ഇന്ന് വീട്ടിൽ വന്ന രണ്ടതിഥികൾ.
ഇവർ കുശലം പറയുന്നത്
കുറച്ച് അധികാര സ്വരത്തിൽ.
******
അവർ വീണ്ടും വന്നു.
രണ്ട് കുഞ്ഞതിഥികൾ.
എന്തോ എടുക്കാൻ മറന്നുപോയി,
എന്തോ പറയാൻ മറന്നുപോയി
എന്നോക്കെ ന്യായവും പറഞ്ഞു.
"എന്ത് മറവി?
എന്തുണ്ടിവിടെ മറക്കാൻ?"
ഈയുള്ളവൻ തിരക്കി.
"മറക്കാനുള്ളതേ
ആകെമൊത്തമുള്ളൂ."
അവർ തിരിച്ചുപറഞ്ഞു.
"അതെന്തേ, നിങ്ങളറിയാത്തത്
മറവി തന്നെയല്ലേ
ജീവിതത്തെ, എന്നല്ല,
ഈ പ്രാപഞ്ചികതയെ
മൊത്തം തന്നെയും
അതാക്കുന്നത്?
നിന്നിടം വിട്ട് നീങ്ങുന്നുവെന്ന്
തോന്നിപ്പിക്കുന്നത്?
ഇല്ലാത്ത ഇന്നലെയും
ഇന്നും നാളെയും
ഉണ്ടെന്ന് വരുത്തുന്നത്?
മറവി തന്നെയല്ലേ?
എവിടെയോ നിന്ന് ഇവിടെയും,
ഇവിടെനിന്ന് വേറെയെവിടെയും
ഒഴുക്ക് സാധ്യമാക്കുന്നത്?
മറവി തന്നെയല്ലേ
മനുഷ്യനെ
മനുഷ്യനാക്കുന്നത്?
ഇപ്പോൾ
ഇവർ രണ്ടുപേരും
രണ്ട് ഗുരുക്കന്മാർ തന്നെയോ
എന്നൊരു തോന്നൽ മാത്രം
ബാക്കി.
അധികാരസ്വരം
കുറച്ചൊക്കെ കൈവശമുള്ള
രണ്ട് കൊച്ചുഗുരുക്കന്മാർ....
No comments:
Post a Comment