Monday, March 13, 2023

ഈയുള്ളവന് വിഷയദാരിദ്ര്യമുണ്ട് പോൽ.

അസൂയാലുവിൻ്റെ ഉപദ്രവത്തിൽ നിന്ന്, 

അസൂയാലു (ഏത് വിധേനയും) 

അസൂയ ചെലുത്തുമ്പോഴുള്ള 

നാശത്തിൽ നിന്ന് 

പ്രഭാതത്തിൻ്റെ നാഥനോട് 

(പൊട്ടിവിടരുന്നതിൻ്റെ നാഥനോട്) 

ഞാൻ രക്ഷതേടുന്നുവെന്ന് 

നീ പറയുക. 

(ഖുർആൻ : സൂറ അൽഫലഖ്)

******

ചിലർക്ക് വല്ലാത്ത പരാതി.

ഈയുള്ളവന് വിഷയദാരിദ്ര്യമുണ്ട് പോൽ. 

ഈയുള്ളവൻ പഴഞ്ചനാണ് പോൽ.

ഈയുള്ളവൻ പുതിയ വിഷയങ്ങൾ സംസാരിക്കുന്നില്ല പോൽ.

ഈയുള്ളവന് പുതിയ പുതിയ സത്യങ്ങൾ ഉണ്ടാക്കിപ്പറയാൻ സാധിക്കുന്നില്ല പോൽ.

ഈയുള്ളവൻ മാർക്കറ്റ് ആവശ്യപ്പെടുന്ന ഉത്പന്നം അവരാവശ്യപ്പെടുന്നത് പോലുള്ള സുന്ദര പാക്കറ്റുകളിൽ നൽകുന്നില്ല പോൽ.

ശരിയാണ്. പക്ഷേ, എന്താണ് ചെയ്യുക?

ഈയുള്ളവൻ്റെ വിഷയദാരിദ്ര്യം കാരണം  ഈയുള്ളവനെ പിന്തുടരാൻ വല്ലാതെ കൊതിച്ച് മുട്ടിനടക്കുന്ന ആ ചിലർക്ക് പിന്തുടരാൻ സാധിക്കുന്നില്ല പോൽ. 

എന്താണ് പോംവഴി?

അവരുദ്ദേശിക്കും വിധം 

അവർക്ക് വേണ്ടത് തന്നെ സംസാരിക്കാൻ എന്താണ് വഴി?

ചുരുങ്ങിയത് വല്ലാത്ത ബുദ്ധിയും ചിന്തയും ആവശ്യമുള്ള ബ്രഹ്മപുരം പോലുള്ള സങ്കീർണ തത്ത്വചിന്താ പ്രശ്നത്തെ കുറിച്ചെങ്കിലും ഈയുള്ളവൻ സംസാരിക്കണം പോൽ.

എങ്കിലേ അങ്ങനെയുള്ളവർക്ക് ഈയുള്ളവനെ പിന്തുടരാൻ താൽപര്യം തോന്നൂ എന്നറിയിച്ചിരിക്കുന്നു.

വിഷയങ്ങളിൽ സമ്പന്നരായവർ, പ്രത്യേകിച്ചും അവർ വിഷയങ്ങൾ എന്ന് കരുതുന്ന ബ്രഹ്മപുരം പോലുള്ള ലോകോത്തര വിഷയങ്ങളിൽ നിന്ന്, കുറച്ച് വിഷയങ്ങൾ ഇങ്ങോട്ട് തരുമോ? പഠിപ്പിച്ചുതരുമോ?

അങ്ങനെ സമ്പന്നരായ ചിലരുടെ വിഷയങ്ങൾ ദാനവും ധർമ്മവുമായിക്കിട്ടി ഈയുള്ളവനും വിഷയങ്ങളിൽ സമ്പന്നനാവട്ടെ. 

എന്തെങ്കിലും പുതിയത് ഈയുള്ളവനും ചിലർക്ക് വേണ്ടി പറയട്ടെ?

*****

അതേസമയം,

മറ്റുള്ളവരായ എല്ലാവരുടെയും 

എല്ലാവിധ ധാരണകളിൽ നിന്നും, 

മറ്റുള്ളവരുടെ ധാരണകൾക്ക് വേണ്ടി 

എന്നുമെന്നും അഭിനയിച്ച് മാത്രം ജീവിക്കുന്നതിൽ നിന്നും 

രക്ഷ നേടുന്നത് കൂടിയാണ് 

യഥാർത്ഥ മോക്ഷമെന്ന് 

ഈയുള്ളവൻ കരുതിയും പോകുന്നു.


എന്ത് ചെയ്യും?

No comments: