ഫിസിക്സ് എന്ന വിഷയം എന്താണെന്നാണ് കേരള പ്ലസ് വൺ പ്ലസ് ടൂ ബോർഡ് മനസ്സിലാക്കുന്നത്?
ഫിസിക്സ് ചരിത്രം പോലുള്ള വെറും ഒരു വിഷയമാണെന്നാണോ?
ഫിസിക്സ് പഠിക്കുന്ന കുട്ടികൾ ചരിത്രത്തിന് ഉത്തരം നൽകുന്നത് പോലെ തത്തമ്മേ പൂച്ച പൂച്ച എന്ന ഉത്തരം നൽകിയാൽ മാത്രം മതിയെന്നാണോ?
കുട്ടികളെ അത്തരം തത്തമ്മേ പൂച്ച പൂച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന രീതിയിൽ ഫിസിക്സ് പഠിപ്പിച്ചാലും പരിശീലിപ്പിച്ചാലും മതിയെന്നാണോ?
ഫിസിക്സ് ഒന്നും മനസ്സിലാക്കാതെ, തൊണ്ടതൊടാതെ വിഴുങ്ങി പഠിക്കേണ്ട വിഷയമാണെന്നാണോ?
ഫിസിക്സാണ് ശാസ്ത്രം, ഫിസിക്സാണ് ലോകത്തിൻ്റെ ഇന്നത്തെ പുരോഗതി, ഫിസിക്സാണ് ലോകത്തിൻ്റെ ഇനിയങ്ങോട്ടുള്ള പുരോഗതി ഉണ്ടാക്കുന്നതും നിശ്ചയിക്കുന്നതും എന്നത് മനസ്സിലാക്കാതെ പോകുന്നുവോ?
ഫിസിക്സ് എന്ന വിഷയത്തിൽ ചരിത്രത്തിൽ ചോദിക്കുന്നത് പോലെ കാണാതെ പഠിച്ച് ഉത്തരം പറയാവുന്ന ചോദ്യങ്ങളാണോ ബോർഡ് സ്ഥിരമായി ചോദിക്കേണ്ടത്?
ഫിസിക്സ് എന്ന വിഷയം കണക്കിൻ്റെ application നടക്കുന്ന വിഷയമല്ലേ? കണക്ക് കളിക്കുന്നത് ഫിസിക്സിൽ അല്ലേ?
രസതന്ത്രം പരീക്ഷിക്കപ്പെടുന്നതും നടപ്പിലാക്കപ്പെടുന്നതും ഫിസിക്സിൽ അല്ലേ?
കണക്ക് ശരിക്കും പരീക്ഷിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും ഫിസിക്സിൽ അല്ലേ?
അതുകൊണ്ട് തന്നെ ഫിസിക്സിൽ ഏറെയും നൽകേണ്ടത് application level ചോദ്യങ്ങൾ അല്ലേ?
പ്രശ്നങ്ങൾ നൽകി പരിഹാരം കണ്ടെത്താനല്ലേ ഫിസിക്സിൽ ചോദ്യങ്ങൾ ഉണ്ടാവേണ്ടത്?
ഫിസിക്സ് എന്ന വിഷയത്തിൻ്റെ സിലബസ് മാത്രം നന്നായാൽ മതിയോ?
NCERT നടപ്പാക്കുന്ന സിലബസിനെ അതേ ഗൗരവത്തിലും ആഴത്തിലും ഇവിടെ അധ്യാപകർ പഠിപ്പിക്കേണ്ടതില്ലേ? അതേ ഗൗരവത്തിലും ആഴത്തിലും ഇവിടെ പരീക്ഷകൾക്ക് ചോദ്യങ്ങൾ നൽകി കുട്ടികളുടെ നിലവാരം ഉയർത്തേണ്ടതല്ലെ?
അങ്ങിനെ പഠിപ്പിച്ചിട്ടു വേണ്ടേ എന്തിനുംപോന്ന, നാടിനും ലോകത്തിനും സംഭാവനയാവുന്ന, വലിയ സംഭാവനകൾ നൽകുന്ന അവഗാഹമുള്ള ശാസ്ത്ര തലമുറയെ സൃഷ്ടിക്കാൻ?
ഫിസിക്സ് സിലബസ് പഠിപ്പിക്കുന്നതും ഫിസിക്സിൽ നിന്ന് പഠിക്കുന്നതും ആ നിലക്ക് നന്നാവേണ്ടെ?
ഇതേ സിലബസ് വെച്ച് സിബിഎസ്ഇ പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന ചോദ്യപേപ്പറിൻെറ നിലവാരം നോക്കൂ.
ആ നിലവാരം എന്ത് കൊണ്ട് കേരള ബോർഡിനും അധ്യാപകർക്കും പഠിപ്പിച്ചുകൂടാ, ഉണ്ടാക്കിക്കൂട?
ഇതേ സിലബസിൽ ഉയർന്ന നിലവാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പഠിച്ച് പരിശീലിച്ചു വരുന്ന ഈ സിബിഎസ്ഇ കുട്ടികളോടൊപ്പമല്ലേ ഇവിടുത്തെ നമ്മുടെ കുട്ടികൾക്ക് പിന്നീട് ഉപരിപഠന സമയത്ത് മത്സരിക്കേണ്ടി വരിക? ഐഐടി പോലുളള സ്ഥാപനങ്ങളിൽ എത്താൻ വേണ്ട മത്സരപരീക്ഷകളിൽ നേരിടേണ്ടി വരിക?
ഒന്നും പഠിക്കേണ്ടതില്ലാത്ത വിധം കുറച്ച് നിർവചനങ്ങൾ കാണാപഠിക്കും വിധം കുട്ടികളെ എന്തെങ്കിലും പഠിപ്പിച്ചാൽ മതിയോ?
അങ്ങനെ വിഷയത്തിൻ്റെ ആഴം തൊടാതെ, application leval സ്പർശിക്കാതെ എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചാൽ മതിയോ?
കുറേ വിജയശതമാനം ഉണ്ടാക്കാൻ വേണ്ടി മാത്രം പഠിക്കുന്നതും പഠിപ്പിക്കുന്നതും ലഘൂകരിക്കുകയാണോ വേണ്ടത്?
വിജയശതമാനം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം ചോദ്യങ്ങൾ അതിലളിതമാക്കുകയുമാണോ വേണ്ടത്?
******
ചുരുങ്ങിയത് ഇന്നത്തെ പ്ലസ് വൺ ഫിസിക്സ് ചോദ്യപേപ്പർ നോക്കൂ.
പരിഹരിക്കാനുള്ള ഒരൊറ്റ പ്രോബ്ലമില്ല.
കാണാതെപഠിച്ച് ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങൾ മാത്രം.
ഇതുകൊണ്ട് തന്നെയല്ലേ നമ്മുടെ കുട്ടികൾ ഉയർന്ന പഠനത്തിനും ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ എത്തുന്നതിനും അയോഗ്യരാവുന്നത്?
******
കുട്ടികൾ കൊണ്ടുപോയ Calculator പോലും ഉപയോഗിക്കേണ്ടതേ വന്നില്ല.
ഒരു നിസ്സാരമായ പ്രശ്നം പോലും ചോദിച്ചില്ല.
ചോദിച്ചത് കാണാതെ പഠിച്ചു പറയേണ്ട നിർവ്വചനങ്ങൾ മാത്രം.
എന്തിനാണാവോ എന്തോ?
എന്താണാവോ ഉദ്ദേശിക്കുന്നത് എന്തോ?
******
പ്ലസ് ടൂവിന് ശേഷം പ്രധാന കോഴ്‌സുകൾക്ക് പ്രവേശനം നൽകാൻ നടത്തുന്ന കീം, jee പോലുള്ള പരീക്ഷകൾക്ക് വേണ്ടി പഠിക്കാനും പരിശീലിക്കാനും ഒരുങ്ങാനും വേറെന്ത് വഴി?
ആർക്കെങ്കിലും തോന്നുന്നുണ്ടോ സിദ്ധാന്തം ആഴത്തിൽ പഠിക്കാനാണ്, പഠിപ്പിക്കാനാണ് ഇതിങ്ങനെ ചെയ്യുന്നതെന്ന്?
സിദ്ധാന്തം ശരിക്കും മനസ്സിലാവുന്നത് അതിൻ്റെ application മനസ്സിലാവുമ്പോഴല്ലേ?
അല്ലാതെ ഒന്നും മനസ്സിലാവാതെ, ഒന്നും കാര്യമായി മനസ്സിലാക്കിക്കൊടുക്കാതെ, തത്തമ്മേ പൂച്ച പൂച്ച എന്ന് വെറുതേ കാണാതെ പഠിപ്പിച്ച് കഴിവുകെട്ട അദ്ധ്യാപകർ ഭീമമായ ശമ്പളം വാങ്ങി തടിതപ്പുന്നതാണോ ശരിയായാ സിദ്ധാന്തം പഠിപ്പിക്കൽ?
ഇവിടെയുള്ള സ്കൂളുകളിൽ യഥാർഥത്തിൽ എന്ത് നടക്കുന്നു, അധ്യാപകർ ശരിക്കും എന്ത് പഠിപ്പിക്കുന്നു എന്ന അടിസ്ഥാനയാഥാർത്ഥ്യവും (ground realityയും) നമ്മൾ മനസ്സിലാക്കേണ്ടേ?
ഗൗരവത്തിൽ പഠിക്കുന്ന ഒരു പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥിയുടെ പിതാവായിക്കൊണ്ടും വിദ്യാർത്ഥിയായിക്കൊണ്ടും ആർക്കെങ്കിലും ഇങ്ങനെതന്നെ വേണം പരീക്ഷകൾ എന്ന അഭിപ്രായം പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
*****
ആറാം ക്ലാസുകാരനോട് ചോദിക്കേണ്ട മട്ടിലുള്ള ചോദ്യങ്ങൾ.
പ്രശ്നം അതല്ല.
ഉള്ളറിഞ്ഞ്, എല്ലാം മനസ്സിലാക്കി, നന്നായി പഠിക്കുന്ന കുട്ടി വെറുതേ, എന്ത് എന്തെന്നറിയാതെ കാണാതെ പഠിക്കാത്തത് കൊണ്ട്, സ്വന്തമായ ഭാഷയിൽ creative ആയി ഉത്തരമുണ്ടാക്കി നൽകി പിറകിലാവുകയും ചെയ്യും.
*****"
മറിച്ച് വലിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പർ ഇങ്ങനെ തയ്യാറാക്കുന്നത്, സ്കൂളുകളിൽ ഇങ്ങനെ പഠിപ്പിക്കുന്നത് എന്ന് ആര് പറഞ്ഞാലും അവർ പറയുന്നത് ഒരളവോളം ശരിയാണ്.
പ്രത്യേകിച്ചും അവർ പറഞ്ഞ കോലത്തിലാണ് അതിവിടെ നടക്കുന്നതെങ്കിൽ അവർ പറഞ്ഞത് പൂർണമായും ശരിയാണ്.
പക്ഷേ വാസ്തവത്തിൽ ഇവിടെ നടക്കുന്നത് മറിച്ചാണ്.
കഴിവുകെട്ട അദ്ധ്യാപകർ, ശമ്പളത്തിന് വേണ്ടി മാത്രം വന്ന് വെറും ജോലിയായി അഭിനയിക്കുന്നു.
അവരുടെ കഴിവുകേടിന് ന്യായം ഉണ്ടാക്കുന്നു.
എളുപ്പമുള്ള ചോദ്യങ്ങൾക്ക് വേണ്ടി മാത്രം അല്ലറചില്ലറ പഠിപ്പിക്കുന്നു.
ഇഷ്ടം പോലെ മാർക്ക് നൽകി വലിയ വിജയ ശതമാനം ഉണ്ടാക്കുന്നു. ഒരർത്ഥത്തിൽ മാർക്ക് ജിഹാദ് തന്നെ നടത്തുന്നു.
എല്ലാവരെയും ആയിനത്തിൽ ഭംഗിയായി തൃപ്തിപ്പെടുത്തുന്നു. കബളിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ, കുട്ടികൾ യഥാർഥത്തിൽ ഒന്നും പഠിക്കുന്നില്ല. മാതാപിതാക്കൾ അക്കാര്യം അറിയുന്നുമില്ല.
കുട്ടികളുമായി interact ചെയ്താൽ ഇക്കാര്യം ശരിക്കും മനസ്സിലാവും..
എന്നാലോ, ഇതേ അധ്യാപകരും സാമ്പത്തികമായി കഴിവുള്ളവരും അവരുടെ കുട്ടികളെ ശരിക്കും application ലെവലിൽ ആഴത്തിൽ പഠിപ്പിക്കുന്ന സ്കൂളുകളിലും കോച്ചിംഗ് ക്യാമ്പുകളിലും കൊണ്ടുപോയി ചേർത്ത് പഠിപ്പിക്കുകയും ചെയ്യുന്നു. ഐഐടി യും ഐഐമും NITയും ഐസരും ലക്ഷ്യമാക്കിക്കൊണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും വലിയ സ്വകാര്യങ്ങളുള്ള സ്കൂളുകളിലും മറ്റുമൊക്കെയായി.
അപ്പോൾ ആർക്കാണ് ഇവിടെ നഷ്ടം?
പാവപ്പെട്ട സാധാരണക്കാരായ കഴിവുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും.
സ്കൂളിൽ നടക്കുന്ന മറിമായം എന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മാത്രം.
അല്ലാതെ അവർ സത്യസന്ധമായ പറഞ്ഞ സത്യസന്ധമായ കാരൃം പോലെയല്ല.
No comments:
Post a Comment