ഒന്നുമില്ലെന്ന്,
ഒരു കാര്യവുമില്ലെന്ന്
എല്ലാവരും ഒറ്റക്കറിയുന്നു.
പക്ഷേ അതൊരറിവല്ലെന്ന്
വരുത്താൻ ശ്രമിക്കുന്നു.
അതിനായ് ബാഹ്യമായി
പലതിലും മുഴുകി
ആ മുഴുകുന്നതിൻ്റെ
അർത്ഥമുണ്ടാക്കാൻ ശ്രമിക്കുന്നു.
ആ അർത്ഥമാണ് ജീവിതത്തിൻ്റെ
അർത്ഥമെന്ന് വരുത്തുന്നു.
ആ അർഥത്തിന് വേണ്ടി
ജീവിക്കുന്നു എന്നും
വരുത്തിക്കളയുന്നു.
*****
ഓരോ നിമിഷവും
ജനിക്കുന്നു, മരിക്കുന്നു.
ഓരോ നിമിഷത്തിൻ്റെ
ജനനവും മരണവും.
ഓരോ കോശത്തിൻ്റെ
ജനനവും മരണവും.
അങ്ങനെ
ഒരായിരം മരണങ്ങളുടെ
തുടർച്ചയും ആകത്തുകയും
ജീവിതം.
ജീവിതം സംഭവിക്കുന്നത്
മരണം കൊണ്ട്.
ജീവിതം കിടന്നുറങ്ങുന്നത്
മരണത്തെ മടിത്തട്ടിലാക്കിക്കൊണ്ട്.
*****
ഓർമ്മിക്കപ്പെടാൻ ഓരോരുത്തരും
ആഗ്രഹിച്ചു പോകുന്നു.
പക്ഷേ ആരെങ്കിലും
എപ്പോഴെങ്കിലും എവിടെയെങ്കിലും
ഓർമ്മിച്ചത് കൊണ്ടെന്ത് കാര്യം?
ഒരു കാര്യവുമില്ല.
എന്നിട്ടും
ഓർമ്മിക്കപ്പെടാൻ വേണ്ടി മാത്രം
ജീവിതം അഭിനയിച്ചു തീർക്കുന്നു.
ആരും ഓർക്കുമെന്ന്
ഒരുറപ്പും ഇല്ലാതെ പോലും.
*****
പേറ്റുപായയിൽ നിന്നും
കുഴിമാടം വരെയുള്ള
ഏത് വഴിയിലെ നിൻ്റെ
ഏത് രൂപവും ഭാവവും
ആരോർക്കാൻ?
ആരും ആരേയും ഓർക്കുന്നില്ല.
ജീവിതം ജീവിതത്തിന് വേണ്ടി
ആവശ്യപ്പെടുനനത് മാത്രമല്ലാതെ.
******
ആകയാൽ
ജീവിതത്തിന് തുടർച്ച കണ്ടെത്തലും,
ആ തുടർച്ച കണ്ടെത്താൻ
വേണ്ടത് ചെയ്യലും,
ആ തുടർച്ചക്ക് വേണ്ട
അടുത്ത തലമുറയെ ഉണ്ടാക്കലും,
ആ തലമുറ ഉണ്ടാകാൻ വേണ്ട
വിത്ത് വിതരണം ചെയ്യലും,
ഉണ്ടാവുന്ന ആ തലമുറയെ
വളർത്തിക്കൊണ്ടുവരലും,
അങ്ങനെ ഉണ്ടായിവരുന്ന
ആ തലമുറയിൽ അഭിമാനം കൊള്ളലും,
അതിൽ തന്നെ അർത്ഥം കണ്ടെത്തലും,
അർത്ഥവും ന്യായവും കണ്ടെത്താൻ
ശ്രമിക്കലും തന്നെ ജീവിതം.
******
ജോലിയും മദ്യവും ഭക്തിയുമൊക്കെയായി
എങ്ങിനെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും,
അർത്ഥമില്ലായ്മ തൊട്ടറിയുന്ന
നിരാശയിലാണ് മനുഷ്യൻ.
ആ നിരാശയെ
മറ്റൊരു സൂഹത്തോടുള്ള
അസൂയയും ശത്രുതയുമായി
മാറ്റിയൊഴുക്കി വിട്ടാലും
അതങ്ങനെ തന്നെ.
No comments:
Post a Comment