നമ്മുടെ അന്താരാഷ്ട്ര നയം അപ്പടി പാളിപ്പോയോ?
സ്വന്തം ജനതയായ മുസ്ലിംകളോടുള്ള വിരോധം വെച്ച് മാത്രമാണോ ദേശീയ അന്താരാഷ്ട്ര നയംവരെ ഉണ്ടാക്കുന്നത്, ഉണ്ടാക്കേണ്ടത്?
ഈ ചോദ്യം ഉറച്ച രാജ്യസ്നേഹം കൊണ്ട് തന്നെ നാം ചോദിക്കേണ്ടതാണ്.
നമ്മുടെ ഭാഗത്ത് നിന്ന് ഒരു ഉപാധിയും വെക്കാതെ നിർത്തിയ, നിർത്തേണ്ടി വന്ന ഓപ്പറേഷൻ സിന്ദൂറും പാളിപ്പോയോ?
ഓപ്പറേഷൻ സിന്ദൂരിനിടയിൽ വീരമൃത്യു വരിക്കേണ്ടിവന്ന നമ്മുടെ ധീരജവാന്മാരെത്രയെന്ന് നമ്മുടെ ജനങ്ങളോട് പറയാൻ പോലും സാധിക്കാത്തവിധമോ?
അതിനാൽ വീരമൃത്യു വരിച്ച ആ ധീരജവാന്മാരെ വേണ്ടവണ്ണം, രാജ്യത്തെ ജനങ്ങളെ അറിയിച്ച് ആദരിക്കാൻ നമുക്ക് സാധിക്കാതെ പോകുന്നുവോ? നാം പരസ്യമായി അതിന് തയ്യാറാവാതാവുന്നുവോ?
ഈ ചോദ്യവും ഉറച്ച രാജ്യസ്നേഹം കൊണ്ട് തന്നെ നാം ചോദിക്കേണ്ടതാണ്.
നമ്മുടെ രാജ്യസ്നേഹം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ രാജ്യം ഒന്നും നഷ്ടപ്പെടരുത്, ഒന്നുകൊണ്ടും പരാജയപ്പെടരുത് എന്നതാണ്.
പരാജയവും നഷ്ടങ്ങളും ഭരണകൂടത്തിന്റെ പിടിപ്പുകേട് കൊണ്ടും രാഷ്ട്രീയലാക്കുകൾ വെച്ചുള്ള പ്രവൃത്തികൾ കൊണ്ടും മാത്രമാണെങ്കിൽ പ്രത്യേകിച്ചും നാം ചോദ്യം ചെയ്യണം.
നമ്മുടെ രാജ്യത്തിന്റെ വിജയവും ലാഭവും കളവുകൾ കൊണ്ടും പരാജയം മറച്ചുപിടിക്കലുകൾ കൊണ്ടും മാത്രമാവരുത് എന്ന് തന്നെ വരണം.
പൊതുജനം കഴുതയുടെ വിവരമില്ലായ്മയെ മുതലെടുത്തുള്ള വെറും വരുത്തിത്തീക്കലുകൾ മാത്രമല്ലാത്ത വിജയവും വളർച്ചയും തന്നെ നമുക്ക് വേണം.
നമ്മുടെ നാട്ടിനുള്ളിലെ വെറുപ്പ്-വിഭജന രാഷ്ട്രീയവും, സ്വന്തം ജനങ്ങളെ തങ്കമ്മിലടിപ്പിക്കുന്നതും മാത്രം ലക്ഷ്യമിട്ട് അന്താരാഷ്ട്രനയത്തെ മാറ്റിയ നാം ലോകത്ത് ആരും തീർത്തും ശ്രദ്ധിക്കാത്ത രാജ്യമായി മാറരുത്.
പക്ഷേ നമ്മുടെ നാട്ടുകാർക്ക് പുഴുങ്ങിത്തിന്നാനും വയറുനിറക്കാനും നമ്മുടെ നാട്ടിനുള്ളിൽ പടച്ചുവിടുന്ന വൻനുണകളും വീമ്പുപറച്ചിലും തന്നെ എത്രയോ കൂടുതൽ.
നമ്മുടെ രാജ്യം അന്താരാഷ്ട്ര തലത്തിൽ ഇവ്വിധം ഒറ്റപ്പെടരുത്, നഷ്ടപ്പെടരുത് എന്ന് നിർബന്ധമുള്ള ഉറച്ച രാജ്യസ്നേഹം വെച്ചുകൊണ്ട് തന്നെ വേണം നാം ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ.
ഹിറ്റ്ലർ എന്ന ഫാസിസ്റ്റിനെ മാതൃകയാക്കുന്നവർക്ക് ഹിറ്റ്ലർ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവർ മാത്രമായിരിക്കരുത് ആകയാൽ പിന്തുണയ്ക്കുന്നവർ.
ഗസ്സയിൽ വെടിനിർത്തൽ ഉടനെ പ്രഖ്യാപിക്കണം എന്ന സ്പെയിൻ കൊണ്ടുവന്ന യു എൻ പ്രമേയത്തിന് അനുകൂലമായി, ഇസ്രായേലിനെ പിന്തുണച്ച് വോട്ട് ചെയ്യാതെ മാറിനിന്ന ഏക തെക്കാനേഷ്യൻ രാജ്യവുമായി മുസ്ലീം വിരോധം മാത്രം തലക്ക് പിടിച്ച, അത് മാത്രം വർത്തമാനകാല ആദർശമാക്കിയ നമ്മുടെ നാട്.
അയൽരാജ്യങ്ങൾ ഒന്നും തന്നെ നമ്മുടെ കൂടെയില്ലെന്ന അങ്ങേയറ്റം ദുരന്തപൂർണ്ണമായ അന്താരാഷ്ട്രനയവും അതിന്റെ അഗാധഗർത്തം തൊടുന്ന പരാജയവും കണ്ടിട്ട് നാം നമ്മുടെ രാജ്യസ്നേഹം വെച്ച് തന്നെ ഞെട്ടണം.
പഹൽഗാം സംഭവത്തിനും പാകിസ്താൻ ആക്രമണത്തിനും ശേഷം നാം ലോകത്തിന്റെ വ്യത്യസ്ത രാജ്യങ്ങളിലേക്ക് ദൗത്യസംഘങ്ങളെ അയച്ചു.
നമ്മുടെ നിലപാട് വിശദീകരിക്കാനും പാക്കിസ്ഥാന്റെ ഭീകരസ്വഭാവം തുറന്നുകാണിക്കാനും.
ലോകംചുറ്റി പാക്കിസ്ഥാനെ ഭീകരരാഷ്ട്രമാക്കി ചിത്രീകരിക്കുന്ന നമ്മുടെ എല്ലാ ദൗത്യസംഘങ്ങളിലും നാം പ്രത്യേകം സൂക്ഷിക്കാൻ ശ്രമിച്ച ഒരു കാര്യമുണ്ട്.
സാമൂഹിക സാമുദായിക വൈവിധ്യം/പ്രാതിനിധ്യം.
അതിനുവേണ്ടി എല്ലാ സംഘങ്ങളിലും ഒരു മുസ്ലീം സാന്നിദ്ധ്യം ഉറപ്പിച്ചു.
നമ്മുടെ നാട്ടിന്നകത്ത് വേണ്ടെന്ന് ബോധപൂർവ്വം വെച്ച ഈ മുസ്ലീം സാന്നിദ്ധ്യവും പ്രാതിനിധ്യവും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടി വരുന്നു നമ്മെ ഭരിക്കുന്ന പാർട്ടിക്ക്.
മുസ്ലിം വിരുദ്ധത മാത്രം കൈമുതലായുള്ള, തങ്ങൾ ഭരിക്കുന്ന എവിടെയും തങ്ങളുടെ വക മുസ്ലീം പ്രതിനിധി ഇല്ലെന്നും ഉണ്ടാവില്ലെന്നും ഉറപ്പുവരുത്തിയ ഭരണകൂട പാർട്ടിക്ക് പക്ഷേ അതുകൊണ്ട് തന്നെ മുസ്ലിം എംപിമാരെ പ്രതിനിധിയായി കിട്ടാൻ പ്രതിപക്ഷ പാർട്ടികളെ ആശ്രയിക്കേണ്ടിവന്നു.
അങ്ങനെ മുസ്ലിംകളെയും ഉൾക്കൊണ്ട് പോയ ദൗത്യസംഘത്തലവൻ തങ്ങളുടെ കൂടെ മുസ്ലീംപ്രതിനിധിയും ഉണ്ടെന്ന് കൃത്യമായികൃത്രിമമായി പറഞ്ഞുവരുത്തേണ്ട ഗതികേട് വല്ലാത്തതായി തോന്നി.
നമ്മുടെ ദൗത്യസംഘത്തെ മറ്റ് രാഷ്ട്രങ്ങൾ ഗൗരവത്തിൽ എടുത്തതായി കണ്ടില്ല.
അവിടെയുള്ള പത്രമാധ്യമങ്ങൾ വലിയ വാർത്തയാക്കിയില്ല.
എന്ന് മാത്രമല്ല ശക്തിയുക്തം പാക്കിസ്ഥാനെ അപലപിച്ചുകൊണ്ടുള്ള ഒരു സംയുക്ത പ്രസ്താവനക്ക് അവരാരും തയ്യാറായില്ല.
എന്നാലോ, ആഗോളഭീകരവിരുദ്ധ സമിതിയുടെ നേതൃത്വം പാക്കിസ്ഥാന് ലോകരാഷ്ട്രങ്ങൾ മുഴുവൻ അതേസമയം തന്നെ ഒന്നിച്ച് ഏല്പിച്ചുകൊടുക്കുകയും ചെയ്തു.
എപ്പോൾ ?
നമ്മുടെ ദൗത്യസംഘം ലോകംചുറ്റി പാക്കിസ്ഥാനെ ഭീകരരാഷ്ട്രമാക്കി ചിത്രീകരിക്കുന്ന അതേസമയം.
********
ശക്തി മാത്രമാണോ ശരിയെ നിശ്ചയിക്കേണ്ടത്?
നീതി, ന്യായം എന്നൊന്നില്ലേ?
നമ്മുടെ രാജ്യത്തോടും അങ്ങനെ പലരും ചെയ്യുന്നത് നമ്മൾ സഹിക്കുമോ?
നമ്മുടെ രാജ്യത്തെ ഏതെങ്കിലും തെമ്മാടി രാജ്യവും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കൂടി അവരുടെ സാമ്പത്തിക ഭൂമിശാസ്ത്ര രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് ആക്രമിക്കുമ്പോൾ ഇതേആഘോഷവും ആനന്ദവും ആരെങ്കിലും കാണിക്കുന്നത് നാം ഇഷ്ടപ്പെടുമോ?
അല്ലെങ്കിൽ ഇതേ ആഘോഷവും ആനന്ദവും നാം കാണിക്കുമോ?
അനീതിയോട് അസഹിഷ്ണുത കാണിക്കുക, പ്രതികരിക്കുക, പ്രതിഷേധിക്കുക എന്ന മിനിമം മര്യാദ പോലും ഒരു വിഭാഗത്തോടുള്ള അന്ധമായ വിരോധം കാരണം, ആഭ്യന്തര രാഷ്ട്രീയത്തിൽ വേണ്ടവെറുപ്പിനും വിഭജനത്തിനും വേണ്ടി ഇല്ലാതെ പോയോ?