Saturday, February 27, 2021

കൂട് പൊളിച്ചവളെ....., നീയാണ് ഈ കൂടിന് പ്രിയങ്കരി.

കൂട് പൊളിച്ചവളെ.....,


നീയാണ്

കൂടിന്

പ്രിയങ്കരി.


നിന്നെ കാണുമ്പോള്‍

കൂട്

അഭിമാനം കൊള്ളുന്നു.


'എന്നെയും തുറന്നു വെച്ച

താക്കോൽ നീ'

എന്ന് കൂട്

പറഞ്ഞുപോകുന്നു


*****


'പ്രണയം കൊണ്ട്

ദൈവത്തെ ഞാന്‍

എന്റെ അടിമയാക്കി

എന്ന നിന്റെ പറച്ചില്‍....


'ദൈവം

നിന്റെ അടിമ മാത്രമല്ല,

നിന്റെ കൈയിലെ

കളിപ്പാട്ടവും

കാലിലെ

ചെരുപ്പും കൂടിയാണ്‌.

നിന്റെ കാഴ്ചയും കണ്ണും '


കടലിളക്കുന്ന

മേഘം കീറുന്ന 

പറച്ചിലാണത്


ഉള്ളു തൊട്ട,

നാക്ക് പൊള്ളുന്ന,

വെളിച്ചം പറയുന്ന,

ചിറകടിക്കുന്ന

പറച്ചില്‍.....


കറുപ്പും വെളുപ്പും

ഒന്നായ പറച്ചില്‍


*****


അങ്ങനെ

കയറിപ്പോകണം

നീ.......


ഉയര്‍ച്ചതാഴ്ചകള്‍

ബാധകമല്ലാത്ത കയറ്റം.


വകതിരിവുകള്‍ നഷ്ടമാകുന്ന

ഇറക്കം കൂടിയായ കയറ്റം


" തര്‍ക്കബുന്ന

തബഖന്‍

അന്‍ തബഖ്.

മുലാഖീഹി."


"നിര്‍ബന്ധമായും

നീ കയറും,

പടിപടിയായി.

എന്നിട്ടവനെ കണ്ടുമുട്ടും."

(ഖുര്‍ആന്‍).


കണ്ടാല്‍ പിന്നെ,

ഒന്നുമില്ലാതെയാവും.


കാണാനും

കേള്‍ക്കാനും

അറിയാനും

നീ തന്നെയും

ഇല്ലാതാവും


*****


നിന്റെ കയറ്റത്തിന്

ബൗദ്ധികത വേണ്ട.

ഒരു വസ്ത്രവും വേണ്ട


സാധാരണത്വവും

അതിന്റെ രസങ്ങളും മതി.


കൂട് പൊളിക്കുന്ന നീ 

നല്ല പക്ഷി.

വസ്ത്രമഴിക്കുന്ന പക്ഷി


സാധാരണത്വത്തിലെ

ബൗദ്ധികതക്കും

ഏറെ നല്ലത്

കൂട് പൊളിക്കുന്ന പക്ഷി


ആര്‍ക്കൊക്കെയോ

തോന്നുന്ന.... ,


ആരൊക്കെയോ പറയുന്ന.... , 


നിന്റെ കറുത്ത കളവവും

കുസൃതി നിറഞ്ഞ

കുരുത്തക്കേടും......,


കണ്ടുചിരിക്കാനും

പിന്നെ കവിതക്കും,

പിന്നെയും പിന്നെ 

കഥ പറയാനും......, 


നല്ല വിത്ത്.


അവ

ജീവിതം തന്നെയായ

വിത്ത്.


No comments: