Sunday, March 19, 2023

ദൈവം ഏറിയാൽ ഒരു സങ്കല്പസുഖം മാത്രം. അന്വേഷണസുഖം മാത്രം.

കുട്ടിപ്രായത്തിലെ അതേ കുപ്പായം തന്നെ, 

അല്ലെങ്കിൽ ഒരേ കുപ്പായം തന്നെ 

എപ്പോഴും എല്ലാ പ്രായത്തിലും കാലത്തിലും 

ധരിക്കണമെന്ന് പറയുന്ന അബദ്ധമാണ് 

അവസാനവാക്കും അവസാനവാദവും 

ഏകസത്യാവാദവും അവകാശപ്പെടുന്ന 

മതം ചെയ്യുന്ന അബദ്ധം.

******

ദൈവം ഏറിയാൽ 

ഒരു സങ്കല്പസുഖം മാത്രമാണ്. 

ഒരുതരം അന്വേഷണസുഖം മാത്രം. 


ആർക്കും എങ്ങിനെയും 

സങ്കല്പിക്കാൻ സാധിക്കുന്നത്. 


ഓരോരുത്തനും അവൻ 

സങ്കൽപ്പിക്കുന്നത് പോലെയാകുന്നത്. 


നിഷേധിച്ചാലും വിശ്വസിച്ചാലും 

പ്രശ്നമില്ലാത്തത്. 


നിഷേധിക്കലും വിശ്വസിക്കലും 

നിർബന്ധമില്ലാത്തത്.

******

എവിടെയാണ് മതപരമായ അസഹിഷ്ണുതയുടെയും തീവ്രതയുയുടേയും വിത്തും വേരും കിടക്കുന്നത്? 


അവസാന പ്രവാചകൻ വന്നു, 

പ്രവാചകത്വത്തിന് ദൈവം അന്ത്യംകുറിച്ചു, 

ഇനി പ്രവാചകന്മാർ (ഗുരുക്കന്മാർ) വരില്ല, 

സത്യം പറയാനും പാഠങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തരാനും ആരും ഇനി വരാൻ പാടില്ല, 

ഞാനും ഈ ഗ്രന്ഥവും അല്ലാത്ത മറ്റൊരു ഗ്രന്ഥവും മറ്റൊരാളും ഇനിയങ്ങോട്ട് അനുധാവനം ചെയ്യപ്പെടാൻ പാടില്ല, 

ഞാൻ മാത്രം, ഈ ഗ്രന്ഥം മാത്രം ഇനിയങ്ങോട്ട്, എല്ലാറ്റിനും എല്ലാവർക്കും എന്നത്തേക്കും,

എന്ന് പ്രഖ്യാപിച്ചിടത്ത്.

*****

ഒരേ വിത്തിൽ നിന്നും 

ഒരേ വേരിൽ നിന്നും 

മുളപൊട്ടിവളർന്ന മരത്തിൻ്റെ 

മുന്ന് കൊമ്പുകൾ മാത്രമാണ് 

ജൂത, ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങൾ. 

അടിസ്ഥാനത്തിൽ 

ഒരേ ചരിത്രം, 

ഒരേ വിശ്വാസം. 


വ്യത്യാസം ഒന്ന് മാത്രം. 

ഒരു കൂട്ടർ 

ശേഷം വന്നതിനെ 

അംഗീകരിക്കുന്നില്ല.

*****

ശേഷം വന്നത് 

മുൻപുള്ളതിനെ അംഗീകരിക്കുന്നുണ്ട്. 

പക്ഷേ, മുൻപ് വന്നത് 

തങ്ങളുടെ ചരിത്രം, വേര് മാത്രം, 

ആ നിലക്ക് മാത്രം... 


മുൻപ് വന്നതും 

തങ്ങളുടെ ഇപ്പോഴത്തെ നേതാവ് 

പറയുന്നത് തന്നെയായിരുന്നു, 

പിന്നീട് വഴിപിഴച്ചതാണ് 

എന്ന വാദവും അവകാശവാദുമായി. 


അതിനാൽ, 

ഇനിയങ്ങോട്ട് നടപ്പിലാക്കേണ്ട 

നിയമവും ശരിയും സത്യവും 

നമ്മുടേത് മാത്രമെന്ന 

നിബന്ധനയോടെ, 

നിർബന്ധത്തോടെ. 


ആ നിലക്ക് തങ്ങളുടേതാണ് 

അവസാനത്തേതും ഏകമായ ശരിയും 

എന്ന വാദത്തോടെ ഓരോരുത്തരും.

No comments: