മദ്ധ്യാഹ്നം കഴിഞ്ഞ സൂര്യൻ
താഴോട്ട് മാത്രം.
എത്രയൊക്കെ
എന്തൊക്കെ ചെയ്ത് പണിപ്പെട്ടാലും
മദ്ധ്യാഹ്നം വിട്ട സൂര്യൻ
മുകളിലെത്തില്ല.
ജീവിതത്തിൻ്റെ മദ്ധ്യാഹ്നം കഴിഞ്ഞവർ
ശാരീരികമായെങ്കിലും
ഇതിങ്ങനെയാണെന്ന് മനസ്സിലാക്കിയാൽ നന്ന്.
******
ജീവിതത്തിന്,
ജീവിതം തന്നെയല്ലാത്ത,
ഒരന്തവും കുന്തവും ഇല്ലെന്ന് പറയാൻ
നമുക്ക് പേടിയാണ്.
അങ്ങനെ, ജീവിതത്തിന്
ഒരന്തവും കുന്തവും
ഇല്ലെന്ന് വന്നാൽ, പറഞാൽ
നമ്മളും
ഒരന്തവും അന്തവും കുന്തവും
ഇല്ലാത്തവരായിപ്പോകുമല്ലോ
എന്ന നമ്മുടെ പേടി.
നമ്മൾ ഇതും അതുമാണ്
ഇങ്ങനെയും അങ്ങനെയുമാണ്
എന്തൊക്കെയോ ആരൊക്കെയോ
ആണെന്നൊക്കെ വരുത്തിയത്
എന്നൊക്കെ വരുത്തി ത്തീർക്കുന്നത്
തെറ്റായിപ്പോകുമോ എന്ന നമ്മുടെ പേടി.
നമ്മളെ തിരിച്ചറിയാൻ നാമുപയോഗിച്ച
എല്ലാ വഴികളും ഉപാധികളും
തെറ്റാണെന്ന് വരുന്നതിലുള്ള പേടി.
ചാരുകളൊന്നും ചാരുകളല്ലെന്ന
നമ്മുടെ പേടി.
നമ്മളോരോരുരുത്തരുടെയും,
നമ്മൾ പോലും തിരിച്ചറിയാത്ത പേടി.
നമ്മുടെ ഗൗരവം,
നമ്മൾ നമ്മളെ ബഹുമാനിക്കാൻ കണ്ട വസ്ത്രങ്ങൾ,
നമ്മുടെ മുൻപിൽ തന്നെ
ഉരിഞ്ഞു പോയില്ലാതാവുന്നതിലെ പേടി.
നമ്മുടെ നഗ്നത വെളിപ്പെടുന്നതിലെ പേടി.
അതുകൊണ്ട് തന്നെ
നാം തന്നെയായി
നാം വരച്ചു തീർക്കുന്ന ചിത്രത്തിന്,
ജീവിതം തന്നെയായ ആ ചിത്രത്തിന്
ഇതുവരെ ആർക്കും മനസ്സിലാവാത്ത അർത്ഥം,
ഇതുവരെ ആരും കാണാത്ത അർത്ഥം,
ഇതുവരെ ആരുമറിയാത്ത അർത്ഥം, യഥാർഥത്തിൽ ഇല്ലാത്ത അർത്ഥം
ഉണ്ടെന്ന് വരുത്താനും പറയാനും
വെറും വെറുതേയുള്ള ശ്രമം നടത്തുന്നു
നാമോരോരുത്തരും.
ഒരുതരം
വാല് മുറിഞ്ഞ കുറുക്കൻ്റെതെന്ന്
നമ്മൾ തന്നെ പറഞ്ഞുണ്ടാക്കിയ
അതേ ശ്രമവും തന്ത്രവും
നമ്മളും പയറ്റുന്നു.
നമ്മളോ ഇങ്ങനെയൊക്കെയായി.
എല്ലാവരും ഇങ്ങനെ തന്നെ തുടരട്ടെ.
ഉള്ളത് പറയേണ്ട.
ഉള്ളിലെ കാര്യം പറയേണ്ട.
ഉള്ളു പൊള്ളയാണെന്ന് പറയേണ്ട.
ജീവിതം അങ്ങനെയൊരു ചിത്രം.
ജീവിതം ആർക്കും മനസ്സിലാവാത്ത ചിത്രം.
ജീവിതം, വരക്കുന്നവനറിയാതെ
വരക്കപ്പെടുന്ന ചിത്രം.
ജീവിതം ജീവിച്ചുകൊണ്ട് വരക്കുന്നവനും,
ജീവിതം വരക്കാൻ മാത്രം
സ്വയം ബ്രഷും നിറവുമാകുന്ന ചിത്രം.
ആവുക മാത്രം.
എന്തിനെന്നോ എങ്ങനെയെന്നോ
ഇല്ലാതെ, അറിയാതെ ആവുക മാത്രം.
ജീവിതം.
No comments:
Post a Comment