Thursday, March 23, 2023

ഉളള വസ്ത്രവും ഉരിഞ്ഞുപോകുക മാത്രമാണത്

ആരും വഴിതെറ്റി നടക്കുന്നില്ല.

 എന്തുകൊണ്ട്‌?

വഴിയില്‍ അല്ലാതാവാന്‍ ആര്‍ക്കും പറ്റില്ല. 

എല്ലാവരും ജനിച്ച്, ജീവിച്ച്, മരിക്കുന്ന വഴിയിൽ.

******

വീണ്കിട്ടിയ വിശ്വാസത്തെ സംരക്ഷിക്കുന്നവർ എക്കാലത്തും അത് തന്നെ ചെയ്തു? 

മുഹമ്മദും യേശുവും ബുദ്ധനും കൃഷ്ണനും വന്നപ്പോഴും അവർ എതിരേ നിന്ന് അത് തന്നെ ചെയ്തു. 

ഇക്കാലത്തെ വിശ്വാസികളെ വെച്ച് മനസിലാക്കാം അക്കാലത്ത് ഇവർ ആരുടെ കൂടെ ആയിരുന്നിരിക്കുമെന്ന്. 

അബൂജഹലും പിലാത്തോസും അവർക്ക് വീണ്കിട്ടിയ വിശ്വാസത്തെ സംരക്ഷിക്കുക ചെയ്തത് മാത്രം. 

അതാത് കാലത്ത് പോയി നോക്കണം ഇതറിയാൻ.

******

കണ്ണിൽ വെളിച്ചമടിക്കുമ്പോൾ ഒളിച്ചോടിപ്പോകും. 

എന്ത് ചെയ്യണം, എങ്ങിനെ നേരിടണമെന്നറിയാതെ ഒളിച്ചോടിപ്പോകും.

നേരത്തെ ഗർഭം ധരിച്ച പെൺകുട്ടിയെപ്പോലെ. 

പ്രായോഗികതയിൽ നിന്നുളള, അതിൻ്റെ കെട്ടിക്കുടുക്കുകളിൽ നിന്നുള്ള ഒളിച്ചോട്ടം തന്നെ. 

എങ്ങിനെ നേരിടണം, ആരെയെല്ലാം നേരിടണം എന്നതിൽ വ്യാകുലപ്പെട്ട്.

ഇത് കടന്നുവന്നവന്, ഇതിലൂടെ കടന്നുവന്നവന് ഇത് മനസ്സിലാവും. 

ഒന്നും വേണ്ട, ഒന്നിനും ഇല്ല, വെറുതേയങ്ങ് അതിജീവിച്ചാൽ മാത്രം മതി എന്ന് മാത്രം തോന്നും.

ആരും അറിയാതെ, ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ആർക്കും പിടുത്തം കൊടുക്കാതെ, അപരിചിതനായി മാത്രം, ഒരുതരം അവകാശവും ഇല്ലാതെ, എല്ലാം ഒഴിവാക്കി, എല്ലാവരെയും ഒഴിവാക്കി, ഒറ്റക്കൊഴിഞ്ഞിരുന്നാൽ മാത്രം മതിയെന്ന് തോന്നിപ്പോകും.

എങ്ങിനെയെങ്കിലും, അന്നവും പാർപ്പിടവും പിന്നെ ഏറിയാൽ വസ്ത്രവും മാത്രം ഒത്തുകിട്ടിയാൽ മതിയെന്ന്, അങ്ങനെ അതിജീവിച്ചാൽ മാത്രം മതിയെന്ന് തോന്നിപ്പോകും.

എങ്ങിനെയെങ്കിലും എവിടെയെങ്കിലും വെറുതേ പോയിരുന്നാൽ മതിയെന്ന് വരെ തോന്നിപ്പോകും. 

ബുദ്ധനും മുഹമ്മദും സോക്രട്ടീസും ഒരർത്ഥത്തിൽ ഒളിച്ചോടുക തന്നെയായിരുന്നു. 

വേണ്ടാത്തതെന്ന് അവർക്കപ്പോൾ തോന്നിയതിൽ നിന്ന് ഒളിച്ചോടുക തന്നെയായിരുന്നു.

അവരെ ആ ഘട്ടത്തിൽ പേടിപ്പിച്ച ബാധ്യതകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അതിൻ്റെ സങ്കീർണതകളിൽ നിന്നും അതുണ്ടാക്കിയേക്കാവുന്ന വിധേയത്വത്തിൽ നിന്നും ഒളിച്ചോടുക തന്നെയായിരുന്നു. 

കാരണം, വെളിച്ചവും തെളിച്ചവും തിരിച്ചറിവും ഏറ്റവും കൂടുതൽ ഭയക്കുന്നത് വിധേയത്വത്തെയാണ്. 

അവർക്കും മറ്റുള്ളവർക്കും അവർ വിധേയത്വത്തെ വല്ലാതെ പേടിച്ചത് പിന്നീട് നിസ്സാരമായി തോന്നിയിട്ടുണ്ടാവാം. 

സംഘർഷപ്പെടുന്ന ഘട്ടത്തിൽ ആ പേടി തന്നെയായിരുന്നു അവർക്ക് ഏറ്റവും വലുത്. 

പോയ ബുദ്ധിയും അപ്പോഴത്തെ പേടിയും ആന വലിച്ചാലും തിരിച്ചുവരില്ല.

കൊട്ടരമല്ലേ, എല്ലാം അവിടെയില്ലേ എന്ന ഇപ്പോഴത്തെ നിങ്ങളുടെ കല്പനകളും ചോദ്യങ്ങളും അവരുടെ അപ്പോഴത്തെ  സംഘർഷങ്ങളേയും പേടിയേയും ഒളിച്ചോട്ടമനസ്സിനേയും തടുക്കുന്ന കല്പനകളല്ല, ചോദ്യങ്ങളല്ല. 

ആത്മീയതയും (അങ്ങനെ ആത്മീയത തന്നെയായി ഒന്ന് ഭൗതികതയിൽ നിന്നും വേറിട്ട് വേറെ തന്നെയില്ല, എന്നാലും..) അന്വേഷണവും എന്തോ ആണെന്നും, അത് എങ്ങിനെയൊക്കെയോ ആണെന്നും ആദ്യമാദ്യം അവരും പിന്നീട് നിങ്ങളും എല്ലാവരും തെറ്റിദ്ധരിച്ചു. 

ഉളള വസ്ത്രവും ഉരിഞ്ഞുപോകുക മാത്രമാണത്.

വെറുതെ ഇരുന്നാൽ അറിയുന്നത് തന്നെയേ തപസ്സ് എന്ന പേരിൽ എന്ത് ചെയ്താലും, ആത്മപീഡനം നടത്തിയാലും, സുന്ദരമായ മറ്റെന്തൊക്കെ പേരുകളിട്ട് വിളിച്ച് ഏത് ധ്യാനവും യോഗയും ചെയ്താലും കിട്ടൂ എന്നതൊക്കെ പിന്നീടുള്ള ഓരോരുവൻ്റെയും അറിവ്. 

പിന്നീട്, ഇങ്ങനെ ഒന്നുമില്ല എന്ന് ആ അറിഞ്ഞ അറിവ് എന്തോ കുന്തമാണെന്ന് വരുത്തുന്നത് ശുദ്ധകാപട്യവും സ്ഥാന, മാന, അധികാര, ആർഭാട മോഹവും മാത്രം. 

ഒന്നുമില്ല, ഒന്നും അറിയുന്നില്ല, അറിയുന്നത് ഒന്നുമല്ല എന്നോക്കെത്തന്നെയാണ് എല്ലാ ജ്ഞാനികളും ഉള്ളിൻ്റെയുള്ളിൽ ആകയാൽ തൊട്ടറിയുന്നത്.

No comments: