Monday, January 9, 2023

ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നു പൂച്ച.

ശരീരത്തിലെ ഓരോ സൂക്ഷ്മകണവും അണുവും കോശവും ജീവിക്കുന്നു. 

ഞാനറിഞ്ഞു കൊണ്ടല്ല. 

അവ എന്നെ ഞാനാക്കുന്നു. 

അതും ഞാനറിഞ്ഞു കൊണ്ടല്ല. 

അവയെ ഞാനും എന്നെ അവയും സ്വന്തമാക്കുന്നില്ല, അറിയുന്നില്ല.

******

ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നു പൂച്ച. 

ജനിച്ചത് കൊണ്ട് മാത്രം തന്നെ ജീവിക്കുന്നു മനുഷ്യനും.

പ്രത്യേകിച്ചൊരുദ്ദേശവും ഇല്ലാതെ. 

അങ്ങനെയൊരുദ്ദേശം കൃത്യമായും കാര്യമായും പ്രത്യേകിച്ചുണ്ടാക്കാൻ സാധിക്കാതെ. 

അതിന് മാത്രം വെളിച്ചവും തെളിച്ചവും ഇല്ലാതെ.


അല്ലേൽ അവിടിവിടെ കൃത്രിമമായുണ്ടാക്കി ഉദ്ദേശിക്കുന്ന ഉദ്ദേശങ്ങൾ ഒന്നും ഒന്നിനും മതിയാവാതെ. 

വെയിലത്തുരുകും മഞ്ഞ് പോലെ നിലനിൽപ്പില്ലാതെ, സ്ഥിരതയില്ലാതെ എല്ലാ ഉദ്ദേശങ്ങളും. 

മരീചിക പോലെ. 

അടുത്തെത്തി പ്രാപിക്കുമ്പോൾ ഇല്ലാത്ത  ഉദ്ദേശങ്ങൾ 

പ്രത്യേകിച്ചും ജീവിതത്തെ അങ്ങോളം കൊണ്ടുപോകാൻ പറ്റാത്തത്.


അതിനാലോ? 

വെറും വെറുതെയിരിക്കുന്ന പൂച്ചയാണ് ഈയുള്ളവന് ഗുരു. 

അന്നവും ഇണയും സുരക്ഷയും അല്ലാത്ത ഒന്നും വേണ്ട, ഒന്നും അസ്വസ്ഥപ്പെടുത്തേണ്ടതില്ല എന്നുറപ്പിച്ച് പറയുന്ന ഗുരു.

പക്ഷേ, അതൊന്നുമല്ലെന്ന് വെറും വെറുതെ കരുതി അസ്വസ്ഥപ്പെടുന്ന മനുഷ്യൻ വല്ലാതെ ചിരിപ്പിക്കുന്നു.

പൂച്ചയെയും ഈയുള്ളവനെയും.

*****

കുറ്റബോധം, ആത്മവിശ്വാസമില്ലായ്മ, 

ദൈവത്തെ അവിശ്വസിക്കൽ. അതിനാൽ പ്രാർത്ഥന. 

മതം ഉറപ്പാക്കുന്ന നാല് കാര്യങ്ങൾ.

No comments: