Thursday, March 9, 2023

ഭൂമിയും ആവർത്തിച്ച് മാത്രം കറങ്ങുകയാണല്ലോ?

ഒരു സുഹൃത്ത് ഉണർത്തി. 

ഒരു സുഹൃത്ത് എന്ന് പറഞ്ഞാൽ. വല്ലാത്തൊരു സുഹൃത്ത്. 

സൗഹൃദം ഇങ്ങനേയുമോ എന്ന് ആശ്ചര്യപ്പെട്ടുപോകുന്ന, അന്തംവിട്ട് പോകുന്ന ഒരു സുഹൃത്ത്. 

കറുപ്പാണോ വെളുപ്പ്, അതല്ല വെളുപ്പാണോ കറുപ്പ് എന്ന് സംശയിപ്പിച്ചുകളയുന്ന, സുഹൃത്ത്. 

അങ്ങനെയുള്ള ഒരു സുഹൃത്ത് തന്നെ (അത്രക്ക് മാന്യനായകയാൽ അദ്ദേഹത്തിൻ്റെ പേര് ഇവിടെ ചേർക്കുന്നില്ല) ഈയുള്ളവനെ താഴെ പറയുംപോലെ ഉണർത്തി:

"ഇതെല്ലാം ആരൊടാണാവോ ചർവ്വിതചർവ്വണം പോലെ നിരന്തരം  വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്..? എല്ലാവർക്കും എല്ലാത്തിനേപറ്റിയും അവരവരുടെ ബോധ്യവും അറിവും ഉണ്ടെന്ന ബോധമെങ്കിലും താങ്കൾക്ക് ഉണ്ടാവുന്നത് നന്ന്..! എപ്പോഴും ഒരേകാര്യത്തിൽ  മാത്രം  വിഹരിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന് തോന്നുന്നു...!!"

എങ്ങിനെയുണ്ട് ഒട്ടും വിഷയദാരിദ്ര്യമില്ലാത്ത അങ്ങേയറ്റം ജ്ഞാനിയും വിവേകിയുമായ ഈ നല്ല സുഹൃത്തും, അയാൾ മനസ്സിലാക്കുന്നതും? 

എങ്ങിനെയുണ്ട് സർവ്വലോകത്തിനും വേണ്ടി ഈ മാന്യദേഹം വിശാലമായി സൂക്ഷിക്കുന്ന സഹിഷ്ണുതയും ഗുണകാംക്ഷയും? 

എങ്ങിനെയുണ്ട് സഹിഷ്ണുതയും ഗുണകാംക്ഷയും മാത്രം വെച്ചുള്ള ഇയാളുടെ വിവേകം തുളുമ്പിനിൽക്കുന്ന ഉണർത്തൽ?

വല്ലാത്തൊരു മാന്യനായ ഈ ദേഹത്തെക്കൊണ്ട് ഇങ്ങനെ ഉണർത്തിപ്പറയിപ്പിക്കാൻ മാത്രം പ്രേരിപ്പിച്ച ഈയുള്ളവൻ്റെ ഇന്നലത്തെ ഒരു ചെറിയ പോസ്റ്റ് കീഴെ:

"കുളിമുറിയില്‍ നിന്നും ടോയ്‌ലെറ്റില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കുന്ന ദൈവമേ മക്കയിലും കാശിയിലും വത്തിക്കാനിലും ദേവാലയങ്ങളിലുമുള്ളൂ."

വളരേ ചെറിയ പോസ്റ്റ്.

ഏത് അപ്രതീക്ഷിത ദിശയിൽ നിന്നും കാലുവെച്ച് വീഴ്ത്തി നിലത്തടിക്കുമെന്ന് വ്യക്തമായും ഉണർത്തിത്തരുന്ന ഈ മാന്യദേഹത്തിന് ഈയുള്ളവൻ അപ്പോൾ തന്നെ നൽകിയ ചെറിയ മറുപടി:

"ഹാവൂ... 

എന്തൊരു സ്നേഹമസ്രുണമായ ഗുണകാംക്ഷയും സഹിഷ്ണുതയും നിറഞ്ഞ ഉണർത്തൽ. 

വളരേ സന്തോഷം ഇത്തരം നല്ല മനസ്സുകളെയും ഉണർത്തലുകളെയും കാണുമ്പോൾ. 

ഒപ്പം ഒന്ന് വിനയപുരസ്സരം പറയട്ടെ... 

ഈയുള്ളവൻ വല്ലാതെ പേടിച്ചുപോയി. 

ഈയുള്ളവൻ താങ്കളുടെ വാളിലാണോ, പറമ്പിൽ വന്നാണോ ഇങ്ങനെ പോസ്റ്റ് ചെയ്തതെന്ന്. 

പിന്നീട് മനസ്സിലായി ഈയുള്ളവൻ്റെ തന്നെ വാളിലാണെന്ന്, ഇടത്തിലാണെന്ന് . 

അതിനാൽ താങ്കൾക്കുള്ള സ്വാതന്ത്ര്യം ഈയുള്ളവനും ഈ ജനാധിപത്യ മതേതര സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടെന്ന് ഉള്ളിൽ കരുതി ചെറുതായൊന്നു സമാധാനിച്ചു. 

താങ്കളെ പോലെ ഒരു സുഹൃത്ത് ഉണർത്താൻ ഇല്ലാതെ പോയതിനാലാവണം മുഹമ്മദും യേശുവും മാർക്സും ഗാന്ധിയും നാരായണഗുരുവും ഒക്കെ, മറ്റുള്ളവർക്കും നല്ല ബോധ്യതയുണ്ട് എന്നതോർക്കാതെ എന്തൊക്കെയോ കുറേ കാര്യങ്ങൾ ആരൊക്കെയോ കേൾക്കാൻ പറഞ്ഞുപോയത്. 

ഇതുപോലുള്ള താങ്കളുടെ വിലപ്പെട്ട ഉണർത്തലിന് താങ്കൾക്ക് തന്നെ പലപ്പോഴായി ഒരു കുറേവട്ടം മറുപടി തന്നതാണല്ലോ എന്നോർത്ത് തന്നെ സമാധാനിച്ചു. 

എന്ത് ചെയ്യാം? 

ഒരുകുറേ പറഞ്ഞത് കൊണ്ട് ചിലരെങ്കിലും ഒരുകുറേ മനസ്സിലാക്കില്ല. 

മാത്രവുമല്ല, ചിലർ പൂവിൽ നിന്നും മധുവെടുത്ത് വിഷമാക്കുമെന്നും മനസ്സിലാക്കി

വിഷയങ്ങൾ ഒരുപടിയുള്ള താങ്കളെ പോലുള്ളവർ ഒരുപടി വലിയ വലിയ വിഷയങ്ങളിൽ ഒരുപടി വലിയ വലിയ ചിന്തോദ്ദീപകമായ കാര്യങ്ങൾ പറയുന്നുണ്ടല്ലോ? വിഷയ ദാരിദ്ര്യം തീരേയില്ലാതെ. സന്തോഷം. താങ്കൾ അങ്ങനെ തന്നെ തുടർന്നും പറയുക. 

സന്തോഷം, ഒപ്പം ഭാഗ്യവും, താങ്കളെ പോലുള്ളവർ അതിന് തക്കോണം ഉണ്ടല്ലോ, വളർന്നിട്ടുണ്ടല്ലോ? 

ഈയുള്ളവന് വിഷയവും വിഷയദാരിദ്ര്യവും എന്തെന്ന് പോലും മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിയും ഇല്ല.

ഈയുള്ളവൻ, ഈയുള്ളവൻ്റെ ദാരിദ്ര്യം വെച്ച് ചെറിയ ചെറിയ വിഷയങ്ങൾ തന്നെ പറയട്ടെ. 

താങ്കൾ ദയവുചെയ്ത് അതിനനുവദിക്കുക. 

ഈയുള്ളവൻ ആവർത്തിച്ചു തന്നെ, ഒരേകാര്യം തന്നെ പറയട്ടെ. വലിയൊരു വിശ്വാസി സമൂഹം ജീവിതം മുഴുക്കെ ദിവസവും ഒരേകാരൃം പതിനേഴ് പ്രാവശ്യം പറഞ്ഞ് പ്രാർത്ഥിക്കും പോലെ ഈയുള്ളവനും ആവട്ടെ. വലിയൊരു വിശ്വാസി സമൂഹം എല്ലാ കൊല്ലവും ചിലത് തന്നെ ആവർത്തിച്ച് ചെയ്യും പോലെ. 

ഭൂമിയും എപ്പോഴും ആവർത്തിച്ച് മാത്രം ഒരുപോലെ  കറങ്ങുകയാണല്ലോ?

എന്ത് ചെയ്യാം? 

ചെറുതാണ് ഈയുള്ളവന് വലുത്. 

ആറ്റമാണ് ഈയുള്ളവന് മലയേക്കാൾ വലുത്. 

ആറ്റം പൊട്ടുന്നതാണ് ഈയുള്ളവന് മല തകരുന്നതിനേക്കാൾ വലുത്, പേടി. 

താങ്കൾ വലിയ മലയും കൊണ്ട് നടക്കുക. 

ശരിയാണ്. 

താങ്കളെ പോലെ നല്ല കാഴ്ചയുള്ളവർക്ക് ഈയുള്ളവൻ്റെ fbവാൾ ചികഞ് നോക്കിക്കണ്ടാലറിയാം. ഈയുള്ളവൻ ഒരേകാരൃം തന്നെയാണ് എപ്പോഴും വിഷയ ദാരിദ്ര്യം കാരണം പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന വല്ലാത്ത കാഴ്ച്ച. 

എന്ത് ചെയ്യാം? 

ആത്യന്തികസത്യം എപ്പോഴും ഒന്ന് മാത്രമാകയാൽ ഈയുള്ളവൻ എന്ത് ചെയ്യും? 

പോരാത്തതിന് ചിലരുടെ കണ്ണുകൾ ഒന്നേ കാണൂ, ചിലതേ കാണൂ എന്ന് വന്നാലും ഈയുള്ളവൻ എന്ത് ചെയ്യും?

ഈ ദരിദ്രൻ ദരിദ്രൻ്റെ കോലത്തിൽ കാര്യങ്ങൾ നടത്തട്ടെ. 

താങ്കളെ പോലുള്ള, വിഷയങ്ങളിലും ചിന്തയിലും സമ്പന്നരായവർ ദയവുചെയ്ത് അതിൽ അസ്വസ്ഥപ്പെടുകയും അസഹിഷ്ണുതപ്പെടുകയും ചെയ്യാതിരുന്നാൽ മാത്രം മതി. 

താങ്കളെ പോലുള്ളവർ വലിയ വലിയ വിഷയങ്ങളിൽ വലിയ വലിയ ചിന്തകൾ ഇനിയുമിനിയും ലവലേശം കാപട്യമില്ലാതെ, ലോക മാന്യത നടിക്കാതെ, മൂന്നിലൊന്നും പിന്നിൽ മറ്റൊന്നും പറയാതെ, ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുക.

നിലപാടും തൻ്റേടവും സത്യസന്ധതയും എന്താണെന്ന് സർവ്വലോകത്തിനും നേരിട്ടറിയാൻ താങ്കളെ പോലുളളവർ ഇനിയുമിനിയും അനേകമനേകം ഈ ഭൂമിക്ക് അലങ്കാരമായുണ്ടാവട്ടെ.. 

****

വളരേ സന്തോഷം. താങ്കൾ മകനെന്ന നിലക്ക് കമൻ്റുമായി വന്നതിലും പ്രതിരോധിക്കാൻ നല്ല ശ്രമം നടത്തിയതിലും.  മകനെന്ന നിലക്ക് താങ്കൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. താങ്കളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു.


ശരിയാണ്, അദ്ദേഹം താങ്കളുടെ വന്ദ്യപിതാവ് തന്നെയാണ്. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ കമൻ്റും അതിനാധാരമായ പോസ്റ്റും ശരിക്കും തട്ടിച്ചുനോക്കിയിരുന്നെങ്കിൽ താങ്കൾ ഇങ്ങനെയൊരു പ്രതിരോധത്തിന് വരില്ലായിരുന്നു എന്ന് ന്യായമായും തോന്നുന്നു. മൗനം വിദ്വാന് ഭൂഷണമാക്കിക്കൊണ്ട്.


അറിയാമല്ലോ, എല്ലാവരെയും ബാധിക്കുന്ന ശരിയും സത്യവും പറയുന്നതിൽ ബന്ധങ്ങളും പരിചയങ്ങളും തടസ്സമാകരുത്.


അതിനാൽ, കാളപെറ്റു കയറെടുത്തു എന്നത് പോലെയാകരുതല്ലോ? അതിനാൽ, താങ്കളുടെ കമൻ്റിൽ കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, ന്യായമായൊരു പ്രതികരണം.


മേൽപോസ്റ്റിലെ വിഷയത്തെ എതിർത്തും അനുകൂലിച്ചും എത്രപേർ സംസാരിച്ചു? താങ്കൾ തന്നെ നോക്കുക. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല. താങ്കളുടെ പിതാവ് യുക്തിഭദ്രമായ ഒരു കാര്യവും അതുയർത്തിയ വിഷയത്തിൽ എതിരായി പറഞ്ഞിട്ടുമില്ല.


ഇക്കാലമത്രയും എത്രപേർ എതിർത്തും അനുകൂലിച്ചും ഏതെല്ലാം പോസ്റ്റുകളിൽ വന്നു? ആർക്കെന്ത് പ്രശ്നം? അവരൊക്കെയും, വളരേ ചിലരൊഴികെ, വിഷയം മാത്രം സ്പർശിച്ചു. വിഷയത്തോട് നീതിപുലർത്തിക്കൊണ്ട്. വ്യക്തിപരമാവാതെ. അധിക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടാക്കാതെ. 


താങ്കൾക്ക് മനസ്സിലാകാതെ പോയത് അതാണ്. അദ്ദേഹം വിഷയം സ്പർശിച്ച് ഒന്നും സംസാരിച്ചില്ലെന്നത്. 


വിഷയത്തിൽ ഒന്നും പറയാനില്ലാത്തവർ ചെയ്യുന്നത് പോലെ അദ്ദേഹവും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയി എന്നതാണ്. അസൂയയും കുശുമ്പും നിറച്ച പച്ചയായ അസഹിഷ്ണുത, വ്യക്തിയധിക്ഷേപം.


മതതീവ്രവാദികൾ അസഹിഷ്ണുത മൂത്ത്, ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന നിലക്ക് ഈയുള്ളവനെതിരെ വിഷയം സ്പർശിക്കാതെ  ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും പോലെ.  അവരൊക്കെയും വേറൊരു വഴിയുമില്ലാതെ പിൻവലിഞ്ഞു.


വിഷയത്തിൽ സഭ്യമായ ഭാഷയിൽ, വിവേകം നിറച്ച്, എന്ത് പറഞ്ഞാലും ആർക്കെന്ത് പ്രയാസം? അത് അവസരംപാത്ത് ആക്രമിക്കുന്നത് പോലെ ആവേണ്ടതില്ലല്ലോ?ഇതാദ്യത്തെ അനുഭവവുമല്ല. 


ഇവിടെ ഒരേയൊരു പ്രശ്നം മർമ്മംതൊടാതെ, വിഷയത്തോട് നീതിയും ഗുണകാംക്ഷയും പുലർത്താതെ, വ്യക്തിപരമായ ഒളിയമ്പുകൾ മാത്രമെയ്യാൻ ശ്രമിച്ചു എന്നതാണ്. അങ്ങനെയുള്ള ഒളിയമ്പിൽ തേച്ചുമിനുക്കിപ്പറഞ്ഞത് എന്തൊക്കെയെന്ന് പറയാം:


1. ഒരേയൊരു കാര്യം തന്നെ ആവർത്തിച്ച് പറയുന്നു എന്ന ആരോപണം. ചർവ്വിത ചർവണം എന്ന് ഉപയോഗിച്ച വാക്ക്. താങ്കൾക്ക് തോന്നുന്നുണ്ടോ മേൽപോസ്റ്റ് ഉന്നയിച്ചത് അങ്ങനെയൊന്നാണെന്ന് ? ആവർത്തിച്ച് പറഞ്ഞ കാര്യമാണെന്ന്. (ഒരേയൊരു കാര്യം തന്നെ പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല താങ്കളോടുള്ള ഈ ചോദ്യം. കാരണം, ഒരേയൊരു കാര്യം തന്നെ, ദിവസം പതിനേഴ് പ്രാവശ്യവും, പിന്നെ ജീവിതം മുഴുവനും പറഞ്ഞ് പ്രാർത്ഥിക്കുന്ന വലിയൊരു വിശ്വാസി സമൂഹം തന്നെ നമുക്കുണ്ടല്ലോ? അദ്ദേഹമത് ശ്രദ്ധിച്ചിട്ടില്ലായിരിക്കാം). 


2. മേൽപോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ കൃത്യമായ ബോധവും ബോധ്യതയും എല്ലാവർക്കുമുണ്ട് എന്ന സമീകരണവും സാമാന്യവൽക്കരണവും ഈയുള്ളവനെതിരെയുള്ള വലിയ ആരോപണവും ആക്ഷേപവുമാക്കി. (താങ്കൾക്ക് തോന്നുന്നുണ്ടോ മേൽവിഷയത്തിൽ അങ്ങനെയൊരു ബോധവും ബോധ്യതയും എല്ലാവർക്കും ഒരുപോലെയുണ്ടെന്ന്? ഇനിയുണ്ടെന്ന് തന്നെ തർക്കത്തിന് സമ്മതിക്കുക. എന്നാലും പറയേണ്ടവർ, പറയേണ്ടത് ചരിത്രത്തിലുടനീളം പറയാതിരുന്നിട്ടുണ്ടോ? മുഹമ്മദായാലും നാരായണഗുരുവായാലും സോക്രട്ടീസായാലും യേശുവും കൃഷ്ണനും ആയാലും...)


3. എല്ലാവരുടെയും ബോധ്യതയെയും ബോധത്തെയും കുറിച്ച് ഈയുള്ളവന് വ്യക്തിപരമായ ബോധ്യതയും ബോധവും ഇല്ലാത്ത പ്രശ്നം വ്യക്തിപരമായ ആരോപണമായി ഉന്നയിച്ചു.  


4. ഈയുള്ളവൻ്റെ വിഷയദാരിദ്ര്യവും (വ്യംഗ്യമായി അദ്ദേഹത്തിൻ്റെ വിഷയങ്ങളിലെ സമ്പന്നതയും) ആരോപണമായി നടത്തി. ഏറെക്കുറെ വസ്തുതകൾക്ക് വിപരീതമായി. ഈയുള്ളവൻ്റെ വാൾ ചികഞ്ഞുനോക്കിയെങ്കിൽ പറയാൻ സാധിക്കാത്തത്. എങ്കിൽ മനസ്സിലാക്കാമായിരുന്നു വിഷയദാരിദ്ര്യമായിരുന്നോ യഥാർത്ഥ വിഷയമെന്ന്.  ആർക്കാണ് വിഷയദാരിദ്ര്യമെന്നതും. 


5. എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന ബോധവും ബോധ്യതയും അദ്ദേഹത്തിനുള്ള മറയാക്കി. അതിനാൽ ഈയുള്ളവൻ ഒന്നും പറയേണ്ടതില്ല എന്ന അധികാരസ്വരവും ഏകാധിപത്യ ഫാസിസ്റ്റ് ഭാവവും കാണിക്കാൻ. ഈയുള്ളവൻ എന്ത് പറയണം പറയരുത് എന്ന് അദ്ദേഹം നിശ്ചയിക്കും എന്ന മട്ടിൽ.


അവസാനമായി ഒരു കാര്യം. താങ്കൾ ശരിയായി സൂചിപ്പിച്ച കാര്യം. ഈയുള്ളവനെ കണ്ടില്ലെന്ന് നടിക്കുകയോ ബ്ലോക്ക് ചെയ്യുകയോ അല്ലേ വേണ്ടത് എന്ന കാര്യം. അത് ശരിയായ, നല്ല നിരീക്ഷണം. ഇതിനകം തന്നെ ഒരുകുറേ ആളുകൾ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യം. അതിലാർക്കും ഒരു പ്രയാസവും തോന്നേണ്ടതില്ല. ജനാലകൾ അടക്കുക തന്നെ വേണം. ശുദ്ധമോ മലിനമോ ആയ വായുവും വെളിച്ചവും ഉള്ളിൽ കയറാതിരിക്കാൻ ജനാലകൾ അടക്കുക തന്നെയാണ് എക്കാലത്തും നല്ലത്.


No comments: