ജീവിതം: ആദ്യമാദ്യം
അതിജീവനം തേടലും
അതുറപ്പിക്കലും തന്നെ.
പിന്നെപ്പിന്നെ ജീവിതം:
സ്വന്തം പ്രസക്തി
തേടുക, ഉറപ്പിക്കുക.
അധികാരവും സമ്പത്തും സാഹിത്യവും ദർശനവും
സേവനവുമേകുന്ന പ്രശസ്തി
തൻ്റെ പ്രസക്തി ഉറപ്പിക്കുന്ന,
ശൂന്യത മറക്കുന്ന വഴികൾ.
****
സ്വയം തിളങ്ങാത്ത ചന്ദ്രൻ
മറ്റാരുടെയോ വെളിച്ചം
എടുത്തുവിതറുന്നു...
അകലെ നിന്ന് നോക്കിയാൽ മാത്രം
ചന്ദ്രന് സൗന്ദര്യവും
******
കാറ്റിലും മഴയിലും
സംഗീതമുണ്ട്,
ജീവിതമുണ്ട്.
പക്ഷേ,
കാറ്റിനും മഴക്കും
മതമില്ല.
കടലിലെ ഓളങ്ങളിൽ
സംഗീതമുണ്ട്,
ജീവിതമുണ്ട്.
പക്ഷേ, കടലിലെ ഓളങ്ങളിലും
മതമുള്ള സംഗീതവും ജീവിതവും
കാണാൻ സാധിച്ചില്ല .
പക്ഷികളുടെ ശബ്ദത്തിലും
മനുഷ്യൻ്റെ നടപ്പിലും
ശ്വാസോച്ഛാസത്തിലും
താളമുണ്ട്, സംഗീതമുണ്ട്,
ജീവിതമുണ്ട്.
പക്ഷേ, മതമില്ല,
മതപരമായല്ല
എവിടെയും ഒന്നും.
ഈണങ്ങൾ
മനസ്സിലും നാവിലും
കയറിക്കൂടുന്നത്
മതവും
അതിലെ വേർതിരിവും
കണ്ടല്ല.
ജീവിതം തന്നെയാണ്.
ബിസ്മില്ലാഖാനും
മല്ലികാർജുൻ മൻസൂറും
ഭീംസെൻ ജോഷിയും
അംജദ് അലി ഖാനും
അല്ലാ രഖയും
സംഗീതവിരുന്നുകൾ നടത്തി.
ജീവിതം രസമുള്ളതാക്കാൻ.
അവരുടെ വിരുന്നിൽ
അവരൊരുക്കുന്ന
സംഗീതവിരുന്നിലെവിടെയും
മതം മാത്രം കണ്ടില്ല.
ജഗ്ജിത് സിങ്
മിർസാ ഗാലിബിനെ
അതിസുന്ദരമായി പാടി.
ജീവിതം തന്നെയാക്കിക്കൊണ്ട്.
പങ്കജ് ഉദാസ്
ഒമർ ഖയ്യാമിൻ്റെ റുബാഇക്കും
ഈണമിട്ട് ഗംഭീരമായി പാടി..
ജീവിതത്തിൻ്റെ തന്നെ ഈണമിട്ട്.
എവിടെയും എങ്ങിനെയും
സംഗീതവും സൗന്ദര്യവും.
ജീവിതത്തിന് താല്പര്യമുണർത്താൻ.
എവിടെ നിന്നും
ആസ്വദിച്ചുപോകുന്നത്
സംഗീതം, സൗന്ദര്യം.
ജീവിതം തന്നെയായ്.
മതം വെറും അഭിപ്രായം.
ജീവിതം വെറും പ്രയോഗം.
മതം ആത്മനിഷ്ഠമായത്.
ജീവിതം സർവ്വതുമായത്.
ആരെന്ത് വിശ്വസിക്കുന്നു
ആരെന്ത് വിശ്വസിക്കുന്നില്ല
എന്നാർക്ക് മനസ്സിലാവും
അത്രക്കവ്യക്തമായത് മതം.
എല്ലാവരും ജീവിക്കുന്നിവെന്ന്
എല്ലാവർക്കും മനസ്സിലാവും.
ആർക്ക് മതമുണ്ട്
ആർക്ക് മതമില്ല
എന്നാർക്കറിയാം.
ആര് ജീവിക്കുന്നു
ആര് മരിക്കുന്നു എന്ന്
എല്ലാവർക്കുമറിയാം.
എന്നിരിക്കെ, നാം
സ്വയം മതേതരരെന്ന്
പുറത്ത് പറയുമ്പോഴും,
സംഗീതത്തിലും സൗന്ദര്യത്തിലും വരെ
മതം പറയുന്നതെന്തിനെന്ന്
മനസ്സിലാവുന്നില്ല.
കാരണം,
മതം ജീവിതത്തിൻ്റെ
ഗന്ധമോ ഭാഷയോ അല്ല.
No comments:
Post a Comment