ഗുരോ,
തലച്ചോറ് ചെയ്യുന്നതിന് മുഴുവന്‍
ഉത്തരവാദി ആരാണ്?
കുഞ്ഞേ,
മനസിലായില്ല.
കുഞ്ഞേ,
തലച്ചോറില്ലെങ്കില്‍ നീ ഇല്ല.
പിന്നെ ഉത്തരവാദിയാവാന്‍ ആര്?
കുഞ്ഞേ,
ഈയുള്ളവനും മനസിലായില്ല.
ഗുരോ,
തലച്ചോറ്,
അതിന്റെ രസതന്ത്രം വെച്ച്,
അതിന് പോലും
ഒരു നിയന്ത്രണവും ഇല്ലാതെ,
അന്വേഷിച്ചു പോകുന്നു,
അസൂയപ്പെടുന്നു,
വെറുക്കുന്നു.
അഹങ്കരിക്കുന്നു,
മേല്‍ക്കോയ്മയും
അസഹിഷ്ണുതയും കാട്ടുന്നു.
ബുദ്ധനും കൃഷ്ണനും
മുഹമ്മദിനും യേശുവിനും
യാചകനും തെരുവ്തെണ്ടിക്കും ഭരണാധികാരികള്‍ക്കും എല്ലാം
ഏറിയും കുറഞ്ഞും
ഇങ്ങനെ തന്നെ.
തലച്ചോറില്‍ അതങ്ങ്
സംഭവിച്ചു പോകുന്നു.
തലച്ചോറ് കൊണ്ട് തലച്ചോറിനെ
തിരുത്തുന്നതിനും ഒരളവുണ്ട്.
എത്ര നിയന്ത്രിക്കണമെന്ന് വെച്ചാലും
തലച്ചോറ്
അതിന്റെ പണിയെടുക്കുന്നു.
തലച്ചോറ് ചിന്തിപ്പിക്കുന്നതും
ചെയ്യിപ്പിക്കുന്നതും മാത്രം,
അത്രമാത്രം,
തലച്ചോറിനെതിരെയും
ചെയ്യുന്നു, സംഭവിക്കുന്നു.
അത് ഈ ജീവിതത്തിന്റെയും
പരിമിതി.
ചിലരെ എപ്പോഴും
വെറുത്തുപോകുന്നു,
ചിലരോട് എപ്പോഴും
അസൂയയും ശത്രുതയും.
മറ്റു ചിലരോട്
ചില കാരണം വെച്ച്
ഇഷ്ടം തോന്നുന്നു.
മറ്റുള്ളവര്‍ക്ക് വരുന്ന
നന്മയും വളര്‍ച്ചയും വിജയവും
പൂർണ്ണമായും ഉള്‍കൊള്ളാന്‍
കഴിയാതെ വരുന്നു.
ഏറിയാല്‍ അഭിനയിച്ചു കൊണ്ട് മാത്രമല്ലാതെ.
ഉപചാരം പോലെ.
ഗുരോ, ഇതിനൊക്കെയും
ഉത്തരവാദി ആരാണ്?
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍
ആരെങ്കിലും ഉണ്ടാവുമോ?
കുഞ്ഞേ,
എന്നിട്ടും മനസിലായില്ല?
ഉത്തരവാദിയാവേണ്ട
ഈ ഞാനും നീയും എവിടെ?
ഈ ഞാന്‍ ബോധവും
ഈ നീ ബോധവും
തലച്ചോറ് മാത്രമല്ലാതെ
മറ്റെന്ത്?
തലച്ചോറ് ഇല്ലാതായാല്‍
പിന്നെവിടെവെച്ച്,
എങ്ങിനെ, ആര്‍ക്ക്
ഉത്തരവാദിത്വം?
ഗുരോ,
ശരിയാണ്.
താങ്കള്‍ക്ക് മനസിലാവില്ല.
കാരണം,
ഈ തലച്ചോറ് ഉണ്ടാക്കുന്ന
'ഞാന്‍' മാത്രമേ ഉള്ളൂ.
തലച്ചോറ് ഇല്ലാത്ത, തലച്ചോറ് ഉണ്ടാക്കുന്നതല്ലാത്ത 'ഞാന്‍' ഇല്ല.
കുഞ്ഞേ,
അതേ, അതാണ് കാര്യം.
തലച്ചോറ് ഉണ്ടാക്കുന്ന
ബോധം മാത്രമാണ്
ഈ 'ഞാന്‍', 'നീ'.
ഗുരോ,
അപ്പോഴും ഒരു പ്രശ്നമുണ്ടല്ലോ?
ഈ തലച്ചോറിനെ
'ഞാന്‍' ഉണ്ടാക്കിയതല്ല.
ശരി.
എന്റെ ഈ 'ഞാന്‍' ബോധത്തെ
തലച്ചോറാണ് ഉണ്ടാക്കിയത്.
അങ്ങനെയെങ്കിൽ
ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ
എനിക്കെന്ത് കാര്യം?
തലച്ചോറാണെങ്കിൽ
സ്ഥിരമല്ലാത്തതും
നിലനില്‍ക്കാത്തതും.
കുഞ്ഞേ, അത് കൊണ്ട്?
എന്നെ ഉണ്ടാക്കിയ,
എന്നെ ഉണ്ടാക്കുന്ന
എന്നെ ഞാനാക്കിയ
തലച്ചോറിന്റെ ഉത്തരവാദിത്വം
ഏറ്റെടുക്കേണ്ട ആൾ വേണ്ടി വരും
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍.
ആ ആൾ എവിടെ?
ഗുരോ,
തലച്ചോറില്‍ സംഭവിക്കുന്നത്
മുഴുവന്‍ സംഭവിക്കുന്നു.
അത് കൊണ്ട് ഞാന്‍ ചെയ്യുന്നു,
നീ ചെയ്യാതിരിക്കുന്നു.
എന്നല്ലാതെ,
തലച്ചോറില്‍ എങ്ങിനെ,
ഒരു പരിധിക്കപ്പുറം,
അങ്ങനെയല്ലാതെ ഇല്ലാത്ത
എനിക്ക്
നിയന്ത്രണം സാധ്യമാകും?
ഗുരോ, എന്നാലും
ഇതിന്റെയൊക്കെ.....,
ഇങ്ങനെ
ഈ സംഭവിക്കുന്നതിന്റെയൊക്കെ..... ,
ഇങ്ങനെ
ഈ ചെയ്യുന്നതിന്റെയും
പറയുന്നതിന്റെയുമൊക്കെ
ഉത്തരവാദിത്തം
എവിടെ, ആരില്‍ ചെല്ലും?
കുഞ്ഞേ,
ഉത്തരവാദിത്വം
എവിടെയും ചെല്ലില്ല.
പരിണിത ഫലമായി
ജീവിതം തന്നെയായി
മാറുമെന്നല്ലാതെ.
എറിയാല്‍, ഉത്തരവാദിത്വം എവിടെയെങ്കിലും ആരിലെങ്കിലും ചെല്ലുമെങ്കിൽ...
ആ ഉത്തരവാദിത്തം
ചെല്ലുക, ചെന്നെത്തുക.........,
ഈ നീയും ഞാനുമായ......,
നിലനില്‍ക്കാത്ത.....,
അല്പജീവിതത്തിനും തലച്ചോറിനും
കാരണമായ.....,
ഈ അല്പജീവിതത്തിനേയും
തലച്ചോറിനേയും ഉണ്ടാക്കിയ.....,
ഉണ്ടെങ്കില്‍ ഉള്ള,
എന്ത് പേരും വിശേഷണവും
നല്‍കാവുന്ന....,
മുഴുത്വത്തില്‍,
മുഴുജീവിതത്തില്‍,
പ്രകൃതിയില്‍,
ദൈവത്തില്‍.
ഒരുത്തരവാദിത്തവും ബാധകമല്ലാത്ത ശക്തിയില്‍ , പദാര്‍ത്ഥത്തില്‍,
മുഴുബോധത്തില്‍, മുഴുഊര്‍ജത്തില്‍.
No comments:
Post a Comment