Sunday, March 12, 2023

വെറും വെറുതേയിരിക്കുക. അതിനപ്പുറം ഒരു ലക്ഷ്യവുമില്ല.

ധാരണകളിൽ നിന്നും 

രക്ഷനേടണം. 


ധാരണകളൊക്കെയും 

തടവറ.


സ്വന്തത്തെക്കുറിച്ച

സ്വന്തം ധാരണയും

സ്വന്തത്തെക്കുറിച്ച

മറ്റുള്ളവരുടെ ധാരണയും

തടവറ.


വെറും വെറുതേയിരിക്കുക. 


ഒഴിഞ്ഞിരിക്കുക.


എല്ലാ ധാരണകളുമൊഴിഞ്ഞ് 

എല്ലാ ധാരണകളിൽ നിന്നുമൊഴിഞ്ഞ്

വെറുതേയിരിക്കുക.


വെറും വെറുതേയിരിക്കുന്നതിനപ്പുറം 

എന്ത് ചെയ്യാനാണ്?

ഒരു ലക്ഷ്യവുമില്ല. 

ഒരു ലക്ഷ്യവും ഉണ്ടാവാനില്ല.

ഉണ്ടാവാനുള്ളത് ഉണ്ടാവും.

നീ ലക്ഷ്യങ്ങൾ

ഉണ്ടാക്കിയാലും ഇല്ലേലും.


വെറും വെറുതേയിരിക്കുക 

സാധിക്കാൻ മാത്രം

ബാക്കിയെല്ലാം ചെയ്യുന്നത്,

ചെയ്യേണ്ടിവരുന്നത്.


വെറും വെറുതേയാവുന്നതിനപ്പുറമുള്ള

ലക്ഷ്യങ്ങളൊക്കെയും

നിലനിൽക്കാത്തത്. 

വെറുതേയാവുന്നതിലാണ്

പ്രപഞ്ചവും പ്രാപഞ്ചികതയും. 


വെറും വെറുതേയിരിക്കുന്നതിന് 

ആദ്യം സ്വന്തത്തെക്കുറിച്ച 

മറ്റുള്ളവരുടെ ധാരണകളിൽ നിന്നും

രക്ഷനേടണം. 


ആരോടും ഒന്നും പറയാനില്ല

എന്ന് വരണം. 

ആർക്കും ഒന്നും

മനസ്സിലാക്കിക്കൊടുക്കാനില്ല 

എന്ന് വരണം.

ഒന്നും ആരെയും  

മനസ്സിലാക്കിക്കൊടുക്കേണ്ടതില്ല

എന്നും വരേണം.


അത്രക്ക് നിരാശ്രയനായ്,

ആവശ്യങ്ങൾ കുറഞ്ഞ് കുറഞ്ഞ്

ഇല്ലാതെയായി

വെറും വെറുതെയാവുക.


വെറും വെറുതെയാവുകയല്ലാത്ത 

വേറൊന്നില്ലാതെ

വെറും വെറുതെയാവുക.


എന്നാലും

വെറും വെറുതേയായിരിക്കാൻ അനുവദിക്കപ്പെടില്ല. 


ചുറ്റുള്ളവരാരും 

അതിനനുവദിക്കില്ല. 


നീയാവാൻ കൊതിക്കുന്ന 

നീയും നിൻ്റെ ധാരണകളും 

അതിനനുവദിക്കില്ല.


കാരണം

വെറും വെറുതേയിരിപ്പ്

ധാരണകളെ പൊളിക്കും.


വെറും വെറുതേയിരിപ്പ്

എല്ലാ ധാരണകളും പൊളിഞ്ഞാൽ 

സംഭവിക്കുന്നത്.


വെറും വെറുതേയിരിപ്പ്

തൊലികൾ കളഞ്ഞാൽ

ബാക്കിയാവുന്ന അവസ്ഥ.


വെറും വെറുതേയിരിപ്പ്

എല്ലാം തൊലികൾ മാത്രമാണെന്ന്

അറിഞ്ഞുവന്നാൽ സംഭവിക്കുന്നത്.


വെറും വെറുതേയിരിപ്പ്

ശൂന്യതയെ ലാവയായ് 

പുറത്തുവരുത്തും. 


വെറും വെറുതേയിരിപ്പ്

ശൂന്യതയെത്തന്നെ

ഉള്ളും പുറവുമാക്കും. 


വെറും വെറുതേയിരിപ്പ്

ഉള്ളും പുറവും ഇല്ലെന്നാക്കും. 


വെറും വെറുതേയിരിപ്പ്

ചുറ്റുള്ളവരുടെ ശൂന്യതയെ 

പുറത്ത്കൊണ്ടുവരും. 


അതിനാൽ തന്നെ

നിൻ്റെ വെറുതേയിരിപ്പ്

ചുറ്റുമുള്ളവർക്കും

സഹിക്കാവതല്ല. 


വെറും വെറുതേയിരിപ്പ് 

എല്ലാവരുടെയും ധാരണക്ക് 

പുറത്താക്കുന്നത്ര അപരിചിതനാക്കും. 


വെറും വെറുതേയിരിപ്പ്

സ്വയം ഇല്ലാതാവുന്നത്രയാക്കും.


വെറും വെറുതേയിരിപ്പ്

അപരിചിതനാവുക മാത്രമല്ലാതെ 

മറ്റൊന്നും പറയാനില്ലെന്നാക്കും.


വെറും വെറുതേയിരിപ്പ്

എല്ലാം സുരക്ഷിതത്വത്തിൻ്റെ 

ഭിത്തികൾ തരുന്ന 

തടവറയുടെ ഭിത്തികൾ 

മാത്രമെന്നാക്കും.


വെറും വെറുതേയിരിപ്പ് 

തടവറ ഭിത്തികളിൽ 

സ്വയം ബന്ധപ്പെടുത്തി 

തിരിച്ചറിയുന്ന വ്യക്തിത്വവും 

സ്ഥാനവും മാനവും

ഒന്നുമല്ലെന്ന് വരും, വരുത്തും.


വെറും വെറുതേയിരിപ്പ്

ബാക്കിയെല്ലാം ഓരോരുത്തരും 

വെറും വെറുതേയല്ലെന്ന് 

വരുത്താനുള്ള വൃഥാശ്രമമാണ് 

എന്ന് വരുത്തും.


അങ്ങനെ വെറും വെറുതേ 

വൃഥാവിലാവുന്ന കുറേ ശ്രമങ്ങൾ 

ജീവിതമെന്നും വരും, വരുത്തും.


*****


വെറും വെറുതേയിരിപ്പ്

പറഞ്ഞുതരും.


"അപരിചിതമാണ് ജീവിതം,


അപരിചിതനായിപ്പോകുന്നതിലെ 

പേടിയാണ് ജീവിതത്തിൽ 

എല്ലാം ചെയ്യിപ്പിക്കുന്നത്. 


അപരിചിതനായിപ്പോകുമ്പോഴുള്ള 

അരക്ഷിതത്വത്തെ 

ജീവിക്കുന്ന നിനക്ക് പേടിയാണ്.


പരിചയത്തിലെ വ്യക്തിത്വം 

നഷ്ടമാകുന്നതിലെ പേടി.


അതിന് വേണ്ടി 

ബാഹ്യമായ പലതിലും 

ജീവിതത്തെ നീ ചാരുന്നു. 


ചിതലരിക്കുന്ന ചാരുകളിൽ.


ചിതലരിക്കുന്ന ചാരുകൾ തന്നെ 

നമ്മളെ നമ്മളാക്കുന്നതെന്ന് 

നമ്മൾ കരുതിപ്പോകുന്ന 

എല്ലാ മതിലുകളും മറകകളും,

ഉപാധികളും പ്രവൃത്തികളും

എന്ന് വെറും വെറുതേയിരിപ്പ്

നിനക്ക് ചൊല്ലിയോതിത്തരും. 


******

ഒരു കാര്യവും 

എഴുതുന്നില്ല, എഴുതിയിട്ടില്ല. 

അത് തന്നെയാവാതെ. 


ഒരു കാര്യവും 

പറയുന്നില്ല, പറഞ്ഞിട്ടില്ല. 

അത് തന്നെയാവാതെ. 


കാല്പനികതയും അവകാശവാദവും 

അഭിനയവും കാപട്യവും പറഞ്ഞ് 

സാഹിത്യവും ദർശനവും 

ഉണ്ടാക്കുക ലക്ഷ്യമല്ല.


No comments: