Tuesday, March 28, 2023

ദൈവമെന്നാൽ മതമാണെന്ന് ആര് പറഞ്ഞു?

ദൈവമുണ്ടെന്ന് തന്നെ വെക്കുക. 

അതുകൊണ്ടെന്തിന്, എങ്ങിനെ പരിണാമമില്ലെന്നും പരിണാമം തെറ്റെന്നും വരും, വരണം? 

പരിണാമവാദം പൂർണമായും ശരിയെന്ന് വെക്കുക. 

അതുകൊണ്ടെന്തിന്, എങ്ങിനെ ദൈവമില്ലെന്നും തെറ്റെന്നും വരും, വരണം?

******

ദൈവമുണ്ടെന്ന് തന്നെ വെക്കുക.  

ദൈവം ഭൗതികമല്ലെന്നും ഭൗതികതയല്ലെന്നും ആര് പറഞ്ഞു?

ദൈവമെന്നാൽ ആത്മാവാണെന്നും, ആത്മാവ് ഭൗതികതയിൽ നിന്ന് വേറെയാണെന്നും വേറിട്ടാണെന്നും ആര് പറഞ്ഞു?

ദൈവമെന്നാൽ മരിച്ചാൽ നാം തിരിച്ചെത്തുന്ന ഇടമാണെന്നും ജീവിക്കുമ്പോൾ ജീവിതമായി നമ്മുടെ കൂടെ ഇല്ലാത്തതാണെന്നും ആര് പറഞ്ഞു?

******

ദൈവമുണ്ടെന്ന് തന്നെ വെക്കുക.  

ദൈവം നമ്മളായി, നമ്മളിലൂടെ, നമ്മൾ ചെയ്യുന്നത് കൂടി ചെയ്ത്, തുടരുന്നതും വളരുന്നതും അല്ലെന്ന് ആര് പറഞ്ഞു?

ദൈവമെന്നാൽ ആരൊക്കെയോ പറയുന്നത് പോലുളള സൃഷ്ടാവാണെന്നും സ്വർഗ്ഗനരകങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്നവനാണെന്നും ആര് പറഞ്ഞു, എന്തിന് പറയണം?

ദൈവമുണ്ടെങ്കിൽ പരിണാമമില്ലെന്നും, പരിണാമമാണെങ്കിൽ ദൈവമില്ലെന്നും ആര് പറഞ്ഞു, എന്തിന് പറയണം?

*****

ദൈവമെന്നാൽ, സത്യമെന്നാൽ മതമാണെന്നും മതമാകണമെന്നും ആര് പറഞ്ഞു?

ദൈവമെന്നാൽ, സത്യമെന്നാൽ മതം പറഞ്ഞത് പോലെയാകണമെന്ന് ആര് പറഞ്ഞു?

ദൈവത്തിൽ വിശ്വസിക്കുകയെന്നാൽ മതത്തിൽ വിശ്വസിക്കുകയാണെന്ന് ആര് പറഞ്ഞു?

മതം പറയുകയെന്നാൽ സത്യം പറയുകയാണെന്ന് ആര് പറഞ്ഞു?

ദൈവമെന്നാൽ കല്പനകളും ഭീഷണികളും ഉണ്ടാക്കുന്ന ശക്തിയാണെന്ന് ആര് പറഞ്ഞു?

ദൈവമെന്നാൽ നന്മയും തിന്മയും വേർപെടുത്തുന്ന സൂചികയാണെന്ന് ആര് പറഞ്ഞു?

മതത്തിനാണ് ദൈവത്തിൻ്റെ കുത്തകയും വിപണനാവകാശവുമെന്ന് ആര് പറഞ്ഞു? 

ദൈവത്തെയും സത്യത്തെയും അന്വേഷിക്കുന്നതും അന്വേഷിക്കേണ്ടതും മതത്തിലൂടെയാണെന്നും മതം പറഞ്ഞ വഴിയിലൂടെ ആകണമെന്നും ആര് പറഞ്ഞു?

No comments: