Friday, March 3, 2023

എല്ലാ രേഖകളും നേർരേഖകൾ.

ചോദിക്കുന്നവർ ചോദിക്കുന്നില്ല. 

കേൾക്കുന്നവർ കേൾക്കുന്നില്ല. 

നോക്കുന്നവർ കാണുന്നില്ല. 

കാണുന്നവരും കാണുന്നില്ല. 

തൊലിപ്പുറത്ത് 

അന്തംവിട്ട് തന്നെ 

ഏറെയും.

******

എന്നിൽ നിന്നും നിന്നിലേക്ക് ഒരു നേർരേഖയുണ്ട്.

എന്ന് മാത്രമല്ല എന്നിൽ നിന്നും എല്ലാ ഓരോരുത്തനിലേക്കും ഓരോ നേർരേഖയുണ്ട്.

അതുപോലെ തന്നെ ഓരോരുത്തനും നിന്നിലേക്ക് അയാളുടെതായ ഓരോ നേർരേഖയുണ്ട്.

മധ്യബിന്ദുവിൽനിന്നും പുറത്തേക്ക് വരുന്ന എല്ലാ രേഖകളും നേർരേഖകൾ. 

പുറത്ത്നിന്നും മധ്യത്തിലേക്കുള്ള എല്ലാ രേഖകളും നേർരേഖകൾ....

എവിടെനിന്ന് എവിടേക്കും നേർരേഖകൾ. 

ഒരു ബിന്ദുവിലേക്ക് ചുറ്റുമുള്ള മറ്റെല്ലാ ബിന്ദുക്കളിൽ നിന്നും വരുന്ന എല്ലാ രേഖകളും നേർരേഖകൾ. 

ഓരോരുത്തർക്കും അവരവർ പോകുന്ന അവവരുടേതായ രേഖ നേർരേഖ. 

എന്നിരിക്കെ എത്ര ആലോചിച്ചിട്ടും ഏതെങ്കിലും ഒന്ന് മാത്രം ശരിയെന്ന്, ഏതെങ്കിലും ഒരു രേഖ മാത്രം നേർരേഖ എന്ന് കരുതാനും പറയാനും സാധിക്കുന്നില്ല.

എല്ലാം ഒരുപോലെ ശരിയെന്ന് മാത്രം, നേർരേഖ എന്ന് മാത്രം പറയാൻ സാധിക്കുന്നു.

തെറ്റെങ്കിൽ എല്ലാം ഒരുപോലെ തെറ്റെന്നും പറയാൻ സാധിക്കുന്നു.

എന്നിരുന്നാലും, ഏറിയാൽ ഏത് നിലക്കും തെറ്റെന്ന് പറയാവുന്നത് ഒന്ന് മാത്രമുണ്ട്. 

ഏതെങ്കിലും ഒന്ന് മാത്രം ശരിയെന്ന്, ഏതെങ്കിലും ഒരു രേഖ മാത്രം നേർരേഖയെന്ന്  ആര് പറഞ്ഞാലും ആ പറയുന്ന പറച്ചിൽ മാത്രം തെറ്റെന്ന്.

ഒന്നുറപ്പ്.

എങ്ങനെയെല്ലാം എന്തെല്ലാം ചെയ്തും പറഞ്ഞും അർത്ഥമുണ്ടെന്ന് സമർത്ഥിച്ചാലും, സമർഥിക്കാൻ ശ്രമിച്ചാലും...., 

എങ്ങനെയെല്ലാം എന്തെല്ലാം ചെയ്തും പറഞ്ഞും.അർത്ഥമുണ്ടാക്കിയാലും, അർത്ഥമുണ്ടാക്കാൻ ശ്രമിച്ചാലും....,

ജീവിതത്തിന് പ്രത്യേകിച്ച് ബോദ്യതയിൽ വരുന്ന ഒരർത്ഥവുമില്ല. 

ജീവിതത്തിന് സ്ഥിരമായി ശരിയെന്ന് പറയാവുന്ന കൃത്യമായ ഒരർത്ഥവുമില്ല.

അങ്ങനെയൊരു അർത്ഥം ജീവിതത്തിന് കിട്ടുന്നില്ല, ഉണ്ടാക്കാനാവുന്നില്ല.

No comments: