Thursday, March 16, 2023

സൂര്യൻ മദ്ധ്യാഹ്നം വിടുകയോ?

സൂര്യൻ മദ്ധ്യാഹ്നം വിടുകയോ?

മനുഷ്യൻ മധ്യവയസ്സ് കടക്കുന്നത് സൂര്യൻ മദ്ധ്യാഹ്നം വിടുന്നത് പോലെയോ? 

അല്ലെന്നറിയാം....

ആപേക്ഷിക കാര്യങ്ങളിൽ ആപേക്ഷികം മാത്രമായ ഉദാഹരണം പറയുക മാത്രം. 

നാം അനുഭവിക്കുന്ന സൂര്യൻ്റെ സ്വഭാവം വെച്ച് മാത്രം. 

അത് നമ്മളെയും നമ്മളിരിക്കുന്ന അവസ്ഥയെയെയും പ്രതലത്തെയും മാത്രം ആശ്രയിച്ചിരിക്കുന്നു. 

അല്ലാതെ സൂര്യൻ ചലിക്കുന്നത് കൊണ്ടല്ല സൂര്യൻ മദ്ധ്യാഹ്നം വിടുന്നതും താഴേക്ക് പോകുന്നതുമെന്നറിയാത്തത് കൊണ്ടല്ല. 

ഭൂമിയുടെ കറക്കവും സ്ഥാനമാറ്റവും മാത്രമാണല്ലോ സൂര്യൻ എവിടെ എങ്ങിനെയെന്ന് നമുക്ക് നിശ്ചയിക്കുന്നത്.

നമ്മുടെ സ്ഥാനവും പ്രതലവും മാനവുമാണ് നാം അനുഭവിക്കുന്ന കാര്യങ്ങളിലെ ശരിയും തെറ്റും, താഴ്ചയും ഉയർച്ചയും, നന്മയും തിന്മയും നിശ്ചയിക്കുന്നത്. 

എന്തുണ്ട്, എന്ത് കിട്ടി എന്നതല്ല, നാം എന്തെടുത്തു, എങ്ങിനെയെടുത്തു എന്നതാണ്. 

അതിനാൽ തന്നെ ശരിയും തെറ്റും താഴ്ചയും ഉയർച്ചയും നന്മയും തിന്മയും ഓരോന്നിനും വേറെ വേറെ തന്നെയാണ്. 

ഓരോന്നിൻ്റെയും ഒരോരുവൻ്റെയും സ്ഥാനവും പ്രതലവും മാനവും അനുസരിച്ച്, അത് മാറുന്നതിനനുസരിച്ച് ശരിയും തെറ്റും താഴ്ചയും ഉയർച്ചയും നന്മയും തിന്മയും മാറും. സ്ഥലവും കാലവും സമയവും മാറും.

******

കൊതുകിനും ഈച്ചക്കും അണുവിനും അതിൻ്റേതായ സ്ഥല, കാല, സമയ ഗണന. അവക്ക് നമ്മുടേതല്ലാത്ത സ്ഥല,കാല,സമയ ഗണന 

സ്ഥലം, സമയം, കാലം എന്നത്, എന്ത് തന്നെയായാലും, ആ നിലക്കും വെറും ആപേക്ഷികം. ഓരോന്നിനും ഓരോരുത്തനും ഓരോന്ന്. 

അതിനാൽ ഓരോരുത്തൻ്റെയും ശാരീരികാവസ്ഥയനുസരിച്ച് വരെ, കുറച്ചൊക്കെ ഏറിയും കുറഞ്ഞും വേണം മദ്ധ്യാഹ്നം തീരുമാനിക്കുക. സ്ഥലം, സമയം, കാലം എന്നത് നിശ്ചയിക്കുക.

******

അതുകൊണ്ട് മാത്രം പറയുന്നു:

മദ്ധ്യാഹ്ന സൂര്യൻ പിന്നീട് താഴോട്ട് മാത്രം. 

എത്രയൊക്കെ എന്തൊക്കെ ചെയ്ത് പണിപ്പെട്ടാലും മദ്ധ്യാഹ്നം വിട്ട സൂര്യൻ മുകളിലെത്തില്ല. 

ജീവിതത്തിൻ്റെ മദ്ധ്യാഹ്നം കഴിഞ്ഞവർ 

ശാരീരികമായെങ്കിലും 

ഇതിങ്ങനെയാണെന്ന് 

മനസ്സിലാക്കിയാൽ നന്ന്.

No comments: