"പൂത്താത്താ...
ഇങ്ങളാ അത്?"
"ഹേ..., അതെന്താ
അങ്ങനെ ചോദിച്ചത്?
എല്ലാം കൂടി
ഒന്നും തിരിയാതായോ?
ഹാ ഹാ ഹാ ഹാ.... "
"ചിരിക്കണ്ട.
ഞാന്‍ വിചാരിച്ചുപോയി
ഞാനാ അതെന്ന്."
"ഹാ ഹാ ഹാ.....
അത് നല്ല തമാശ.
അപ്പൊ, ഞാനോ?
ഞാനെവിടെപ്പോയി?"
"ഇങ്ങളാ?
ഇങ്ങള് ഇതാണെന്നും
ഞാന്‍ വിചാരിച്ചു പോയി."
"ഹാ ഹാ ഹാ ഹാ......,
ഇതെന്തൊക്കെയാ
ഇങ്ങളീ പറയുന്നത്?
നടന്ന് ഉലാത്തുമ്പോള്‍
ഇങ്ങക്കിങ്ങനെ
പലതും തോന്നും "
"ഇങ്ങളിതെന്താ
ഈ പറയുന്നത്?
ഇങ്ങള് ഞാനും
ഞാന്‍ നിങ്ങളും
ആണെന്നോ?
അത് വല്ലാത്ത കാര്യം.
എനിക്കൊന്നുമറിയില്ല."
"അത് തന്നെയാ പൂത്താത്താ......,
എനിക്കും മനസ്സിലാവാത്തത്.
എനിക്കും ഒന്നും തിരിയുന്നില്ല.
"പൂത്താത്താ...,
മണ്ണ് പൂവും
പൂവ് മണ്ണും
ആവുമ്പോള്‍......,
"മനുഷ്യന്‍ പുഴുവും
പുഴു മനുഷ്യനും
ആവുമ്പോള്‍......,
"ഏത് എതാണെന്ന്,
വേറെ വേറെയാവുമെന്ന്,
എങ്ങിനെ മനസിലാവും?
പൂത്താത്താ......?"
"എനിക്കൊന്നുമറിയില്ല,
ഇങ്ങളെന്തൊക്കെയോ പറയുന്നു....."
"അല്ല, പൂത്താത്താ.....,
വേറൊരു കാര്യം ചോദിക്കട്ടെ?
"ആ, ഇങ്ങള് ചോദിക്ക്."
"ആകാശത്തിനെ നമുക്ക്
ഭൂമിയെന്ന് വിളിച്ചൂടെ?
ഭൂമിയെ നമുക്ക്
ആകാശമെന്നും വിളിച്ചൂടെ?"
"ഇങ്ങളങ്ങ് വിളിച്ചോ.
ആരെന്തു പറയാൻ?
അതെല്ലാം ഇങ്ങളെ ഇഷ്ടം.
ഇങ്ങക്കറിഞ്ഞൂടേ,
ഭൂമിയിലുള്ളത് മുഴുവന്‍
ആകാശമാണെന്ന്?
ഭൂമിയെ ചുറ്റിപറ്റിയുള്ളതും
എല്ലാം ആകാശമാണെന്ന്?
ആകാശത്തിലുള്ളതെല്ലാം
ഭൂമി തന്നെയെന്ന്?
"പൂത്താത്താ....,
എന്നാല്‍ ഇനിയങ്ങോട്ട്
ഞാന്‍ നടക്കുന്ന ഈ റോഡിനെ
തോടെന്ന് വിളിക്കും."
"ഇങ്ങളങ്ങ് വിളിച്ചോ
ഇങ്ങളെ ഇഷ്ടം പോലെ."
"അതല്ല, പൂത്താത്താ....,
ഒരു കാര്യം കൂടി."
"എന്താ, പറയ്."
"ഇതെന്താ ആ വിളക്ക്
ഇങ്ങനെ നിന്ന് കത്തുന്നത്?
ഓഫാക്കാന്‍ മറന്ന് പോയോ?"
" ഏത് വിളക്ക്? "
"മേലെ ആകാശത്ത്
വെട്ടിത്തിളങ്ങുന്ന
ആ വിളക്ക്?"
"ഓ, അതല്ലേ?
അത് സൂര്യനല്ലേ?"
"അപ്പോൾ ഇങ്ങളെ മുഖത്ത് വെട്ടിത്തിളങ്ങുന്നതോ?
ഈ എന്റെ മനസ്സിലും....? "
പൂത്താത്ത
ഒന്നും പറഞ്ഞില്ല.
പോയങ്ങ് കിടന്നുറങ്ങി.
No comments:
Post a Comment