Monday, March 6, 2023

പ്രസവിച്ചു, പക്ഷെ, കുഞ്ഞിനെ കാണുന്നില്ല.

ഒരു ചെറിയ കുറിപ്പെഴുതി.
മൊബൈലിൽ.

എല്ലാമായി, ഇത്രമതി 
എന്ന് കരുതി 
എഴുതിക്കൂട്ടിയ സന്ദേശം 
അയച്ചു, 
അഥവാ പോസ്റ്റ് ചെയ്തു.

സ്മാർട്ട് ഫോണിൽ 
അത്രയ്ക്ക് സമർത്ഥനല്ലാത്തതിനാൽ 
വല്ലാതെ ക്ലേശിച്ചു തന്നെ 
എഴുതിക്കൂട്ടിയത്
പോസ്റ്റ് ചെയ്തു.

പക്ഷെ, 
പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ 
ആവിയായത് പോലെ.

ഒന്നും കാണുന്നില്ല.

എന്തോ സംഭവിച്ചു.

പ്രസവിച്ചു, 
പക്ഷെ, 
കുഞ്ഞിനെ കാണുന്നില്ല.

അറിവില്ലായ്മ
കുഞ്ഞിനെയും കാണാതാക്കും. 

അങ്ങനെ 
കുഞ്ഞിനെ കാണാതായാൽ
അമ്മക്കുള്ള അതേ വെപ്രാളം
ഇവിടെയും.

നിലനിൽപ്പും 
നിലനിൽപ്പ് ആവശ്യപ്പെടുന്ന 
തുടർച്ചയും, അതുണ്ടാക്കുന്ന വെപ്രാളം. 

പ്രസവിച്ച കുഞ്ഞ്, 
എന്തായായാലും 
എങ്ങിനെയുള്ളതായാലും, 
കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്. 

നാറാണത്തു ഭ്രാന്തൻ 
കല്ലുരുട്ടി മേല്പോട്ടെത്തിച്ചു 
താഴേക്ക് ഉരുട്ടിയിട്ടത് പോലെ തന്നെ. 
എല്ലാം വെറുതെ എന്നായി. 

പിന്നെയും ഒരു കുറിപ്പ് 
ഉടനെ എഴുതാൻ തോന്നിയില്ല. 

സ്കലിച്ചതും ഛർദിച്ചതും 
വീണ്ടും അപ്പടിയെ 
ആവർത്തിച്ച് ചെയ്യുകയെന്നത് 
വല്ലാത്ത വൃത്തികേടായി തോന്നി.

സ്കലിച്ചതും ഛർദിച്ചതും 
അപ്പടിയേ എടുത്ത് വിഴുങ്ങി 
വീണ്ടും ആവർത്തിച്ച് പഴയപടി
സ്കലിക്കുകയും ഛർദിക്കുകയുമെന്നത്  
വല്ലാത്ത വൃത്തികേടായി തോന്നി.

സ്വാഭാവികമായല്ലാതെ 
ഒന്നും ചെയ്യേണ്ട 
എന്ന് കരുതി 
സംഗതി ഉപേക്ഷിച്ചു.
സ്വാഭാവികമല്ലെങ്കിൽ
ശ്വാസോച്ഛ്വാസം പോലും നിലപ്പിച്ച്
കളംവിട്ടുപോകാണമെന്നത്
ശരിയായ ഉള്ളിലിരിപ്പ്.

ഇനി, 
ആവർത്തിക്കാൻ ശ്രമിച്ച്
എഴുതിയാൽ തന്നെ 
സ്വാഭാവികമായി വന്ന ആദ്യത്തെ
ആ കുറിപ്പ് തന്നെ ആവുകയില്ലല്ലോ 
എന്ന് കരുതിക്കൊണ്ട്.

ശ്വാസോച്വാസത്തിനും 
പ്രതികരണപരതക്കും 
അങ്ങനെയൊരു കഥയും
ഗതിയും കാര്യവുമുണ്ട്. 

ശ്വാസം 
ഉടനെ തിരിച്ചുവിടുകയോ,
ഉടനേ തന്നെ തിരിച്ചുള്ളിലേക്ക് 
എടുക്കുകയോ ചെയ്തില്ലെങ്കിൽ 
പൂർണമായും എന്നേക്കുമായി 
സംഗതി നിലക്കും, മരിക്കും. 

ആശയ വിനിമയങ്ങളും 
അങ്ങനെ തന്നെ.

നടത്തിക്കൊണ്ടേയിരിക്കണം.

ജീവിതമായി വളർന്നു പൂത്തുലയാൻ 
തുടർത്തിക്കൊണ്ടേയിരിക്കണം.
ഒരുനിമിഷവും ഒഴിവാക്കാതെ
ഹൃദയവും നാടിയും
മിടിക്കുന്നത് പോലെ.
വെറും വെറുതെയെന്ന് തോന്നിപ്പിച്ച്
വെറും വെറുതെയല്ലാതെ. 

എന്നാലും,
ഉണർത്തിയ, ഉയർത്തിയ 
വിഷയം ചെറുതല്ലാത്തതിനാൽ, 
വീണ്ടുമത് 
സ്പർശിക്കാതെ പോകുന്നത് 
ശരിയല്ലയെന്ന് തോന്നുകയാൽ,  
വീണ്ടും ചിലത് എഴുതിപ്പോകുന്നു.

ഒന്നും ഒരിലയും പൂവും
പഴയത് പോലെയല്ലാത്ത വിധം. 

നീണ്ടുപോകുന്നെങ്കിലും 
ഒരായിരം പൂക്കളും ഇലകളും
ഏറെയുണ്ടായി 
വിഷയത്തിൽ നിന്നും 
തെന്നിമാറുന്ന വിധം
വളഞ്ഞുചുറ്റുന്നുവെന്ന്
തോന്നുന്നുവെങ്കിലും 
ക്ഷമിക്കുക.

സ്വാഭാവികതയും 
അതിന്റെ ഒഴുക്കും 
നഷ്ടപ്പെടുകയാണെങ്കിലും
ക്ഷമിക്കുക. 

ആത്യന്തികമായി 
ബാക്കിയാവുക,
നിലനിൽക്കുക 
സ്വാഭാവികത മാത്രം. 
നിലനിൽപ്പ് മാത്രം.

**********

പറഞ്ഞത് ശരിയാണ്.

ശരിയാണ്.

പലതും
പുരുഷനും സ്ത്രീക്കും 
ഒരു പോലെ സാധിക്കും, 
സാധിക്കണം.

പുരുഷന് സാധിക്കുന്നത്
സ്ത്രീക്കും,
സ്ത്രീക്ക് സാധിക്കുന്നത്
പുരുഷനും 
സാധിച്ചെന്നിരിക്കും.

പ്രകൃതിയും 
പ്രകൃതവും 
സ്വഭാവവും 
മറന്നുപറഞ്ഞാൽ
പ്രത്യേകിച്ചും.

എന്നാലും,
ആപേക്ഷികമായ 
യാഥാർഥ്യബോധത്തിലൂന്നി 
ചിലത് പറയണമല്ലോ? 

സ്ത്രീ ചെയ്യുന്ന ജോലികളിൽ  
പുരുഷനും സഹകരിക്കാം, 
സഹകരിക്കണം.

സൂചിയും നൂലും
വേറെ വേറെ തന്നെ 
ദൗത്യം ചെയ്യാൻ
നിയോഗമുള്ളവർ.

സൂചിക്ക് നൂലും
നൂലിന് സൂചിയും
ആവാൻ സാധിക്കാതെ.
ആവേണ്ടതില്ലാതെ.

എന്നാലും 
ഒരുകാര്യം ഉറപ്പാണ്.

സ്ത്രീയും പുരുഷനും 
തുല്യം, സമം 
എന്നൊക്കെ പറയാം.

സമം, തുല്യം
എന്നൊക്കെ പറയുമ്പോഴും
പാലിനും പുളിക്കും
ഒരേ രുചി, ഒരേ ഗുണം
എന്നൊന്നും ആരും പറയില്ല.

അതിൻ്റേതായ
സ്ഥാനത്ത് തന്നെ
സ്വർണമായാലും 
ഇരുമ്പുലക്കയായാലും 
ഉപയോഗവും വിലയും
കണ്ടെത്തും.

അതിനാൽ തന്നെ, 
തുല്യം, സമം എന്നതിലൂടെ 
നടക്കുന്നത് പുരുഷന്റെ 
ഒളിച്ചോട്ടമാവരുത്. 

പുരുഷൻ സ്ത്രീയും
സ്ത്രീ പുരുഷനും 
ആവുക എന്നതാവരുത്.

സൂചി നൂലും
നൂല് സൂചിയും
ആയി മാറുന്നത്
യുക്തിയല്ല.

നൂലും സൂചിയും 
ഒന്ന് പോലെ
ഒരേ ദൗത്യം
നിർവ്വഹിക്കുന്നതും
ശരിയല്ല. 

മൊത്തമായി ഒരു വസ്ത്രം
തുന്നിയൊരുങ്ങാൻ
വ്യത്യസ്തമായ ദൗത്യം ചെയ്ത്
സൂചിയും നൂലും.

ഒന്ന് മറ്റൊന്നാവാതെ,
ഒന്ന് മറ്റൊന്നിനെ പോലെയാവാതെ.

നൂല് സൂചിയും കൂടിയായി
സ്ത്രീക്ക് 
ബാധ്യതയും ഭാരവും 
കൂടുന്നതുമാവരുത്. 

****"

എത്ര തുല്യതയും സമത്വവും
പറഞ്ഞാലും 
നൂലിന് നൂലിൻ്റെതായ
കഴിവും കഴിവുകേടുമുണ്ട്. 
സൂചിക്ക് സൂചിയുടെതായതും.

സൂചി ഏത് വിധേനയും
പുതിയ വഴികൾ
അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത്.

സൂചി പുതിയ വഴികൾ 
അന്വേഷിക്കുന്ന പ്രക്രിയയിൽ 
പുതിയ വഴികൾ
ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നത്.

നൂല് സൂചിയുണ്ടാക്കിയ വഴിയിൽ
നിന്നിടം നിൽക്കുന്നത്.

സ്ത്രീക്ക് 
ആർത്തവവും ഗഭധാരണവും 
ഒഴിവാക്കാൻ പറ്റാത്തത്. 
സ്ത്രീയെ സ്ത്രീയാക്കുന്നത്.

കുഞ്ഞുണ്ടാവുമ്പോൾ 
കുഞ്ഞുമായുണ്ടാവുന്ന 
ആഴമേറിയ ആത്മബന്ധവും
സ്ത്രീക്ക് 
ഒഴിവാക്കാൻ സാധിക്കാത്തത്.

എന്നിരിക്കേ,
പുരുഷൻ ചെയ്യുന്നത് കൂടി
സ്ത്രീ അക്കരപ്പച്ച കണ്ട്
ആവേശം മൂത്ത് 
അങ്ങോട്ട് പോയി 
ഏറ്റെടുത്താൽ 
എന്തോ ചിലത് നേടിയെന്ന് വരും.
പക്ഷേ ഒരുകുറെ നഷ്ടപ്പെടും.

അങ്ങനെ വന്നാൽ
യഥാർഥത്തിൽ
സ്ത്രീയല്ല രക്ഷപ്പെടുക;
പുരുഷനാണ്.
സ്ത്രീക്കാണ്
ബാധ്യതയും ഭാരവും കൂടുക;
പുരുഷനല്ല.

പുലിയുടെ മുകളിൽ 
കയറിയിരുന്നവൻ
വിജയം നടിച്ച്, ഭാവിച്ച്
ആഹ്ലാദിച്ച് ഒരുവേള 
ചിരിക്കും, സന്തോഷിക്കും.

ശരിയാണ്. 
പുലിയുടെ മുകളിൽ തന്നെയാണ്
അവനിപ്പോൾ.

പക്ഷേ, 
ശരിയായ ചിരി, 
അവസാന ചിരി
പുലിടുടെതായിരുക്കും
എന്ന് മാത്രം.

തൻ്റെ ഇര 
തൻ്റെ മുകളിൽ തന്നെ
തനിക്ക് വേണ്ടി 
സുരക്ഷിതമായിരിക്കുന്നു
എന്നോർത്ത്, 
രഹസ്യമായി വിജയിച്ച്.

******

വ്യത്യസ്തമായത് തേടി 
ആവുന്നത്ര 
വിത്ത് വിതരണം നടത്തുക 
എന്നത് തന്നെയാണ്
പുരുഷലക്ഷണം.

ഒരുപക്ഷേ പ്രകൃതിപരമായ 
പുരുഷധർമ്മം.

അതിനാൽ തന്നെ 
പിതൃത്വത്തിന്റെ 
ഉത്തരവാദിത്തം ഏറ്റെടുക്കാൻ 
പുരുഷൻ 
സ്വമേധയാ തയാറാവില്ല. 

ഇടയിൽ നാം
കൃത്രിമമായുണ്ടാക്കിയ,
നമ്മുടെ തന്നെ 
പരിരക്ഷയും സുരക്ഷയും 
ലക്ഷ്യമാക്കിയുണ്ടാക്കിയ, 
സമൂഹവും വ്യവസ്ഥിതിയും 
ഇല്ലെങ്കിൽ.

അവൻ ഒളിച്ചോടും.
സൂചിയെ പോലെ
നിന്നിടം നിൽക്കാതെ. 

നിന്നിടം നിൽക്കാത്ത 
പുരുഷൻ്റെ അടിസ്ഥാന പ്രകൃതം 
ആലസ്യത്തിന്റേതാണ്.
ഒളിച്ചോട്ടത്തിൻ്റെതാണ്.

കവിതയും ചിന്തയും
സന്യാസവും അധികാരവും
സാഹിത്യവും ദർശനവും
ഒളിച്ചോട്ടത്തിന്
ആവശ്യമായതാണ്.
ഒളിച്ചോട്ടം 
ആവശ്യമാക്കിയതാണ്.

പുരുഷൻ 
ശൂന്യത തൊട്ടറിയുന്നവൻ.
ഉള്ളുപൊള്ളയെന്നറിയുന്ന
നിസ്സഹായൻ.

പുരുഷൻ
നിന്നിടം നിൽക്കാൻ 
സാധിക്കാത്ത
അപ്പൂപ്പൻ താടി. 

അതിനാൽ തന്നെ 
പുരുഷൻ പദാർത്ഥപരനല്ല.
ഏറെയും കാല്പനികൻ.
ഏറെയും ആകാശത്ത്.

അവൻ ഏറെയും 
പദാർത്ഥപരനാവുന്നത്,
ഭൂമിയിൽ ആവുന്നത്, 
വിവാഹാനന്തരം. 

പെണ്ണ് അവന്റെ മേൽ 
കെട്ടിയേല്പിക്കപ്പെടുന്നതോടെ മാത്രം,
പെണ്ണിന് വേണ്ടി മാത്രം
പുരുഷൻ ഭൂമിയിൽ
യാഥാർത്ഥ്യ ബോധത്തോടെ.

*****

ശൂന്യത തൊട്ടറിയുന്നവനും
ഉള്ളുപൊള്ളയായവനുമകയാൽ 
പുരുഷന് അന്വേഷണത്തിൽ 
ആവേണ്ടി വരുന്നു.
എന്തെങ്കിലും അർത്ഥം
വേണ്ടിവരുന്നു 

താൻ ഇതാണ്, 
താൻ അതാണ്
എന്ന് തെളിയിക്കാൻ 
അവന് അധികാരവും 
കവിതയും ചിന്തയും 
സന്യാസവും ദാർശനികയും 
ഒക്കെ ആവശ്യമാകുന്നു.  

ആത്മീയത എന്ന് 
പേരിട്ടു വിളിക്കുന്ന 
അന്വേഷണത്തിൽ
അവൻ ഒളിച്ചോടും. 

സാധാരണഗതിയിൽ 
ഉള്ളറിഞ്ഞു നിറഞ്ഞുനിൽക്കുന്ന, 
ജീവിതം തന്നെയായ, 
ജീവിതത്തെ കൊണ്ടുനടക്കുന്ന 
സ്ത്രീക്ക് ഇത് ബാധകമല്ലാത്തത്.
സ്ത്രീയത്, അക്കരപ്പച്ച കണ്ട്
കൊതിച്ചുനേടേണ്ടതുമില്ല.

സ്ത്രീക്ക് 
സാധാരണ ഗതിയിൽ
ബോറടി ഇല്ല.
ഉള്ളുപൊള്ളയായി തോന്നില്ല.
അവൾ 
ആയിരിക്കും പോലെ ആവും.
ആയിരിക്കുന്നതിൽ ആവും. 


പുരുഷൻ്റെ ഒളിച്ചോട്ടം
ഒരർത്ഥത്തിൽ 
അപ്പൂപ്പൻ താടി
പാറിനടക്കുന്നത് പോലെ മാത്രം.
എവിടെയെങ്കിലും 
വിത്തിട്ട് പോകാൻ

വിത്ത് സ്വയം,
ഭൂമിയായ, 
നിന്നിടം നിൽക്കുന്ന
സ്ത്രീയിൽ വേരാഴ്‌ത്തി 
അർത്ഥവും അസ്തിത്വവും
ഉണ്ടാക്കും, കണ്ടെത്തും.

വിത്ത്
അർത്ഥവും അസ്തിത്വവും
തന്നെയായി മാറും.

പക്ഷേ,
പക്ഷേ, അതേ ഭൂമിക്ക്
വളവും തടവും ഇടാതെ
പുരുഷൻ കടന്നുപോയി
രക്ഷപ്പെടുന്നതൊഴിവാക്കാൻ, 
അവനെ പിടിച്ചു കെട്ടാൻ 
കൃത്രിമമായും പ്രകൃതി വിരുദ്ധമായും 
ഉണ്ടായ, നാം ഉണ്ടാക്കിയ 
സംഗതിയാണ് വിവാഹം.

അതുകൊണ്ട് തന്നെ
വിവാഹം 
പുരുഷൻ പെണ്ണിനെ കെട്ടുന്ന 
പരിപാടി അല്ല.  

സ്ത്രീയെ സംരക്ഷിക്കാൻ, 
സ്ത്രീയെ സ്വതന്ത്രയായി
സുരക്ഷിതമായി
ഫലഭൂയിഷ്ഠമായി
തളിർപ്പിച്ച് നിർത്താൻ
സമൂഹം പുരുഷൻ്റെ മേൽ 
കെട്ടിയെല്പിക്കുന്ന സംഗതിയാണ് 
വിവാഹം.

*****

പ്രകൃതിപരമായി തന്നെ
പുരുഷനിൽ അച്ഛനില്ല.

സമൂഹവും വ്യവസ്ഥിതിയും 
പിടിച്ചുനിർത്തി 
ഉണ്ടാക്കിയാലല്ലാതെ. 

സ്ത്രീയെയും കുഞ്ഞിനെയും
സംരക്ഷിക്കാനല്ലാതെ.

അതിനാൽ, 
അങ്ങിനെ പിടിച്ചുനിർത്താനാണ് 
വിവാഹം.

*****

പുരുഷൻ 
അവനറിയാതെയും 
പിതാവാകും. 

അങ്ങനെ 
അറിയാതെ പിതാവായി 
അവൻ 
ഊരും പേരുമില്ലാതെ 
രക്ഷപ്പെടരുത്. 

അതിനാണ് വിവാഹം.

*****

പ്രകൃതിപരമായി പറഞ്ഞാൽ 
പുരുഷനും പിതാവും 
അനുമാനം, സങ്കൽപം. 

പുരുഷൻ 
ആകാശം പോലെ. 

അതുകൊണ്ട് തന്നെയാണ്
ദൈവത്തെയും
പിതാവായി കണ്ടത്.
ആകാശമായ് കണ്ടത്.
ആകാശത്ത് കണ്ടത്.

വെറും അനുമാനവും
സങ്കൽപ്പവുമായവൻ പിതാവ്.

ആകാശം തന്നെ ആയവൻ
പിതാവ്.

കാണപ്പെടാത്തവൻ,
അറിയപ്പെടാത്തവൻ
പിതാവ്.

അടുത്ത് പോയി നോക്കിയാൽ
ഇല്ലാത്ത ആകാശം.
പിതാവ്.

അതിനാലാണ് 
ആകാശ്മായ പുരുഷനെ, 
പിതാവിനെ 
ഭൂമിയുമായി കെട്ടിയിടാൻ 
വിവാഹമെന്ന സംഗതി 
വ്യവസ്ഥിതിയും സമൂഹവും 
കൃത്രിമമായി 
ഉണ്ടാക്കിയെടുത്തത്.

അവൻ ഒളിച്ചോടാതിരിക്കാൻ. 

അവന്റെ മേൽ 
ഉത്തരവാദിത്വം കെട്ടിയേല്പിക്കാൻ.

സ്ത്രീക്കും 
അവളിൽ അവനുണ്ടാവുന്ന 
കുഞ്ഞിനും വേണ്ട 
ഭൗതികമായ 
സാമ്പത്തികമായ 
സഹായസഹകരണങ്ങൾ 
നൽകാൻ
പുരുഷൻ, പിതാവ്.

പൊതിഞ്ഞു നിന്ന്
സംരക്ഷണം നൽകുന്ന
ആകാശം, ദൈവം, പിതാവ്.

അത് സ്ത്രീയായി 
അവനിൽ നിന്ന്
സ്വാതന്ത്ര്യവും സമത്വവും 
തുല്യതയും പറഞ്ഞ്
എടുത്തുകളഞ്ഞാൽ
രക്ഷപ്പെടുന്നത് സ്ത്രീയല്ല;
പുരുഷനാണ്.

ബാധ്യതയും ഭാരവും കൂടുന്നത്
പുരുഷനല്ല, സ്ത്രീക്കാണ് 

*****

പിതാവ് എന്നതിന്ന് 
ഡി എൻ എ കൊണ്ടോക്കെ 
സമർത്ഥിക്കാം  
എന്നത് മാറ്റിനിർത്തിയാൽ 
അമ്മക്ക് പോലും 
ഉറപ്പിച്ചുപറയാൻ 
കഴിയാത്ത കാര്യം.
ദൈവം എന്നത് പോലെ.

പ്രകൃതിപരമായി പറഞ്ഞാൽ,
ഒരു പുരുഷന് 
ഓരോ നിമിഷവും 
പിതാവാകാം.

ഓരോ സ്കലനത്തിലും 
ഒരു നൂറായിരം 
പിതാവാകാൻ മാത്രമുള്ളത്ര 
ബീജങ്ങളും ഉണ്ട്.

ഓരോ ചക്കയും 
ഒരായിരം വിത്തുകളെ
പേറുന്നത് പോലെ.
ഓരോ വിത്തും
ഓരോ പിലാവ്
തന്നെയാകാൻ
കരുത്തുള്ളത്.

പ്രകൃതി 
പുരുഷനിൽ ഏല്പിച്ച കാര്യം 
ഒരു സ്ത്രീയുടെ 
ഭർത്താവാവുക എന്നതല്ല.

ഒരു പുരുഷനും 
ഒരു സ്ത്രീയും 
പരസ്പരം തങ്ങൾക്ക്
എന്നെന്നേക്കും
ഒന്ന് മാത്രം എന്നതിൽ 
സംതൃപ്തരല്ല. 

അഭിനയിച്ചു പറയുന്നത് 
മാറ്റി നിർത്തിയാൽ.

സാമൂഹ്യ സുരക്ഷിത്വം 
മാനദണ്ഡമാകയാൽ. 

ഒരു സ്ത്രീക്ക് വേണ്ടി മാത്രം 
പുരുഷനിൽ ബീജം 
ഉൽപാതിപ്പിക്കപ്പെടുന്നില്ല. 

അങ്ങിനെയായിരുന്നെങ്കിൽ 
ഭാര്യ ഗർഭിണിയായാൽ 
ബീജം ഉൽപാതിപ്പിക്കപ്പെടരുതായിരുന്നു.

പുരുഷ ബീജം 
തന്റെ ഭാര്യയെ മാത്രം 
ഗർഭിണിയാക്കാൻ വേണ്ടി
മാത്രമായിരുന്നെങ്കിൽ 
മാസത്തിൽ ഒരു പ്രാവശ്യം, 
അതല്ലേൽ വർഷത്തിൽ
ഒരു പ്രാവശ്യം മാത്രം 
ബീജം ഉണ്ടാകണമായിരുന്നു. 

കാരണം ഒരു സ്ത്രീയും
ഒരു വർഷത്തിൽ
ഒന്നിലധികം
ഗർഭം ധരിക്കില്ല തന്നെ.

പക്ഷെ സ്ത്രീയുടെ കഥയതല്ല.

സ്ത്രീയുടെ കഥ അതേയല്ല.

സ്ത്രീയിൽ അമ്മയുണ്ട്.
പിടിച്ചു കെട്ടപ്പെടുന്ന
അമ്മയുണ്ട്. 

അതിന്നുവേണ്ട 
ആർത്തവവും 
ഗർഭധാരണവും 
മുലയൂട്ടലും.

അവൾക്കു മാസത്തിൽ 
ഒരുപ്രാവശ്യമേ 
അണ്ഡം ഉത്പാദിപ്പിക്കാൻ കഴിയൂ. 

ഏറിയാൽ 
കൊല്ലത്തിൽ ഒരിക്കലേ 
ഗർഭിണി ആവാനും 
മാതൃത്വം പുല്കാനും പറ്റൂ.

പ്രകൃതിപരമായിത്തന്നെ.  

No comments: