Monday, March 6, 2023

മതവും മതാചാരങ്ങളും പൊതുവിഷയമാണ്.

ഈയുള്ളവൻ ഒരു വിശ്വാസിയല്ലല്ലോ, അതിനാൽ വിശ്വാസകാര്യങ്ങളിൽ പെട്ട ബാങ്ക് വിളിയെ കുറിച്ച് എന്തെങ്കിലും ഈയുള്ളവൻ പറയരുതല്ലോ എന്ന് ഒരു നല്ല സുഹൃത്ത് സൗമ്യമായ ഭാഷയിൽ ഉണർത്തി. 


അതൊരു നല്ല ഉപദേശമായും ഉണർത്തലായും എടുത്തുകൊണ്ട് തന്നെ പറയട്ടെ.


എല്ലാവരും ഏതെങ്കിലും കോലത്തിൽ വിശ്വാസികളാണ്. നിഷേധവും മാനദണ്ഡങ്ങൾ മാറിയ വിശ്വാസം തന്നെയാണ്.


പൊതുവിഷയങ്ങളാണ്. 


മതവും മതാചാരങ്ങളും രാഷ്ട്രീയവും ഒക്കെ പൊതുവിഷയമാണ്, പൊതുസ്വത്താണ്.


മറ്റുളളവരെ കൂടി അതിലേക്ക് ക്ഷണിക്കുന്ന മതങ്ങളാണ്, പാർട്ടികളാണ് ഏറെയും ഇവിടെയുള്ളത്. പ്രത്യേകിച്ചും മതങ്ങളിൽ സെമിറ്റിക് മതങ്ങൾ.


മതവും പാർട്ടിയും സ്വീകരിക്കാനും തള്ളാനും ആർക്കും അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട് എന്നത് തർക്കമറ്റ കാര്യം. 


എന്നത് കൊണ്ട് തന്നെ ഏത് പാർട്ടിയും മതവും സ്വീകരിക്കുന്നവർ തങ്ങൾ സ്വീകരിച്ചതിനെ കുറിച്ച് നല്ല കാര്യങ്ങളും ന്യായങ്ങളും പറയുന്നത് പോലെ തന്നെയാണ്, അതേ പാർട്ടിയെയും മതത്തെയും തള്ളിക്കളയുന്നവർ തങ്ങളത് തള്ളിക്കളയാൻ കാരണമായ മോശമായ കാര്യങ്ങളും ന്യായങ്ങളും പറയുന്നതും. തീർത്തും സ്വാഭാവികം.


അതുകൊണ്ട് തന്നെ മത രാഷ്ട്രീയ സമൂഹങ്ങൾ ഭൂരിപക്ഷമായി ജീവിക്കുന്ന ചുറ്റുപാട് നമ്മേക്കൊണ്ട് പറയിപ്പിക്കുന്ന ചിലതുണ്ട്. മതത്തെ കുറിച്ചും വിശ്വാസികളെ കുറിച്ചും. ചുറ്റുപാട് എല്ലാവരെയും ഒരുപോലെ ബാധിക്കും എന്നതിനാൽ.


ജീവിക്കുന്ന ചുറ്റുപാടിനോട് നമ്മൾ പറഞ്ഞുപോകുന്ന ചിലതുണ്ട്. മലിനജലത്തെയും അന്തരീക്ഷത്തേയും സുഗന്ധത്തേയും ദുർഗന്ധത്തേയും കുറിച്ച് സംസാരിക്കുന്ന അതേ വിതാനത്തിൽ, അതേ കാരണങ്ങൾ ന്യായമായി.


വിശ്വാസിയും വിശ്വാസിയല്ലാത്തവനും ഒക്കെ വിശ്വാസത്തെ കുറിച്ചും അവിശ്വാസത്തെ കുറിച്ചും അതുണ്ടാക്കുന്ന പ്രയാസങ്ങളെ കുറിച്ചും നന്മതിൻമകളെ കുറിച്ചും അതിലെ വ്യാകരണത്തകരാറുകളെ കുറിച്ചും വ്യാഖ്യാനിച്ചും നിരാകരിച്ചും സംസാരിക്കുക സാധാരണം. 


കളിക്കുന്നവനും ഗാലറിയിലിരിക്കുന്നവനും കളി ടിവിയിൽ കാണുന്നവനും കളിയെ കുറിച്ച് പത്രത്തിൽ വായിക്കുന്നവനും എല്ലാം കളിയെ കുറിച്ച്, അനുകൂലിച്ചും പ്രതികൂലിച്ചും അവരുടേതായ രീതിയിൽ സംസാരിക്കും. കളിയെ കുറിച്ച് ആണ് കളി കളിക്കുന്ന വന് മാത്രമേ അഭിപ്രായം പറയാൻ അവകാശമുള്ളൂ എന്നില്ല.


ബാങ്ക് വിളി ശബ്ദം വല്ലാതെ ആരോചകമായി ഉപദ്രമായി ആർക്കൊക്കെ തോന്നുന്നുവോ അവർക്കൊക്കെയും ഇതേ കുറിച്ച് സംസാരിക്കാം. ബാങ്ക് വിളിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നവർക്ക് അതിനുള്ള അവകാശം ഉളളത് പോലെ തന്നെ, അങ്ങനെ തോന്നാത്ത വർക്ക് അതിനുള്ള സ്വാതന്ത്ര്യം. പ്രത്യേകിച്ചും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന പൊതുമിനിമം മാനദണ്ഡം വെച്ചുകൊണ്ട്. അവർ വിശ്വസിക്കുന്നു എന്ന് പറയുന്ന അവരുടെ തന്നെ മതപരമായ അടിസ്ഥാനങ്ങൾ വെച്ച് ഒരു നിലക്കും നിർബന്ധമായ കാര്യമല്ല അവയൊന്നും എന്നിരിക്കെ പ്രത്യേകിച്ചും. വിശ്വാസികൾക്ക് തന്നെ  അത് വേണ്ടവണ്ണം അറിയില്ലെന്നുണ്ടെങ്കിലും. 


ഒരു നിലക്കും മതപരമായി പോലും നിർബന്ധ ചടങ്ങല്ലാത്ത ബാങ്ക് വിളി സ്വകാര്യമായല്ലാതെ എല്ലാവരും കേൾക്കുന്ന രീതിയിൽ നടത്തുന്ന കാലത്തോളം ആർക്കും അതേ കുറിച്ച് ആധികാരികമായി തന്നെ സംസാരിക്കാം.


ഭക്ഷണം രുചിച്ചവനും ഭക്ഷണത്തെ കുറിച്ചറിയുന്നവനും, അവൻ സ്വയം പാചകം ചെയ്യുന്നവനല്ലെങ്കിലും, അഭിപ്രായം പറയുക സാധാരണം.


അവരവർക്ക് അറിയാത്തതും മനസ്സിലാവാത്തതും മറ്റുള്ളവർ പറഞ്ഞുകൊടുക്കുകയും സാധാരണം. 


കുഞ്ഞുകുട്ടികളെ അവർക്കറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിച്ചു തുടങ്ങുമ്പോൾ മുതൽ നമ്മളിത് മനസ്സിലാക്കുന്നു.


******


ജനാധിപത്യത്തിൻ്റെ സ്വാതന്ത്ര്യവും അവകാശങ്ങളും അനുഭവിക്കുന്നവർ അതേ ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങളും ഉൾകൊള്ളാൻ തയ്യാറാവണം, ബാധ്യതകൾ ഏറ്റെടുക്കാൻ പഠിക്കണം.


മതേതത്വത്തിൻ്റെ തണലും അവകാശങ്ങളും അനുഭവിക്കുന്നവർ അതേ മതേതത്വത്തിൻ്റെ ഭാഗവാക്കാവാൻ തയ്യാറാവണം. 


അതുകൊണ്ട് തന്നെ അത്തരം മാതവിശ്വാസികളും അല്ലാത്തവരും ജനാധിപത്യവും മതേതരത്വവും നിൽനിൽക്കാൻ വേണ്ട ഒത്തുതീർപ്പുകൾ സ്വയം നടത്തണം. 


അവർ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി, ആ കുടയിൽ നിൽക്കാൻ വേണ്ടി സ്വയം ഒതുങ്ങണം, തിരുത്തണം.


നമുക്ക് അവകാശങ്ങൾ മാത്രമേയുള്ളൂ എന്ന് ചിന്തിക്കാൻ ജനാധിപത്യ സ്വതന്ത്ര മതേതര സമൂഹത്തിൽ നിന്നുകൊണ്ട് പാടില്ല. 


നമുക്ക് എല്ലാവരെയും തിരുത്താം, വിമർശിക്കാം നമ്മളെ ആരും വിമർശിക്കരുത്, തിരുത്തരുത് എന്ന് ജനാധിപത്യ സ്വതന്ത്ര മതേതര ലോകത്ത് അതിൻ്റെ തണലേറ്റ് ജീവിക്കുമ്പോൾ ആരും കരുതരുത്, പറയരുത്.

No comments: