Tuesday, March 14, 2023

കുട്ടികളോട് വാക്ക് പാലിക്കണം. അഞ്ചുപൈസ കൊടുക്കുമെന്ന് പറഞ്ഞതാണെങ്കിൽ അത് കൊടുത്തുകൊണ്ട്

"നിനക്ക് എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളുക" 

എന്നൊക്കെ ചില മുതിർന്നവർ 

കുട്ടികളോട് പറയും. 


എന്നാലോ? 


കൊടുക്കാമെന്ന് പറഞ്ഞ 

അഞ്ചുപൈസ പോലും അവർ കൊടുക്കുകയുമില്ല, 

സൗകര്യപൂർവ്വം മറക്കും. 

കുട്ടികൾ എന്ത് 

മനസ്സിലാക്കണമെന്നാണാവോ 

ഇത്തരക്കാർ ഉദ്ദേശിക്കുന്നത്?

*****

ചിലർ സുന്ദരമായ വാക്കുകൾ 

വളരേ എളുപ്പം പറയുന്നു, കൊടുക്കുന്നു. 


അതും ഏതൊക്കെയോ 

കുഞ്ഞുകുട്ടികൾക്ക് വരെ.


സമൂഹമധ്യത്തിൽ 

പ്രസംഗിച്ച് ശീലിച്ചവൻ്റെ 

പ്രശ്നമാണത്. 


അവൻ ഉള്ളിൽ തൊടാതെ 

ഉള്ളുപൊള്ളയായ കുറേ വാക്കുകൾ 

എത്രയും സുന്ദരമായി പറയുന്നു.


വെറും ഭാഷയിൽ. 


വെറും വാക്ചാതുരി കൊണ്ട്. 


ശീലം പോലെ.


എന്നാലോ, 

പ്രവൃത്തിയിൽ അശേഷമില്ലാതെ. 

ശരീരവുമായി ബന്ധമില്ലാത്ത 

വസ്തം പോലെ അവരുടെ വാക്കുകൾ.


അവരുടെ വൈകൃതം ഒളിപ്പിച്ചുവെക്കുന്ന

സുന്ദരം വസ്ത്രം അവരുടെ

വാക്കുകൾ, വാഗ്ദത്തങ്ങൾ. 


******


പക്ഷേ, ഒന്നോർത്തുനോക്കുക.


ഏതൊക്കെയോ കുട്ടികൾക്ക്, 

കുട്ടികൾ ഒരു നിലക്കും ആവശ്യപ്പെടാതെ  

നിങൾ കൊടുത്ത, കൊടുക്കുന്ന 

നിസാരമായ വാക്കുകൾ 

നിങൾ പാലിക്കുന്നില്ല, 

പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ല, ശ്രദ്ധിക്കുന്നില്ല.


എന്നാലോ അക്കാര്യത്തിൽ അശേഷം 

നിങൾ കുറ്റബോധപ്പെടുന്നുമില്ല. 


കാരണം, നിങ്ങൾക്കത് ശീലം.


നിങ്ങളറിയില്ല, 

നിങ്ങൾക്ക് ഒരുതരം 

കച്ചവടക്കാരൻ്റെ മനസ്സ് രൂപപ്പെട്ട കാര്യം. 

ഒരുതരം വേശ്യാമനസ്സ് രൂപപ്പെട്ട കാര്യം.

നിങ്ങളുടെ മനസ്സ് കറുത്ത് പോയ കാരൃം.


നിങൾ വെറും വെറുതെ പറയും.

വെറും വെറുതേ 

സുന്ദരമായ വാക്കുകൾ കൊടുക്കും. 

വെളിച്ചം കൊണ്ടാൽ പൊട്ടുന്ന

സുന്ദരമായ ബലൂണുകൾ പോലെ 

നിങളുടെ വാക്കുകൾ.


സുന്ദരമായ വാക്കുകളുടെ വസ്ത്രമണിഞ്ഞ് 

വെറും വെറുതേ 

പ്രതീക്ഷകൾ കൊടുക്കുക 

നിങ്ങൾക്ക് ശീലം.

മുഖത്ത് ചായമണിഞ്ഞ് 

വശീകരിക്കുന്നവളെപ്പോലെ 


അപ്പുറത്ത് 

ലോകവും ജീവിതവും 

നിങ്ങളിലൂടെ കൂടി 

പരിചയപ്പെട്ട് പഠിച്ചുവരുന്ന 

കുട്ടികളാണ്, കുട്ടികൾക്കാണ് 

വെറും പൊള്ളയായ വാക്കുകൾ 

സുന്ദരമായ ഭാഷ ഉപയോഗിച്ച് 

കൊടുക്കുന്നതെന്ന് 

നിങൾ സ്വയം ഓർക്കാതെ.


അതും നിങ്ങളുടേല്ലാത്ത 

കുട്ടികൾക്ക് വരെ 

നിങൾ വെറും പൊള്ളയായ വാക്കുകൾ കൊടുക്കുന്നു. 


പൊള്ളയും പൊള്ളയല്ലാത്തതും 

എന്തെന്ന് തരംതിരിച്ച് മനസ്സിലാക്കാത്ത, 

മനസ്സിലാക്കാനാവാത്ത കുട്ടികൾക്ക്. 


നിങൾ കരുതിയതിനേക്കാൾ ഗൗരവത്തിലെടുത്ത്, 

നിങ്ങളുടെ വാക്കുകളെ കത്തികളാക്കി

ആശാഭംഗത്താൽ 

കുട്ടികളുടെ മനസ്സ് മുറിപ്പെടും 

എന്നത് നിങ്ങൾക്ക് വിഷയമാകുന്നില്ല.

കാരണം, നിങൾ ശീലിച്ചുപോയതാണ്.


അവരുടെ മനസ്സ് വരെ 

കളങ്കപ്പെടുത്തുന്ന വിധത്തിൽ 

നിങ്ങളുടെ സുന്ദരമായ വാക്കുകൾ

ഉരുവിടുകയെന്നത്.

പ്രവൃത്തിയിൽ അശേഷം നിഴലിക്കാത്ത 

അനാഥ വാക്കുകളെ പ്രസവിക്കുകയെന്നത്.

പിതൃത്വം ഏറ്റെടുക്കാൻ ആരുമില്ലാതെ 

നിങ്ങളുടെ വാക്കുകൾ.


ആവർത്തിച്ചാവർത്തിച്ച് 

പലതും പറഞ്ഞ്, ശീലിച്ചുശീലിച്ച് 

മനസ്സ് കറുത്തുപോയിരിക്കുന്നത് 

നിങ്ങളറിയുന്നില്ല.


പക്ഷേ, 

കുട്ടികൾ നാണിച്ചുപോകുന്നു. 

കുട്ടികൾ അന്തംവിട്ടു പോകുന്നു. 


കുട്ടികൾക്ക് ബഹുമാനത്തിൻ്റെയും 

മാന്യതയുടെയും സത്യസന്ധതയുടേയും 

അർത്ഥം 

എന്തെന്ന് മനസ്സിലാവാതെ വരുന്നു.


അവർ വിരുദ്ധങ്ങളിൽ കിടന്നുഴലുന്നു.

അവർക്ക് ഇരുട്ടും വെളിച്ചവും

ഒന്നു തന്നെയോ എന്ന്

സംശയം വരുന്നു.


നിങ്ങളെ അനുഭവിച്ച അനുഭവത്തിൽ 

കുട്ടികൾ അറിയുന്നു: 


സുന്ദരമായ വാക്കും 

സുന്ദരമായ പ്രവത്തിയും തമ്മിൽ 

ഏറെ ദൂരം മാത്രമെന്ന്. 

നിങ്ങളെ ഉദാഹരണമാക്കിക്കൊണ്ട്.


സുന്ദരമായ വാക്കുകൾ 

വെറും വെറുതേ

കബളിപ്പിക്കുന്നത് മാത്രമെന്ന്.


ശുദ്ധ കപടമാണ് ലോകമെന്ന്.

ശുദ്ധ കാപട്യമാണ് മഹത്വമെന്ന്.

തൊലിപ്പുറത്താണ് മാന്യതയെന്ന് 


എന്തിനാണ് നിങൾ 

നിങ്ങൾക്ക് സാധിക്കാത്തതും 

നിങൾ ചെയ്യാൻ ഉദ്ദേശിക്കാത്തതും 

വെറും വെറുതേ 

സുന്ദരവാക്കുകളിൽ പറയുന്നത്? 


ഒരാവശ്യവുമില്ലാതെ, 

കുട്ടികൾ പോലും 

നിങ്ങളോടാവശ്യപ്പെടാതെ, 

എന്തിനാണ് നിങൾ 

വെറും വാക്കുകൾ 

അവർക്ക് കൊടുക്കുന്നത്?


എന്തിനാണ് 

നടപ്പാക്കാൻ ഉദ്ദേശിക്കാത്ത 

വാക്കുകൾ കൊടുത്ത്, 

അവരുടെ മുൻപിൽ

വെറും മരീചികകൾ പോലുള്ള 

പ്രതീക്ഷകൾ ഉണ്ടാക്കിക്കൊടുക്കുന്നത്?


എന്തിനാണ് വാക്കുകളെ 

നൂല് വിട്ട പട്ടം പോലെ

ആകാശത്ത് അലഞ്ഞ് തിരിഞ്ഞ് 

ഭൂമിയിൽ പതിക്കുന്നതാക്കുന്നത്?


എന്തിനാണ്

കൊടുത്ത വാക്കുകൾ പാലിക്കാതെ 

അവരെ നിങ്ങളുടെ കാപട്യം 

മനസ്സിലാക്കിക്കൊടുക്കുന്നത്?


ഏതൊക്കെയോ കുട്ടികൾ എന്തിന് 

അവരുടെ ചെറുപ്പകാലം തൊട്ടേ,

നൂല് വിട്ട പട്ടം കണക്കെ

നിലതെറ്റി നിലത്ത് വീണ്  

നിങ്ങളിലൂടെ കാപട്യം 

പരിചയപ്പെടണം, പരിശീലിക്കണം? 


എന്തിനവർ നിങ്ങളിലൂടെ തന്നെ

ജീവിതം വെറും കാപട്യവും 

അഭിനയവുമാണെന്ന് 

മനസ്സിലാക്കണം?


എന്തിനാണ് ഉറങ്ങുന്ന കുട്ടികളെ 

വിളിച്ചുണർത്തി 

സദ്യ ഇല്ലെന്ന് പറയുന്ന 

വിരോധാഭാസം തീർക്കുന്നത്? 


കുട്ടികളുടെ വയർ നിറഞ്ഞാണ്. 


അവരുടെ മാതാപിതാക്കൾ

ആവതവരുടെ വയറ് നിറക്കുന്നുണ്ട്.

അവർക്ക് നിങ്ങളിൽ നിന്നും 

നിവർത്തിക്കേണ്ട ആവശ്യങ്ങൾ ഇല്ല.


എന്നിരിക്കേ, എന്തിന് 

നിങ്ങുടെ പൊള്ളയായ വാക്കുകൾ കൊണ്ട് 

അവരുടെ വയറുകളിൽ ശൂന്യത നിറച്ച് 

വിശപ്പുണ്ടാക്കണം?

No comments: