Wednesday, March 8, 2023

സംശുദ്ധഭാവം നല്ലത് വരുത്തുമെന്ന് ആര് പറഞ്ഞു?.

നീയും നീയും 

സംശുദ്ധനാനെന്ന്

തോന്നുന്നുണ്ടാവും.


അങ്ങനെ, നീയും നീയും 

സംശുദ്ധനാണെന്ന 

അവകാശവാദവുമുണ്ടാവും.


ശരിയാണ്.


നിൻ്റെ ഭാവം നിനക്ക്

സംശുദ്ധമായത് തന്നെ.


നീയായുണ്ടാക്കാത്ത ഭാവം 

നിൻ്റെ സംശുദ്ധഭാവം. 


നിനക്ക് പോലും

ഉത്തരവാദിത്തമില്ലാത്ത 

നിൻ്റെ സംശുദ്ധഭാവം. 


നീ സുഖമായിരിക്കാൻ

നീ കൊതിക്കുന്ന

നിൻ്റെ സംശുദ്ധഭാവം.


കുഞ്ഞായ്മയും കുസൃതിയും

അസൂയയും വെറുപ്പും

ഭയവും വേവലാതിയും

ഒക്കെക്കൂടിയ,

ഒക്കെ അവശ്യം ആവശ്യമായ

സ്വയം സംരക്ഷിച്ചും 

പ്രതിരോധിച്ചും നിർത്തുന്ന, 

സ്വയം സ്വസ്ഥനാവുന്ന 

നിൻ്റെ സംശുദ്ധഭാവം. 


ഒരു സംശയവും വേണ്ട.

കുഞ്ഞായ്മയും കുസൃതിയും

അസൂയയും വെറുപ്പും

ഭയവും വേവലാതിയും ഒക്കെ

നീ സംശുദ്ധുമെന്ന് വിളിക്കുന്ന

സംശുദ്ധഭാവത്തിൻ്റെ 

ശരിയായ ഭാഗം,


അങ്ങനെയൊന്നുമല്ലാതെ

ഒരു സംശുദ്ധ ഭാവവും ഇല്ല.


പൊടിപടലങ്ങൾ ഇല്ലാത്ത 

അന്തരീക്ഷമില്ലാത്തത് പോലെ.


വെറും വെള്ളമായ,

ലവണങ്ങളില്ലാത്ത

ശുദ്ധവെളളമില്ലാത്തത് പോലെ.

ലവണങ്ങളില്ലാത്ത വെള്ളം

വെളളമല്ലാത്തത് പോലെ.


*****


സംശുദ്ധഭാവം 

എന്നത് കൊണ്ട് മാത്രം,

നീ സംശുദ്ധഭാവത്തിലാണ്

എന്നത് കൊണ്ട് മാത്രം 

നീ എല്ലാവർക്കും 

നല്ലത് വരുത്തും 

എന്നർത്ഥമില്ല. 



സംശുദ്ധഭാവം 

നല്ലത് മാത്രം

വരുത്തുമെങ്കിൽ

കുട്ടികൾ നല്ലത് മാത്രം

വരുത്തും.


പക്ഷേ, 

അത് ശരിയാണോ?


ഏറ്റവും നല്ല 

സംശുദ്ധഭാവം സൂക്ഷിക്കുന്നത് 

കുട്ടികളാണെന്ന് 

ഒരുപക്ഷേ, 

എല്ലാവരും ഒരുപോലെ

സമ്മതിക്കും. 


പക്ഷേ, ഒന്നോർത്തു നോക്കൂ. 

കുട്ടികളെയും 

അവരുടെ സംശുദ്ധഭാവത്തേയും 

അപ്പടിയേ

സ്വതന്ത്രമായി വിട്ടാൽ 

എങ്ങനെയുണ്ടാവും? 


അപകടങ്ങൾ ഒരേറെയുണ്ടാവും. 

പ്രശ്നങ്ങൾ ഒരേറെ ഉണ്ടാക്കും.

വൃത്തികേടുകൾ 

ഒരേറെയുണ്ടാക്കും.


കുട്ടികൾ ആയത് കൊണ്ട്

മൂത്രം മൂത്രമാകാതിരിക്കില്ല.

മലം മലമാകാതിരിക്കില്ല.

തീ പൊള്ളാതിരിക്കില്ല.

പാത്രം പൊളിയാതിരിക്കില്ല.

കത്തി കൊണ്ട്

കൈമുറിയാതിരക്കില്ല.


ബാക്കിയെല്ലാം

വെറും കാല്പനികത മാത്രം.

അതിഭാവുകത്വം മാത്രം.

സങ്കല്പവും സ്വപ്നവും മാത്രം.


**"""


ഉപ്പിൻ്റെ സംശുദ്ധഭാവം

ഉപ്പ് രസം. പക്ഷേ,

പാലിന് നല്ലതല്ല.

അത് പാലിനെ പിരിക്കും.


അഗ്നിയുടെ സംശുദ്ധുഭാവം

ചുട്ടുപൊള്ളുന്നത്. 

നിന്നെ ചുട്ടുകരിക്കും.


വെള്ളത്തിൻ്റെ 

സംശുദ്ധഭാവത്തിൽ

നീന്താനറിയാത്ത നീ

മുങ്ങിമരിക്കും.


സംശുദ്ധഭാവം

അവനവന് മാത്രം.

സ്വന്തത്തിൽ 

അനുഭവിക്കുന്നത്.

തീർത്തും ആത്മനിഷ്ടം


****** 


എല്ലാ സമാധിസ്ഥനും 

അയാളുടെ മാത്രം

അയാൾക്ക് മാത്രം ബാധകമായ

സംശുദ്ധഭാവത്തിൽ.


ഒരുപക്ഷേ ബാഹ്യവുമായി

ഇടപഴകുമ്പോൾ 

പാൽപിരിയും പോലെ 

പിരിയുന്ന സംശുദ്ധഭാവം. 


അതിനാലേ 

സംശുദ്ധഭാവം സൂക്ഷിക്കാൻ 

താനല്ലാത്ത ലോകവുമുള്ള ലോകത്ത് 

ഒരുപക്ഷേ നല്ല പാടാണ്.

ഓരോന്നും ഒരുരുത്തനും 

പാട്പെടുകയുമായിരിക്കും.


ആയിരിക്കുന്ന സ്വസ്ഥതയിൽ 

ആരും കടന്നുവരാൻ 

ചിലപ്പോഴെങ്കിലും

ആരും ആഗ്രഹിക്കുന്നില്ല.


പറയാനും ചെയ്യാനും 

ഒന്നുമില്ലാത്ത അവസ്ഥയിൽ 

തുടരാൻ, സമാധി.

വെറും വെറുതെയായിരിക്കാൻ.


ആയിരിക്കുന്ന അവസ്ഥയിൽ 

ആയിത്തുടരാൻ, സമാധി. 



അങ്ങനെയിരിക്കാൻ

ആഗ്രഹിക്കുന്ന ഒരാൾ

സമാധിസ്ഥൻ.


പ്രാപഞ്ചികഭാവം 

തുടർത്തുന്നവൻ

സമാധിസ്ഥൻ.


അയാളുടെ സമാധിക്ക് 

ആരും ഒന്നും 

ഭംഗം വരുത്താതിരിക്കാൻ 

അയാൾ നിശ്ശബ്ദനാവുന്നു, 

നിസ്സംഗനാവുന്നു, 

നിഷ്ക്രിയനാവുന്നു.


*****


എല്ലാവരും 

ഓരോതരം സമാധിയിലാണ്. 


അവരുടേതായ സമാധിയിൽ. 


പ്രാപഞ്ചികത മൊത്തം 

ആയിരിക്കുന്നത് പോലെയുള്ള 

സമാധിയിൽ. 


ആവുമെങ്കിൽ ആവുന്നത്ര 

ആരേയും ഒന്നിനെയും 

ബോധപൂർവ്വം 

ഉപദ്രവിക്കാതെ.

സമാധി. 


ആവുമെങ്കിൽ ആവുന്നത്ര

ആരാലും ഒന്നിനാലും

ബോധപൂർവ്വം

ഉപദ്രവിക്കപ്പെടാതെ.

സമാധി.

No comments: