Wednesday, March 29, 2023

പ്രയത്നം തന്നെ പ്രാർത്ഥനയും ഉത്തരവുമാകുന്നു.

എല്ലാവരും അവനവനിൽ കേന്ദ്രീകരിച്ച് തന്നെ ജീവിക്കുന്നു. 

അവനവനെ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി മാത്രം മറ്റുള്ളവരിലേക്ക് നോക്കുന്നു. 

അവനവനെ കേന്ദ്രീകരിക്കുന്നതിൽ നിന്ന് സാധാരണഗതിയിൽ ആർക്കും രക്ഷനേടുക സാധ്യമല്ല. 

സ്വയം സംരക്ഷിക്കുന്ന, പുഷ്‌ടിപ്പെടുന്ന ജീവിതത്തിൻ്റെ പ്രകൃതമാണത്.

*****

അതുകൊണ്ട് തന്നെ ഒരേയൊരു ചോദ്യം ചോദിക്കാം. 

പ്രാർത്ഥന ഫലിക്കുമോ ഇല്ലേ എന്നതൊക്കെ വിടാം. 

ആരെങ്കിലും സ്വന്തത്തിനും സ്വന്തം കുടുംബത്തിനും വേണ്ടിയല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ശരിക്കും ആത്മാർത്ഥമായി കണ്ണീരൊലിപ്പിച്ച് പ്രാർത്ഥിക്കുമോ?

സാധിക്കില്ല. 

കാരണം, എല്ലാവരും അവനവനിൽ കേന്ദ്രീകരിച്ച് തന്നെ ജീവിക്കുന്നു. 

ജീവിതം സ്വയം സംരക്ഷിക്കുന്ന, പുഷ്‌ടിപ്പെടുന്ന ജീവിതത്തിൻ്റെ പ്രാകൃതമാണത്.

******

പ്രാർത്ഥിക്കുന്ന കാരൃം പ്രാർത്ഥിക്കുന്നവൻ അറിയുന്നു, ഉൾകൊള്ളുന്നു. 

അങ്ങനെ പ്രാർത്ഥിക്കുന്നവൻ ഉൾക്കൊണ്ട്, അറിഞ്ഞ് പ്രാർത്ഥിക്കുകയെന്നാൽ അവൻ അവൻ്റെ വിഷയം, അല്ലെങ്കിൽ അവൻ്റെ പ്രശ്നം അവൻ ശരിക്കും ആഴത്തിൽ മനസ്സിലാക്കിയിരിക്കുന്നു എന്നർത്ഥം. 

അവൻ പ്രശ്നത്തിൻ്റെ മുകളിൽ അതിൻ്റെ വേരും നാരും അന്വേഷിച്ച് അടയിരിക്കുന്നു എന്നർത്ഥം. 

പ്രാർത്ഥന ഒരർത്ഥത്തിൽ അവനവനുമായുള്ള കാര്യം പറച്ചിൽ കൂടിയാണ്.

അതിനാൽ തന്നെ സ്വാഭാവികമായും അവനിൽ സ്വയം പ്രാർത്ഥിച്ച് ആഗ്രഹിച്ച വഴിയിലേക്കുള്ള മാറ്റം തുടങ്ങുന്നു, ശ്രമം തുടങ്ങുന്നു. പക്ഷേ, പ്രധാനമായൊരു വ്യതാസത്തോടെ. പ്രാർത്ഥിച്ചത് കൊണ്ടുള്ള തെല്ലൊരാശ്വാസത്തോടെ. 

അങ്ങനെ പ്രാർത്ഥന സ്വമേധയാ ശ്രമത്തിലേക്ക് വഴിതുറക്കുന്നു. 

ആ ശ്രമം പരിഹാരമുണ്ടാക്കുന്നും. പ്രശ്ന മെന്ന മുട്ട വിരിഞ്ഞ് പരിഹാരമായ കുഞ്ഞ് ഉണ്ടാവുന്ന. പ്രായോഗികമായി ചലിക്കുന്ന കുഞ്ഞ്. പ്രാർഥനക്ക് ഉത്തരം എന്ന പോലെ. 

പ്രാർത്ഥിച്ച് ആവിയായി മുകളിലോട്ട് പോയ വെള്ളം തന്നെ പിന്നീട് ഉത്തരമായി മഴയായി താഴോട്ട് വരുന്നത് പോലെ തന്നെ പ്രാർത്ഥനക്കുള്ള ഉത്തരം. 

നമ്മൾ ചെയ്യുന്നതിൻ്റെ , നമ്മളിൽ നിന്ന് സംഭവിക്കുന്നതിൻ്റെ ഫലം അതിനുള്ള ഉത്തരം. മഴ. ചോദിച്ച ചോദ്യം തന്നെ ഉത്തരമായി വളരുന്നത്. മഴ.

******

പ്രാർത്ഥന തന്നെ പ്രയത്നമാകുന്നു. 

പ്രയത്നം തന്നെ ഫലവും ഉത്തരവും ആകുന്നു.

പ്രയത്നം തന്നെ പ്രാർത്ഥനയും ഉത്തരവുമാകുന്നു.

No comments: