നാശം വളർച്ചയാണ്.
എന്താണ് തെളിവ്?
വിത്ത് മുളക്കുകയെന്നാല്‍....,
ആ വിത്ത്
നശിച്ചു വളരുക കൂടിയാണ്.
നാശത്തിന് വേറെ എന്തെല്ലാം
മാനങ്ങളും ദിശകളും ഉണ്ടെങ്കിലും
അതിലെല്ലാം വളർച്ചയുണ്ട്.
നിന്റെ മാനദണ്ഡം വെച്ച്
മനസിലാകാത്ത വളർച്ച.
നാശം.
നഷ്ടപ്പെടുക നേട്ടമാണ്.
എന്താണ് തെളിവ്?
ഇരയെ നഷ്ടപ്പെടുത്തി തന്നെയാണ്
മീന്‍ പിടിക്കുക.
അരി നഷ്ടപ്പെട്ട് തന്നെയാണ് ചോറ് നേടുന്നത്.
നിന്ന ഇടം നഷ്ടപ്പെടുത്താതെ ആരാണ് മുന്നോട്ട് പോകുന്നത്?
ഓരോ യാത്രയും നഷ്ടപ്പെട്ടു നേടുന്ന പ്രക്രിയയാണ്.
പരാജയം വിജയമാണ്.
എന്താണ് തെളിവ്?
ഓരോ കുഞ്ഞും നടക്കുന്ന വഴിയില്‍ വീഴുന്നത്, പിന്നീട് വീഴാതിരിക്കാനുള്ള പാഠമാണ്. വിജയമാണ്.
ഓരോ കുഞ്ഞു കുട്ടിയും പരാജയത്തിന്റെ ആ വിജയഗാഥ പഠിപ്പിച്ചുതരും.
രണ്ടാൾ തമ്മില്‍ അടി കൂടേണ്ട സാഹചര്യം ഉണ്ടായാല്‍..... ,
അതിൽ ഒരാള്‍ അടി വാങ്ങി വിഡ്ഢിയെ പോലെ നിന്ന് തോറ്റുകൊടുത്ത് ആ സംഘട്ടനം ഒഴിവാക്കിയാല്‍ വിജയിക്കുന്നത് രണ്ടാളുമാണ്.
തോറ്റ് കൊണ്ടേ ജയിക്കാന്‍ പറ്റൂ.
നഷ്ടപ്പെട്ടു കൊണ്ടേ നേടാന്‍ പറ്റൂ.
നശിച്ചു കൊണ്ടേ വളരാൻ പറ്റൂ.
No comments:
Post a Comment