കളിക്കുന്നവർ കളിക്കുക.
കളിക്കുക മാത്രം.
കളിയില്‍ മുഴുകി,
വേറെ ലോകം
ഇല്ലാത്തത് പോലെ
കളിക്കുക.
ഒഴുകുന്ന പുഴ
ഒഴുകുക മാത്രം.
കരയുള്ളത് കൊണ്ട് തന്നെയാണ്
പുഴ പുഴയായത്.
ശരിയാണ്.
എന്നാലും,
പുഴയായി ഒഴുകുമ്പോള്‍
അത് കരയെ കുറിച്ചും
കരയിലുള്ളവരെ കുറിച്ചും
അറിയുന്നില്ല,
കരുതുന്നില്ല,
ഒട്ടുമേ ആലോചിക്കുന്നില്ല...
ആരെന്തെങ്ങിനെ തന്നെ
കാണുന്നു, ഉപയോഗിക്കുന്നു
എന്നറിയാതെ, അന്വേഷിക്കാതെ
അതൊഴുകും.
അതിനാല്‍, ഗ്യാലറിയും
ഗാലറിയിലെ കാണികളും
നിങ്ങളെ ആവേശിക്കേണ്ട
നിങ്ങളുടെ കളിയെ
ബാധിക്കേണ്ട.
ഗാലറിയിലുള്ളവർ അവിടെ
ഗാലറിയില്‍ തന്നെ ഇരിക്കട്ടെ.
നിങ്ങളുടെ മനസ്സിൽ
അവർ കയറി ഇരിക്കേണ്ട.
അവരുണ്ടെന്നും
അവരില്ലെന്നും
നിങ്ങൾ അറിയേണ്ട,
നിങ്ങൾ കരുതേണ്ട.
അങ്ങനെ അറിഞ്ഞാല്‍....
അങ്ങനെ നിങ്ങൾ കരുതിയാല്‍....,
പിന്നെ ആ അറിവും
ആ കരുതലുമാവും
നിങ്ങള്‍ക്ക് പ്രശ്നമാവുക...
നിങ്ങളുടെ പരാജയമാവുക……
No comments:
Post a Comment