Tuesday, March 28, 2023

ജീവിതം തന്നെ നിർമ്മിതിയും അപനിർമ്മിതിയും

ചിലരങ്ങനെ. 

നീന്താനേയറിയില്ല. 


എന്നാലോ? 


വലിയ പുഴയിലും കടലിലും, 

ആഴവും പരപ്പുമറിയാതെ 

ഇറങ്ങും. 

ശ്വാസംമുട്ടിമുങ്ങും. 


എന്നിട്ടോ? 


കടലിനെയും പുഴയെയും 

കുറ്റം പറയും. 


എന്തിന്? 


മുങ്ങിയതിനും ശ്വാസംമുട്ടിയതിനും. 


കടലിനും പുഴക്കുമുള്ള 

വിഷയദാരിദ്ര്യം കൊണ്ടാണെന്ന്. 


അവരറിയില്ല, 

കടലും പുഴയും 

ആർക്കുമൊരു വാക്കും 

കൊടുത്തിട്ടില്ലെന്ന്. 


ആർക്ക് വേണ്ടിയും 

എന്തൊക്കെയോ വിഷയങ്ങൾ 

പേറിനടക്കുമെന്നും.

******

ചില ജീവിതങ്ങൾ അങ്ങനെ.

ചില അന്വേഷണങ്ങളും കണ്ടെത്തലും അങ്ങനെ.

തുടങ്ങുമ്പോഴേക്കും, 

അതിലേക്ക് ഊളിയിട്ട് നിവരുമ്പോഴേക്കും തീർന്നു പോകും. 

തുടക്കം തന്നെ ഒടുക്കവും ആവുന്നത് പോലെയാവും 

വളരേ നന്നായിരുന്നുവെന്ന് തോന്നും, പക്ഷേ, അതുകൊണ്ട് തന്നെ പോരെന്നും വിശപ്പ് ബാക്കിയെന്നും വരും... 

ജീവിതവും അന്വേഷണവും ഇങ്ങനെ തുടരുമായിരിക്കും, അല്ലേ?

ജീവിതം പോര പോര എന്ന തോന്നലും വെച്ച്, ഇനിയുമിനിയും  ഏറേയെറെ വേണമെന്ന് വെച്ച്      തുടരുമായിരിക്കും, അല്ലേ?  

അന്വേഷിച്ച് ഒന്നും നേടാതെ, അന്വേഷണം തന്നെ നേട്ടമാക്കി ജീവിതം തുടരുമായിരിക്കും, അല്ലേ?

നഷ്ടവും ലാഭവും ജീവിതം തന്നെയാക്കി ജീവിതം തുടരുമായിരിക്കും, അല്ലേ?

ജീവിതവും അതിലെ വിശപ്പും വിശപ്പ് തന്നെയായ അന്വേഷണവും തന്നെ നിർമ്മിതിയും അപനിർമ്മിതിയും ആക്കിക്കൊണ്ട് ജീവിതം തുടരുമായിരിക്കും, അല്ലേ?

ജീവിതവും അന്വേഷണവും തന്നെ ഉയർച്ചയും താഴ്‌ചയും വളർച്ചയും തകർച്ചയും ആക്കിക്കൊണ്ട് ജീവിതം തുടരുമായിരിക്കും, അല്ലേ?

No comments: