‍ കാണുമ്പോഴും ഒരു കഥ പറയാൻ തോന്നുന്നു


ഒരു സൂഫിയെന്നോ ഗുരുവര്യനെന്നോ പറയാവുന്ന ഒരാൾ, താന്‍ പോലും അറിയാത്ത അനേകം ശിഷ്യന്‍മാരുമായ് യാത്രയില്‍


യാത്രക്കിടെ വഴിയില്‍ മദ്ധ്യാഹ്നനിസ്കാരത്തിന്റെ (പ്രാര്‍ത്ഥനയുടെ) സമയമായി.


അംഗസ്നാനം വരുത്തി എല്ലാവരും നിസ്കരിക്കാന്‍ (പ്രാര്‍ത്ഥിക്കാൻ) തുടങ്ങി.


ഗുരു മുന്നില്‍ ഇമാം.

ശിഷ്യന്‍മാര്‍ പിന്നില്‍ മഅമൂമുകള്‍.


നിസ്കാരത്തിനിടയില്‍ സാഷ്ടാംഗത്തിലിരിക്കെ ഗുരു കീഴ്‌വായു വിട്ടു.


നീട്ടി വലിച്ചൊരു കീഴ്വായു.


ശിഷ്യന്‍മാര്‍ ഞെട്ടി.

അരുതാത്തത് എന്തോ സംഭവിച്ചുവെന്ന മട്ടില്‍ ശിഷ്യന്‍മാരുടെ മുഖങ്ങൾ ഒന്നടങ്കം വിളര്‍ത്തു, ചുളുങ്ങി


ഇതെന്താണ്‌ ഗുരു ഇങ്ങനെ?


സ്ഥലകാലബോധമില്ലാതെയോ ഗുരു


എല്ലാമറിയുന്ന ഗുരു ഒന്നുമറിയാത്ത പോലെ കീഴ്‌വായു വിടുകയോ?


'കീഴ്‌വായു വിട്ടാല്‍ അംഗസ്നാനം നടത്തി ശുദ്ധി വരിച്ചത് നഷ്ടമാകില്ലേ?

നിസ്കാരം മുറിയില്ലേ?


ഇങ്ങനെയുള്ള ആളെ പിന്തുടര്‍ന്നാല്‍ നമ്മുടെ നിസ്കാരവും ശരിയാവില്ലല്ലോ?' 


ശിഷ്യന്‍മാര്‍ ആശയക്കുഴപ്പത്തിലായി


'ഇതെന്ത് ഗുരു?' 

അവർ ഓരോരുത്തരായി കുശുകുശുത്തു


'നിസ്കാരത്തിന്റെ ബാലപാഠം പോലും അറിയാത്ത ഗുരുവോ?'


' ഗുരുവിന് ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ഒരു വിവരവും ഇല്ല.' 


'ഇയാളെയാണോ നമ്മൾ ഇക്കാലമത്രയും ഗുരുവായി കൊണ്ടുനടന്നത്?' 


ശിഷ്യന്‍മാര്‍ പരസ്പരം കുശുകുശുത്തു.


കുശുകുശുത്ത ശിഷ്യന്‍മാരില്‍ മഹാഭൂരിപക്ഷവും നടത്തിക്കൊണ്ടിരുന്ന നിസ്കാരമധ്യേ തന്നെ പിരിഞ്ഞു പോകാൻ തുടങ്ങി.


ഇതൊന്നും ഗൗനിക്കാതെ ഗുരു തന്റെ നിസ്കാരം തുടർന്നു.


ഒന്നും അറിയാത്ത പോലെ.


ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ.


എല്ലാം കഴിഞ്ഞ്, നിസ്കാരം തീര്‍ത്ത്, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഗുരു തിരിഞ്ഞിരുന്നു. തന്റെ പിന്നിലുള്ളവരിലേക്ക് 


പിന്നില്‍ ഉണ്ടായിരുന്ന ഒട്ടനേകം ശിഷ്യന്‍മാര്‍ അപ്പോഴേക്കും  പോയിക്കഴിഞ്ഞിരുന്നു. വെറും ഒന്നോ രണ്ടോ പേരൊഴികെ


അവരെ നോക്കി, നിസ്സംഗമായി തന്നെ ഗുരു പറഞ്ഞു.


"അത്ഭുതപ്പെടേണ്ട.


അല്‍ഭുതം കണ്ട് വന്നവന്‍ കീഴ്വായു വിട്ടാല്‍ പോകും.”


No comments: