നിനക്ക് നടക്കണം.
പക്ഷേ നിന്നിടത്ത് തന്നെ നിൽക്കണം.
നിന്നിടം വിട്ടുനീങ്ങാൻ ഒരുക്കമല്ല.
ചോറ് വേണം.
വിറക് കത്തിക്കാനോ
അരിയുടെയും വെള്ളത്തിൻ്റെയും
സ്വഭാവം മാറ്റാനോ തയ്യാറല്ല.
നീന്താൻ നിനക്ക് കൊതി.
വെള്ളത്തിലിറങ്ങാത്ത
നീയെങ്ങിനെ നീന്തും?
*****
മനുഷ്യത്വം, മനുഷ്യസ്നേഹം
എന്നത് വിട്ട്
ജീവിത്വം, ജീവിസ്നേഹം
എന്നാവണം.
എന്നതും വിട്ട്
പ്രാപഞ്ചികത്വം പ്രാപഞ്ചികസ്നേഹം
എന്നാവണം.
എന്നതും വിട്ട്
മുഴുത്വം, മുഴുവനും, മുഴുവനോടും
എന്നാവണം.
എന്നതും വിട്ട്
ഒന്നുമല്ല, ഒന്നുമില്ല, ഒന്നിനോടുമില്ല
എന്നുമാവണം.
*****
ഒന്നിനെ ഇഷ്ടപ്പെട്ടുകൊണ്ട്
മറ്റുളളതെല്ലാം വെറുക്കുന്ന
പരിപാടിയാണ് ഇവിടെ
കാര്യമായുള്ളത്.
ഒന്ന് നേടി
സർവ്വതും നഷ്ടപ്പെടുന്ന
പരിപാടി.
സ്നേഹിച്ചുകൊണ്ട് എന്ന വാക്കുപയോഗിക്കുന്നില്ല.
കാരണം,
സ്നേഹം അവനവനോട് മാത്രമാണ്. ജീവിതത്തോട് മാത്രം.
തന്നോടുള്ള സ്നേഹം വെച്ചുള്ള
മറ്റുളളവരോടുള്ള
ഇഷ്ടവും വെറുപ്പും മാത്രമേയുള്ളൂ.
ഒന്ന് നഷ്ടപ്പെടുത്തി
സർവ്വതും നേടുന്ന വിദ്യ
ആർക്കുമറിയില്ല.
അറിഞ്ഞാലും,
ഉള്ള ഒന്ന്
നഷ്ടപ്പെടാൻ തയ്യാറില്ലാത്തവൻ
സർവ്വതും നഷ്ടപ്പെടാൻ
ഏറെയെളുപ്പം ഒരുങ്ങുന്നു.
No comments:
Post a Comment