Thursday, March 2, 2023

എന്താണ് നോമ്പ്? എവിടെ തുടങ്ങുന്നു നോമ്പ്?

മാനിനെ 

പിടിക്കാനോടുന്ന 

പുലിയും..., 


തന്നെ 

പുലി പിടിക്കുന്നത് 

പേടിച്ചോടുന്ന 

മാനും...., 


ഒരുപോലെ 

നോമ്പുകാർ. 

*****

വിശപ്പിൻ്റെ നോമ്പ്.

പേടിയുടെ നോമ്പ്.

ലക്ഷ്യബോധം ഉണ്ടാക്കുന്ന

നോമ്പ്.


അവർ വേറൊന്നും 

കാണില്ല.


അവരെ വേറൊന്നും 

ആകർഷിക്കില്ല,


അവർക്ക്

വഴിതെറ്റില്ല.


തോൽക്കാം ജയിക്കാം,

പക്ഷേ, ലക്ഷ്യം മറക്കില്ല.

*****

കൃത്യമായി അവനവന് 

ബോധ്യംവന്ന ലക്ഷ്യം.

ഓടാൻ പ്രേരിപ്പിക്കുന്ന 

ബോധ്യത്.


ആ ബോധ്യതക്ക് വേണ്ടി 

ആ ലക്ഷ്യംവെച്ച് അവനവൻ

സ്വയം എടുത്തോടുന്ന വഴിയിൽ 

പിന്നെ മറ്റൊന്നും ബാധകമല്ല.


അതപ്പോൾ അങ്ങനെ

നോമ്പ്.


തനിയേ സംഭവിക്കുന്നത്

നോമ്പ്.


കല്പനയും അനുകരണവുമില്ലാതെ 

സംഭവിക്കുന്ന നോമ്പ്.


മുൻമാതൃകകൾ 

ബാധകമല്ലാതെ സംഭവിക്കുന്ന 

നോമ്പ്.


തീർത്തും സ്വാഭാവികമായി

സംഭവിക്കുന്ന 

നോമ്പ്.


വളരുന്നതും നശിക്കുന്നതും 

നോമ്പ്.


മുട്ട വിരിയുന്നതും

വിത്ത് മുളക്കുന്നതും പോലെ

അവനവനെ ഇല്ലാതാക്കിയും 

അന്വേഷിച്ചുപോകുന്ന നോമ്പ്.


ആരും പറഞ്ഞ്

സംഭവിപ്പിക്കാനില്ലാത്ത

നോമ്പ്.


അവനവൻ്റെ തന്നെ

വളർച്ചയും തളർച്ചയും

പോലൊരു നോമ്പ്.


*****


ബോധ്യതക്ക് വേണ്ടി 

ബോധ്യപ്പെട്ടതിനു വേണ്ടി,

തീപൊള്ളിയാൽ 

കയ്യെടുക്കും പോലെ

ഓടുന്ന വേലളയിൽ, അങ്ങനെ

ഓടിപ്പോകുന്ന വേളയിൽ

മറ്റെല്ലാം വേണ്ടെന്ന് വെക്കുന്ന,

മറ്റെല്ലാം വേണ്ടെന്ന് വെച്ചുപോകുന്ന 

നോമ്പ്.

******

കുഞ്ഞിനെ ശുശ്രൂഷിക്കാൻ 

ഉറക്കമിളക്കുന്ന 

അമ്മക്ക് നോമ്പ്.


കുഞ്ഞിന് വേണ്ടി

എന്തും ചെയ്തുപോകുന്ന 

അമ്മ തന്നെ,

അമ്മയുടെത് പോലെ തന്നെ

ശരിയായ നോമ്പ്.


പൊരുത്തിനിരിക്കുന്ന കോഴി

മറ്റെല്ലാം വേണ്ടെന്ന് വെക്കുന്ന

നോമ്പ്.


സ്വയംഭൂ ലക്ഷ്യം ഉണ്ടാക്കുന്ന 

ആ ലക്ഷ്യം

സാക്ഷാത്കരിക്കാനുള്ള 

നോമ്പ്.


ബാക്കിയെല്ലാം 

വേണ്ടാതാവുന്ന, 

സ്വയം വേണ്ടെന്ന് 

വെച്ചുപോകുന്നത്ര 

നോമ്പ്. 

******


ഒന്ന് കാണുമ്പോൾ 

ബാക്കിയെല്ലാം 

കാണാതിരിക്കുന്നതും

നോമ്പ്.



ഒന്നിൽ നോട്ടം കേന്ദ്രീകരിച്ചാൽ

ബാക്കിയൊന്നും 

നോക്കാതിരിക്കുന്നതും

കാണാതിരിക്കുന്നതും 

നോമ്പ്.


******


നീ നിൻ്റെ കൈവിരൽ 

ഒന്ന് ശ്രദ്ധിച്ച് നോക്കുക.


അങ്ങനെ നീ ശ്രദ്ധിച്ച്

നോക്കുന്ന മാത്രയിൽ

ബാക്കിയെല്ലാ ലോകവും

നീ കാണാതാവും.


ബാക്കിയെല്ലാ ലോകവും

അതോടെ 

നിനക്ക് കാണാതാവും.


അതാണ് നോമ്പ്.

ഒരു ലക്ഷ്യത്തിന് വേണ്ടി

ഒരു നൂറായിരം മറ്റ് സാധ്യതകൾ 

ലക്ഷ്യങ്ങൾ ആവാതിരിക്കുന്നത് 

നോമ്പ്.


അങ്ങിനെ ഒന്നിനെ മാത്രം

ശ്രദ്ധിക്കുമ്പോൾ,

മറ്റെല്ലാം കാണാതാവുന്ന നിനക്ക്

നീ അറിയാതെയും

സ്വാഭാവികമായും 

നോമ്പ്. 


*****


പാതിരാവിൽ

എല്ലാവരുമുറങ്ങുമ്പോൾ 

ഉണർന്ന് നാട്ചുറ്റി 

കളവ് നടത്തുന്ന കള്ളന്

നോമ്പ്.


അതേ പാതിരാവിൽ തന്നെ 

എല്ലാം മറന്നുറങ്ങുന്നവനും

നോമ്പ്.


എല്ലാവരും 

ഒരുപോലെ നോമ്പുകാർ. 


ബോധ്യതക്കനുസരിച്ച്

ബോധ്യതക്ക് വേണ്ടി 

അവനവൻ്റെ വിതാനത്തിൽ

ചെയ്യുന്നതെന്തും

വേണ്ടെന്ന് വെക്കുന്നതെന്തും

നോമ്പ്. 


******


ചോറുണ്ടാവാൻ വേണ്ടി

വിറക് കത്തുന്നത് 

നോമ്പ്.


ഭ്രാന്തൻ നായയെ 

പേടിച്ചോടുന്നവന്

അത് നോമ്പ്.


അവന് 

ഭ്രാന്തൻ നായയെ കുറിച്ച,

തൻ്റെ രക്ഷയെ കുറിച്ച 

കൃത്യമായ ബോധ്യതയുണ്ട്.


അവ, ആ ബോധ്യത

അവനെനെയങ്ങനെ 

കൃത്യമായി ഓടിക്കുന്നു.

നോമ്പ്.


തൻ്റെ 

ആ ബോധ്യതയെ മുൻനിർത്തി 

അയാളോടുന്ന ഓട്ടം

അയാളുടെ നോമ്പ്.


ആ ഓട്ടത്തിനിടയിൽ 

മുള്ള് തറച്ച് 

കാല് മുറിഞ്ഞാലും 

ചോരയൊലിച്ചാലും

അപ്പോളതയാൾ അറിയാത്ത 

നോമ്പ്.


രക്ഷ നിർബന്ധമാക്കിയ 

ആ രക്ഷ എവിടെയെന്നറിഞ്ഞ 

പേടിയുടെ നോമ്പ്.


******


താപമേറ്റ് ചൂടാവുമ്പോൾ

വെളളം തിളക്കും.

ആവിപറക്കും.


തിളക്കുന്നത് തന്നെ 

ആവിപറക്കുന്നത് തന്നെ

അന്വേഷണം, പ്രാർത്ഥന.


ആകാശം തന്നെയാകുന്ന,

ആകാശം തന്നെയാകാനുള്ള 

തിളപ്പ്,  നെട്ടോട്ടം.


ആകാശം തേടിയുള്ള,

ആകാശമാകുന്ന നെട്ടോട്ടം.


പക്ഷേ, 

തിളക്കുന്നുവെന്ന് വരുത്താൻ

ആവിപറത്താൻ

തണുത്ത വെള്ളം

വെറുതെ അനുകരിച്ച് 

ഇളക്കിയാൽ അത് 

തിളക്കലാവില്ല. 


അപ്പോഴുണ്ടാവുന്ന 

വെള്ളത്തിൻ്റെ ഇളക്കം 

തിളക്കലല്ല.


അങ്ങനെ ഇളക്കിയാൽ 

ആവിപറക്കില്ല.


അങ്ങനെയുള്ള

വെറും ഇളക്കവും മുഴക്കവുമൊന്നും 

അന്വേഷണവും 

പ്രാർത്ഥനയും അല്ല.


അങ്ങനെയുള്ള

വെറും ഇളക്കവും മുഴക്കവുമൊന്നും 

അന്വേഷണവും പ്രാർത്ഥനയും

ആവില്ല.

1 comment:

palluruthij said...

നോമ്പ് അഥവാ, നോയ്മ്പ് ഒരു പക്ഷെ തമിഴിൽ നിന്നും വന്ന മലയാള വാക്കാകാം. നോയും, അന്പും കൂടിയത്. നോയ് എന്നാൽ നോവ്, വേദന; പേറ്റു നോവ് ഉദാഹരണം. അത് ഒരു വിധേയത്വമോ, അനുഷ്ഠാനമോ ആയാൽ അർത്ഥം മാറി. അവിടെ അൻപ് ഇല്ല. വെറും സ്വയം പീഡനം മാത്രം. ജീവനെ പ്രേമിച്ചു, പുലിയിൽ നിന്നും ഓടുന്ന മാനിന്‌ ജീവനും കൊണ്ട് രക്ഷ പെട്ടെ മതിയാവു. അത് സ്വാഭാവികമായ, നൈസർഗ്ഗികമായ പ്രവർത്തി ആണ്. അല്ലാതെ, ഇവിടെ നാല്പതു ദിവസം പട്ടിണി സമരം നടത്തിയാൽ , മറ്റേതോ സ്ഥലത്തു ചത്ത് ചാറും കെട്ടു ചെല്ലുമ്പോൾ, സംഗതികൾ, അവിടെ കിട്ടും കുമ്പാരി എന്ന് പറഞ്ഞു നടക്കുന്നത്, പിരാന്ത് . എപ്പോൾ, നൈസര്ഗികത നഷ്ടപ്പെടുന്നുവോ, അപ്പോൾ കൃത്രിമത്വമ് മാത്രം പ്രകാശിക്കുന്നു. വച്ച് കെട്ടു മാത്രം.