മരണവും രോഗവും
നിന്നെ അറിയിക്കും:
വെറും ശരീരമായിരുന്നു നീയെന്ന്.
വെറും ശരീരമായിരുന്ന നീ
യഥാർത്ഥത്തിൽ ഇല്ലാത്തതെന്ന്.
ശരീരം മരിക്കുന്നതോടെ
നീയും ഇല്ലാതാവുമെന്ന്.
എന്നിട്ടും,
മരിച്ചുകഴിഞ്ഞ ശവത്തെ,
നിൻ്റെതെന്ന് ജീവിച്ചിരിക്കുമ്പോൾ
നീ കരുതിയ നിൻ്റെ ശരീരത്തെ
മണ്ണിനടിയിൽ പൂഴ്ത്തിവെക്കുന്നതെന്തിന്?
അതല്ലേൽ അങ്ങനെ
മണ്ണിനടിയിൽ പൂഴ്ത്തിവെക്കുന്ന
പിശുക്ക് നിനക്ക്
എവിടെനിന്ന് കിട്ടി?
പിശുക്ക് നാളെയെ നേടില്ല.
പകരം, ഇന്നിനെ നിനക്ക്
നഷ്ടപ്പെടുത്തുക മാത്രം.
ചുറ്റുപാട്
കാണിക്കാത്തൊരു പിശുക്ക്
ചുറ്റുപാടിനോട് നീ
കാണിക്കുകയോ?
എന്തിന്?
എന്ത് നേടാൻ?
പിശുക്ക് ഒന്നും
നേടിത്തരുന്നില്ല.
പിശുക്ക് ഒന്നും
സംരക്ഷിക്കുന്നില്ല.
പകരം, പിശുക്ക്
ഉള്ളും പുറവും
നഷ്ടപ്പെടുത്തുന്നു,
പുഴുത്ത്നാറ്റുന്നു.
മറ്റുള്ളതെന്തും
നീ തിന്നു.
അതാണ്, അങ്ങനെയാണ്
ജീവിതം ജീവിതമായത്.
മറ്റുള്ള പലതും
നിൻ്റെ ശരീരത്തെയും
തിന്നണം.
അതാണ്, അങ്ങനെയാണ്
ജീവിതം ജീവിതമാകുന്നത്.
മറ്റുള്ള പലതും
നിൻ്റെ ശരീരത്തെയും
തിന്നട്ടെ എന്ന് വെക്കാൻ
നിനക്ക് സാധിക്കാതെ
പോകുന്നതെന്ത് കൊണ്ട്?
പൂഴ്ത്തിവെച്ചത്
സംരക്ഷിക്കപ്പെടുകയല്ല;
പുഴുത്ത്നാറുക മാത്രം
എന്നത് നീ
അറിയാതെ പോവുകയോ?
നായയും കഴുകനും കാക്കയും
പിന്നെ മറ്റുള്ള പലതും
നിൻ്റെ ശരീരം കൊണ്ട്
വിശപ്പകറ്റട്ടെയെന്ന്
വിചാരിക്കാൻ നിനക്ക്
സാധിക്കാത്തതെന്ത്?
No comments:
Post a Comment