Saturday, March 25, 2023

ആ പൂച്ച അങ്ങനേ ഇരുട്ടത്ത് ഒറ്റക്കൊഴിഞ്ഞിരിക്കുന്നു.

ആ പൂച്ച അങ്ങനേയങ്ങ് ദൂരേ 

ഇരുട്ടത്തൊരു മതിലിൽ 

ഒറ്റക്കൊഴിഞ്ഞിരിക്കുന്നു. 



ആകാശവും ഭൂമിയും, 

അതിലെ മുഴുവൻ 

ഭീഷണികളും വെല്ലുവിളികളും

തന്നിലേക്ക് 

ചേർത്തുപിടിച്ചെന്ന പോലൊരു

പൂച്ച. 



സർവ്വപ്രപഞ്ചങ്ങളെയും 

അതിലെ മുഴുസത്യങ്ങളെയും 

ഒറ്റക്ക് തന്നിലേക്ക് നിഴലിട്ട് 

നേരിട്ടനുഭവിച്ചും നേരിട്ടും 

പൂച്ച.



അങ്ങനേ കുറച്ച് കഴിഞ്ഞതും 

അവിടെ നിന്നുമെഴുന്നേറ്റ് 

എങ്ങോട്ടേക്കോ ഒറ്റക്ക് തന്നെ 

നടന്നുപോയി ആ പൂച്ച.



എങ്ങോട്ടെന്ന് പറഞ്ഞ് നാം 

നമുക്കായുണ്ടാക്കിയ 

ലക്ഷ്യങ്ങളും ബോധങ്ങളും 

ദിശാസൂചനകളും ഇല്ലാതെ 

നടന്നുപോയി പൂച്ച.



അലക്ഷ്യമായെന്ന് 

നമുക്ക് വേണ്ടി നമുക്ക് 

തോന്നുംവിധം 

പൂച്ചയുടെ ആ നടപ്പും ദിശയും.



കൂരുട്ടിലേക്ക്, തനിയേ...

ഇരുട്ടും വെളിച്ചമാക്കി തനിയേ...



നമ്മെ നമ്മളാക്കുന്ന 

ധൃതിയും പാരവശ്യവും 

ഇല്ലാതെ, കാണിക്കാതെ 

ആ നടപ്പിൽ പൂച്ച. 



ഉദ്ദേശരാഹിത്യം തന്നെ 

ഉദ്ദേശമാകുന്നത് പോലെ 

പൂച്ചയും ആ നടപ്പും.



എന്താണാവോ 

അപ്പോഴും എപ്പോഴും 

പൂച്ചയുടെ ഉള്ളിലിരിപ്പെന്ന് 

വഴിപോക്കന് മാത്രം 

വഴിയോരത്ത് നിന്നൊരു 

കൗതുകം!!!



ഈ കൂരിരുട്ടിലും 

എന്ത് വെളിച്ചം, എത്ര വിശാലം 

ഈ പൂച്ചയുടെ ലോകം,

വഴിപോക്കന് വല്ലാത്തൊരാശ്ചര്യം!!! 



പൂച്ചക്ക് 

ലോകം രണ്ടില്ലാത്തത് പോലെ. 

എല്ലാ രണ്ടും നാലും

പൂച്ച മാത്രമെന്നത് പോലെ.



എന്തിനാണാവോ, 

എവിടേക്കാണാവോ 

ഈ ഇരുട്ടിലും പൂച്ച 

ശാന്തമായെഴുന്നേറ്റ് പോയത്?

വഴിപോക്കന് ചോദ്യം.



ഒന്ന് മാത്രമല്ലാതെ, 

പിന്നെ ആ ഒന്ന് തന്നെയും 

ഇല്ലാതാവും വിധം, 

രണ്ടില്ലാത്തത് പോലെ 

പൂച്ച.



ധൈര്യവും അധൈര്യവും 

രണ്ട് ധ്രുവങ്ങളായ് 

ഇല്ലാത്തത് പോലെ 

പൂച്ച.



മുൻപും പിൻപും 

ഇല്ലാത്തത് പോലെ 

പൂച്ച.



ഏത് സമയവും എങ്ങിനെയും 

തിരോധാനം ചെയ്ത് 

താൻ മറവി തന്നെയാവും 

എന്നത് പോലെ 

പൂച്ച.



തിരോധാനത്തിനും 

ജീവിതത്തിനുമിടയിൽ 

ദൂരമില്ലാത്തത് പോലെ 

പൂച്ചയും അതിൻ്റെ നടപ്പും.



കാലുകൾ 

അടയാളം ഉണ്ടാക്കാനല്ലെന്ന് 

ഉറച്ച് പറയും പോലെ 

വാനപ്രസ്ഥം ജീവിതമാക്കുന്നു

പൂച്ച.



കാലുകൾ 

ജീവിതത്തിൽ നിന്ന് 

തിരോധാനത്തിലേക്കുള്ള ദൂരം 

നടന്നുതീർക്കാൻ മാത്രമുള്ളതെന്ന് 

പൂച്ച 



കൽവെപ്പുകൾക്ക് 

ശബ്ദമുണ്ടാവാൻ വരെ 

തൻ്റെ തിരോധാനത്തിനും 

തനിക്കും പ്രസക്തിയില്ലെന്ന് 

വരുത്തുന്നു 

പൂച്ച.

*****

ഒറ്റപ്പെടലിൻ്റെ തോന്നലില്ലാതെ 

ഒറ്റക്ക് ജീവിക്കണം. 


വെറും വെറുതെ. 

സമാധിയിൽ. 


ഒറ്റപ്പെടൽ തോന്നാതെ 

ഒറ്റക്ക് ജീവിക്കുന്നതിൻ്റെ പാഠം 

പൂച്ചയിൽ നിന്ന് തന്നെ 

എടുക്കണം, പഠിക്കണം.

No comments: