Friday, March 17, 2023

ഭ്രാന്തും ഭ്രാന്തന്മാരും ചുരുങ്ങിയത് രണ്ട് തരം.

ഭ്രാന്തും ഭ്രാന്തന്മാരും 

ചുരുങ്ങിയത് രണ്ട് തരം. 


ബാക്കി നൂറായിരം തരം 

ഭ്രാന്തും ഭ്രാന്തന്മാരും ഇല്ലെന്നല്ല. 


ഒരു നൂറായിരം തരങ്ങൾ തന്നെയുണ്ട്

ഭ്രാന്തും ഭ്രാന്തന്മാരും.


പക്ഷേ അവയെല്ലാം കൂടി 

ഈ രണ്ട് തരത്തിൽ വരുന്നു. 


ഒന്ന് പോസിറ്റീവ്. 

രണ്ടാമത്തേത് നെഗറ്റീവ്.


ഒന്ന് വളർച്ച

മറ്റേത് തളർച്ച.


ഒന്ന് ആരോഗ്യം.

മറ്റേത് രോഗം.


ഒരുപക്ഷേ ലക്ഷണങ്ങൾ

ഒരുപോലെയെന്ന്

കണ്ടും തൊന്നിയും

ആളുകൾ ഓരുപോലെ എടുക്കും.


അതുകൊണ്ട് മാത്രം ചിലത് 


******


രണ്ടും ഒരോപോലെയെന്ന് തോന്നും. 

ചിലപ്പോഴുള്ള ചേഷ്ടകൾ കൊണ്ട്. ചില രൂപഭാവങ്ങൾ കൊണ്ട്.


ഒന്ന് വ്യക്തതയിൽ, 

വ്യക്തമായ യാഥാർത്ഥ്യ ബോധത്തിൽ, 

തനിക്ക് താൻ പ്രായോഗികതയിൽ, 

സ്വന്തവുമായി പൊരുത്തത്തിൽ.


മറ്റേത് അവ്യക്തതയിൽ, 

കാല്പനികതയിൽ, 

വെറും വെറുതേ അനുകരിച്ച്, 

തനിക്ക് താൻ അപ്രായോഗികമായി, 

സ്വന്തവുമായി പൊരുത്തക്കേടിൽ.


ഒന്ന് സ്വയം രക്ഷപ്പെട്ടത്. 

മറ്റുള്ളവരെ രക്ഷിക്കാനുമുള്ളത്.


മറ്റേത് സ്വയം അരക്ഷിതപ്പെട്ടത്. 

മറ്റുള്ളവരെയും അരക്ഷിതപ്പെടുത്തുന്നത്.


ഒന്ന് സ്വയം വിജയിച്ചത്.

മറ്റുള്ളവരെയും വിജയിപ്പിക്കുന്നത്.


മറ്റേത് സ്വയം പരാജയപ്പെട്ടത്, മറ്റുള്ളവരെയും പരാജയപ്പെടുത്തുന്നത്.


ഒന്ന് സ്വാതന്ത്ര്യം നൽകുന്നത്. 

സ്വാതന്ത്ര്യം നൽകുന്ന 

അരക്ഷിതത്വത്തിലും അപരിചിതത്വത്തിലും 

ആനന്ദം കണ്ടെത്തുന്നത്.


മറ്റേത് അസ്വാതന്ത്ര്യം 

സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിക്കുന്നത്. 

അതേസമയം സ്വാതന്ത്ര്യം നൽകുന്ന 

അരക്ഷിതത്വത്തിലും അപരിചിതത്വത്തിലും 

ഭയവിഹ്വലരാവുന്നവർ.


ഒന്ന് സ്വാതന്ത്യമെന്നാൽ 

ഭോഗം വർദ്ധിപ്പിക്കുന്നതല്ല, 

പകരം യഥാർത്ഥ സ്വാതന്ത്ര്യം 

ഭോഗം പോലും അനാവശ്യമാക്കുന്നതെന്ന് 

മനസ്സിലാക്കുന്നത്.


മറ്റേത് സ്വാതന്ത്യമെന്നാൽ 

ഭോഗം വർദ്ധിപ്പിക്കാനുള്ളതാണ്, 

ഭോഗം ഏറേയേറെ ആവശ്യമാക്കുന്നതാണ് 

സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്.


ഒന്ന് സ്വാതന്ത്ര്യം 

ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നതല്ല, 

പകരം ആവശ്യങ്ങളിൽ നിന്ന് വരെയുള്ള 

സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യമെന്ന് 

മനസ്സിലാക്കുന്നത്. 

ആവശ്യങ്ങൾക്ക് വേണ്ടിയും 

അടിമയാകാതിരിക്കുന്ന സ്വാതന്ത്ര്യമാണ് 

യഥാർത്ഥ സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്. 

ഉള്ളി പൊളിച്ച് നോക്കിയെന്ന പോലെ 

ആവശ്യങ്ങളൊന്നും ആവശ്യങ്ങളല്ലെന്ന് മനസ്സിലാക്കുന്നത്.


മറ്റേത് ആവശ്യങ്ങൾ 

എത്രയുമെത്രയും വർദ്ധിപ്പിക്കുന്നത്, എത്രയുമെത്രയും നടത്താനുള്ളത് 

സ്വാതന്ത്ര്യമെന്ന് ധരിക്കുന്നത്. 

ആവശ്യങ്ങൾ എത്രയുമെത്രയും നിവർത്തിക്കലും നിവർത്തിക്കാനുള്ള 

പണി എടുക്കലുമാണ് 

 സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്. 

ആവശ്യങ്ങളിൽ കുടുങ്ങുന്നതാണ്, ആവശ്യങ്ങൾക്ക് അടിമയാകുന്നതാണ്  

സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നത്.


*****


ഒന്ന് സർവ്വതും അതിജയിച്ച 

ആത്മനിർവൃതിയുടെ ഭ്രാന്ത്.

ആവശ്യങ്ങൾ ഇല്ലാത്തവൻ്റെ,

ആവശ്യങ്ങൾ എത്രയും കുറഞ്ഞവൻ്റെ

ആത്മനിർവൃതി.


സൈക്കിൾ അഭ്യാസി 

കൈവിട്ടും സൈക്കിൾ ഓടിക്കുന്നത് പോലെ.


മറ്റേത് സർവ്വതിനും കീഴ്പ്പെട്ട 

ആത്മനാശത്തിൻ്റെയും 

നിരാശയുടെയും  ഭ്രാന്ത്.


ആവശ്യങ്ങൾ എത്രയും ഉണ്ടാക്കുന്നവൻ്റെ,

ആവശ്യങ്ങൾ എത്രയും കൂട്ടുന്ന

ഏറിയേറിവരുന്ന ആത്മസംഘർഷം.


സൈക്കിൾ ഒടിക്കാനറിയാത്തവൻ 

കൈവിട്ട് വീഴുന്നത് പോലെ.


******


ഒന്ന് നിരാശ്രയത്വത്തിൻ്റെയും സഹായപൂർണതയുടെയും ഭ്രാന്ത്. 


നിരാശ്രത്വവും സ്വയംപൂർണതയും 

പിന്നെ സ്വാശ്രയത്വംവും നൽകുന്ന 

സ്വാതന്ത്ര്യം തന്നെയായ ഭ്രാന്ത്.


മറ്റേത് പരാശ്രയത്വത്തിൻ്റെയും നിസ്സഹായതയുടെയും ഭ്രാന്ത്.


ഒന്ന് നൂറായിരം നിർദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തരുന്ന, 

തരാനറിയുന്ന ഭ്രാന്ത്. 

കടന്നുവന്ന വഴികളിലെ 

കുഴികളും അപകടങ്ങളും 

വിളിച്ചുപറയുന്ന ഭ്രാന്ത്. 


മറ്റേത് ആവലാതികളുടെയും 

വേവലാതികളുടെയും ഭ്രാന്ത്. 

കടന്നുവന്ന വഴികളിലെ 

കുഴികളിലും അപകടങ്ങളിലും 

ആപതിച്ചു വീണ ഭ്രാന്ത്. 

കുഴികളും അപകടങ്ങളും, 

കുഴികളും അപകടങ്ങളും തന്നെയെന്ന് 

മനസ്സിലാക്കാത്ത ഭ്രാന്ത്.


ഒന്ന് ആകാശത്ത് വിശാലതയിൽ 

അതിരുകളില്ലാതെ ആസ്വദിച്ച് 

ചിറകുകളിൽ പാറിനടക്കുന്നത്.


മറ്റേത് അതേ ആകാശത്ത് തന്നെ, 

പക്ഷെ,നിയന്ത്രണമില്ലാതെ 

ചിറകുകൾ ഇല്ലാതെ ഉഴറിനടക്കുന്നത്, 

ഏത് സയവും താഴേക്ക് 

ശക്തിയായി വീഴുന്നതോർത്ത് 

പേടിച്ച് വിറക്കുന്ന ഭ്രാന്ത്.


ഒന്ന് ഭംഗിയായി നീന്താൻ, 

താളത്തോടെ കൈകാലിട്ടടിക്കുന്ന ഭ്രാന്ത്.


മറ്റേത് ഒരു നിലക്കും നീന്താനറിയാതെ 

മുങ്ങുന്ന വഴിയിൽ വെപ്രാളപ്പെട്ട്, 

താളം നഷ്ടപ്പെട്ട് 

കൈകാലിട്ടടിക്കുന്ന ഭ്രാന്ത്.


*****


ദൂരേ നിന്ന് നോക്കുന്നവർക്ക് രണ്ടും ഒരുപോലെയെന്ന് തോന്നിപ്പോകും. 


ചിലപ്പോഴുള്ള ചേഷ്ടകൾ കൊണ്ട്. രൂപഭാവങ്ങൾ കൊണ്ട്.


കൈകാലിട്ടടിക്കുന്നത് 

നിന്താനാണോ, അതള്ള 

മുങ്ങുന്നത് കൊണ്ടാണോ

എന്ന് വകത്തിരിച്ച് മനസ്സിലാക്കാനാവാത്തവർ പ്രത്യേകിച്ചും.


പക്ഷേ, രണ്ടും തീർത്തും രണ്ട്.

വേറെ വേറെയായ

ഒന്ന് മറ്റൊന്നല്ലാത്ത രണ്ട്.


ഒന്ന് കൊണ്ടുനടക്കുന്നത്. 

മറ്റേത് വഴിയിലിട്ട് കബളിപ്പിക്കുന്നത്.


രണ്ട് കൂട്ടരും ഒരുപോലെ 

എന്തോ പറയുന്നവരെന്ന് തോന്നും. 

പ്രത്യേകിച്ചും ആർക്കും മനസ്സിലാകാത്തത് 

പറയുന്നവരെന്ന് തോന്നും.


പക്ഷേ ഒന്ന് 

ആത്യന്തിക യുക്തിയുടെയും 

വെളിച്ചമുള്ള വിവേകത്തിൻ്റെയും 

വിത്തുകൾ തരുന്നവർ. 

വെറും കല്ലുകൾ അല്ല. 

അവർ തരുന്നത് മുളക്കും.

വളർത്തിയാൽ വടവൃക്ഷം തന്നെയാവും. 

തോട്ടങ്ങൾ ഉണ്ടാവും. 


അവർ പറയുന്നത് 

പ്രത്യക്ഷത്തിൽ മനസ്സിലാവില്ലെങ്കിലും 

മുട്ടകൾ തന്നെ. 

കല്ലുകൾ എന്ന് ധരിച്ച് 

കാലുകൊണ്ട് 

ചവിട്ടിപ്പൊട്ടിക്കാതിരുന്നാൽ മാത്രം മതി. 

വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാവും. 

ചുരുങ്ങിയത്, 

വിരിയിക്കാനറിയാത്തവന് 

ഒരിക്കലെങ്കിലും ഭക്ഷണമായി 

തിന്നാനും പറ്റും.


മറ്റേത് യുക്തിയും വിവേകവും

അല്പവും തീണ്ടാത്ത, 

വെറുതേ വേദനിപ്പിക്കുന്ന 

വെറും കല്ലുകൾ. 

മുളക്കില്ല. വ

ളർത്തിയാൽ വടവൃക്ഷമാവില്ല. 

കാലുകൾ കൊണ്ട് ചവിട്ടിയാൽ 

കാലുകൾ വേദനിക്കും. 

ഒരുനിലക്കും അനുഭവിക്കാൻ സാധിക്കില്ല. 

ഒരിക്കൽ പോലും ഭക്ഷണമായി 

തിന്ന് വിശപ്പ് മാറ്റാനും പറ്റില്ല.


*****


ഒന്ന് വെളിച്ചം.


മറ്റേത് ഇരുട്ട്.



ഒന്ന് വെളിച്ചം കൊണ്ട് 

സ്വർവ്വതും കാണുന്നവർ,

കാണിക്കുന്നവർ. 


മറ്റേത് അതേ വെളിച്ചം  കൊണ്ട്, 

വെളിച്ചം കണ്ണിലടിച്ച് 

കാഴ്ച്ചനഷ്ടപ്പെടുന്നവർ.

 കാഴ്ച്ചനഷ്ടപ്പെടുത്തുന്നവർ


ഒന്ന് വഴി കണ്ടെത്തിയതിൻ്റെ ഭ്രാന്ത്.


മറ്റേത് ശരിക്കും വഴി കണ്ടെത്താനാവാത്തതിൻ്റെ ഭ്രാന്ത്.


ഒന്ന് വെളിച്ചം നൽകിയ 

അനേകായിരം സാധ്യതകളുടെയും 

വിശാലതയുടെയും സ്വാതന്ത്ര്യത്തിൻ്റെയും 

ഭ്രാന്ത്.


മറ്റേത് ഇരുട്ട് നൽകിയ 

ഇടുക്കത്തിൻ്റെയും ഭയത്തിൻ്റെയും 

അവ്യക്തതയുടേയും പാരതന്ത്ര്യത്തിൻ്റെയും 

ഭ്രാന്ത്.


******


എങ്കിൽ, ശരിക്കും എന്താണീ 

പോസിറ്റീവ് ഭ്രാന്ത്?


പോസിറ്റീവ് ഭ്രാന്തായിട്ടും 

എന്ത്കൊണ്ട് ജനത 

ഭ്രാന്തായും ഭ്രാന്തൻമാരായും കാണുന്നു?


മറ്റൊന്ന് കൊണ്ടുമല്ല.


പോസിറ്റീവ് ഭ്രാന്തും ഭ്രാന്തന്മാരും 

ചുറ്റുപാടുയർത്തുന്ന സർവ്വിവിധ പ്രതീക്ഷകൾക്കും 

നിർവ്വചനങ്ങൾക്കും പുറത്താണ് 

എന്നത് കൊണ്ട്.


അവർ പൂർണാർത്ഥത്തിൽ 

സ്വതന്ത്രരാണ് എന്നത് കൊണ്ട്. 

സ്വാതന്ത്ര്യമാണ് ജനങ്ങളെ

ഏറ്റവും പേടിപ്പിക്കുന്ന കാര്യം 

എന്നതിനാൽ.


അവർ ആരേയും ആശ്രയിക്കുന്നില്ല എന്നത്

ജനങ്ങളെ ഏറ്റവും പേടിപ്പിക്കുന്ന കാര്യം എന്നതിനാൽ.


അവരുടെ മേൽ ആർക്കും 

ഒരു നിയന്ത്രണവും സ്വാധീനവും സാധിക്കുന്നില്ല എന്നത് ജനങ്ങളെ 

ഏറ്റവും പേടിപ്പിക്കുന്ന കാര്യം 

എന്നതിനാൽ..


ഇങ്ങിനെയുള്ള അവരുടെ സ്വാതന്ത്ര്യം 

പക്ഷേ ആർക്കും ബാധ്യതയും ഭാരവും ആവാത്ത സ്വാതന്ത്ര്യം.


അവർ ആർക്കും 

ഭീഷണിയും ഭയപ്പാടുമല്ല.


എന്നിട്ടും എന്തുകൊണ്ട് 

അവർ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും 

കാണുന്നു, കാണപ്പെടുന്നു? 


മറ്റൊന്ന് കൊണ്ടുമല്ല. 


എല്ലാവരും ഭയക്കുന്ന, 

ഓടിമാറിയകന്നു നിൽക്കുന്ന 

നടുക്കടലിൽ , 

ആഴക്കടലിൽ അവർ 

ആസ്വദിച്ചു നീന്തുന്നു, 

അൽപവും ക്ഷീണിക്കാതെ. 


ചുറ്റുപാടുമുള്ളവർക്കത് 

മുങ്ങിച്ചാവാനുള്ള ഭ്രാന്ത് മാത്രമായി തോന്നുന്നു. 

ചുറ്റുമുള്ളവർ അവരെ 

ആസ്വദിച്ച് നീന്തുന്നവരായി 

മനസ്സിലാക്കുന്നില്ല. 

അതുകൊണ്ട് കൂടി... 


അതുകൊണ്ട് മാത്രം 

അവർ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും 

കാണുന്നു, കാണപ്പെടുന്നു?


അതുകൊണ്ട് മാത്രം 

അവർ മുഹമ്മദിനെയും ബുദ്ധനെയും 

യേശുവിനെയും സോക്രട്ടീസിനെയും 

ഭ്രാന്തരായിക്കണ്ടു.

സ്വതന്ത്രൻ ഭ്രാന്തനാണ്.


******


എങ്കിൽ ശരിക്കും 

എന്താണീ നെഗറ്റീവ് ഭ്രാന്ത്?


ഭ്രാന്തായിട്ടും എന്ത്കൊണ്ട് 

അവരുടെ ഭ്രാന്തിനെ 

പോസിറ്റിവ് 

ഭ്രാന്തിനെ പോലെയും 

അവരെ പോസിറ്റീവ് ഭ്രാന്തൻമാരെ പോലെയും 

കാണുന്നു?


മറ്റൊന്ന് കൊണ്ടുമല്ല.


നെഗറ്റീവ് ഭ്രാന്തും ഭ്രാന്തന്മാരും, 

പോസിറ്റീവ് ഭ്രാന്തൻമാരെപ്പോലെത്തന്നെ, ചുറ്റുപാടുയർത്തുന്ന സർവ്വിവിധ പ്രതീക്ഷകൾക്കും നിർവ്വചനങ്ങൾക്കും പുറത്താണ് എന്നത് കൊണ്ട്.


പക്ഷേ നെഗറ്റീവ് ഭ്രാന്തും

നെഗറ്റീവ് ഭ്രാന്തൻമാരും

അർത്ഥം കിട്ടാതെ, 

അപൂർണാർത്ഥത്തിൽ മാത്രം

സ്വതന്ത്രരെന്ന  വ്യത്യാസമൊന്നും 

പൊതുജനം തിരിച്ചറിയില്ല.. 


അവർ അവരുടെ ഭ്രാന്തിൽ

എല്ലാവരെും ആശ്രയിക്കുന്നു 

എന്ന വ്യത്യാസവും 

പൊതുജനം തിരിച്ചറിയില്ല.. . 


എന്നിരിക്കേ, 

അവരുടെ മേലും 

ആർക്കും ഒരു നിയന്ത്രണവും 

സ്വാധീനവും സാധിക്കുന്നില്ല 

എന്ന അളവുകോൽ വെച്ച്

മാത്രം രണ്ട് ഭ്രാന്തും

ഒരുപോലെ യെ ന്നവർ

എളുപ്പം വിധി എഴുതുന്നു.


ഇങ്ങിനെയുള്ള 

നെഗറ്റീവ് ഭ്രാന്തൻമാരുടെ  സ്വാതന്ത്ര്യം 

പക്ഷേ എല്ലാവർക്കും ബാധ്യതയും ഭാരവും 

ആവുന്ന സ്വാതന്ത്ര്യം.


അവർ എല്ലാവർക്കും ഭീഷണിയും ഭയപ്പാടുമാകുന്നു.


അതുകൊണ്ട് തന്നെ 

അവരെ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും കാണുന്നു, കാണപ്പെടുന്നു? 


മറ്റൊന്ന് കൊണ്ടുമല്ല. 


എല്ലാവരും ഭയക്കുന്ന, 

ഓടിമാറിയകന്നു നിൽക്കുന്ന 

നടുക്കടലിൽ , 

ആഴക്കടലിൽ 

അവർ നിയന്ത്രണമില്ലാതെ പിടയുന്നു, 

തീർത്തും  ക്ഷീണിച്ചുകൊണ്ട്. 


അതുകൊണ്ട് തന്നെ 

ചുറ്റുമുള്ളവർക്കത് 

മുങ്ങിച്ചാവാനുള്ള ഭ്രാന്ത് മാത്രമായി തോന്നുന്നു.


അതുകൊണ്ട് കൂടി പൊതുജനം 

അവർ ഭ്രാന്തരായും 

അവരുടേത് ഭ്രാന്തായും 

കാണുന്നു.

*****


കാരണം, 

സ്വയം മുങ്ങിത്താഴുന്ന

അത്തരക്കാർ

ചുറ്റുപാടുള്ളവരെയും

മുക്കിത്താഴ്ത്തുന്നു.


ആരോപണങ്ങളുടെയും

പ്രത്യാരോപണങ്ങളുടെയും 

കുറ്റപ്പെടുത്തലുകളുടെയും 

നീർക്കയങ്ങളിലേക്ക്.


അവർ തന്നെയും

സ്വയം മുങ്ങിത്താഴുന്ന

നീർക്കയങ്ങളിലേക്ക്.


No comments: