Sunday, January 15, 2023

ക്രിമിനലിനേക്കാൾ വലിയ ക്രിമിനൽ കോടതികളായാലോ?

ക്രിമിനലിനേക്കാൾ വലിയ ക്രിമിനൽ കോടതികളായാലോ? 

വേലി വിള തിന്നുന്നത് മനസിലാക്കാം. 

പക്ഷേ, വേലി കൃഷിയിടം തന്നെ ഭസ്മമാക്കുന്നതോ? 

******

അതാണ് നീതിന്യായ വ്യവസ്ഥയുടെ തകരാറ്. 

ന്യായാധിപൻ ആരുടെ മുമ്പിലും ഉത്തരം പറയേണ്ടതില്ല. അവർ accountable അല്ല. അവരെ ചോദ്യം ചെയ്യാൻ പറ്റില്ല.

ന്യായാധിപന് ബോധപൂർവ്വം തന്നെ മുഴുവൻ തെിവുകളെയും അവഗണിക്കാം, കണ്ടില്ലെന്ന് നടിക്കാം. റെക്കോർഡ് ചെയ്യാതിരിക്കാം.

വ്യക്തമായ തെളിവുകൾക്കും സാക്ഷിമൊഴികൾക്കും വിരുദ്ധമായി ന്യായാധിപന് വിധി പറയാം. ആരെയും വ്യക്തിപരമായ വിരോധം വെച്ച് വരെ ഇരയാക്കാം.

ന്യായാധിപനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അയാൾക്ക് പൂർണാർത്ഥത്തിൽ സ്വേച്ഛാധിപതി  ആവാം. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത ഫാസിസ്റ്റ് വരെ.

ഏറിയാൽ അപ്പീൽ പോകാം. 

പക്ഷെ, അപ്പോഴും കാര്യങ്ങൾ തഥൈവ. ഒരാളുടെ ആത്മമിഷ്ടതയെ ആശ്രയിക്കണം.

*****

ഏത് പാവപ്പെട്ടവനെയാണ് ഏതെങ്കിലും കോടതി ഇതുവരെ വേണ്ടവിധം കേട്ടത്? 

പാവപ്പെട്ടവന് അങ്ങോട്ടടുക്കാൻ കഴിയാത്ത വിധം ചിലവേറിയ കെട്ടിക്കുടുക്കുകളുടെ കൂത്തരങ്ങാണ് കോടതി. 

എന്താണ് യഥാർഥത്തിൽ ആ നിലക്ക് കോടതിയെന്നാലും?

കുറേ പേർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കാനുള്ള സർക്കാറിൻ്റെ വേറൊരു ഏർപ്പാട്. 

വെറും യാന്ത്രികമായി മാത്രം, മനസാക്ഷി മുഴുവൻ വിറ്റ്, ഒരു കൂറും കാണിക്കാതെ, ആനുകൂല്യങ്ങൾക്കും പ്രമോഷനും വേണ്ടി മാത്രം കാത്ത്നിന്ന്, തൊഴിൽ ചെയ്യുന്ന വെറും തൊഴിൽ ശാല.

*****

കണ്ണ് കാണാത്തവന് കണ്ണ് കാണില്ലെന്നറിയാം. 

പക്ഷെ, കോടതിക്ക് അതും അറിയില്ല. അവരുടെ അന്ധതയെ അവർ അധികാരം ഉപയോഗിച്ച് കാഴ്ചയാക്കി ശരിയാക്കി അവതരിപ്പിക്കുകയും ചെയ്യും

അന്ധനെന്ന് സമ്മതിക്കാതെ ചിലർ ലോകത്തെ നയിക്കുന്നത് തന്നെ ദുരന്തം. നാട് മുഴുവൻ അത് അനുഭവിക്കുന്നു. പോരാത്തതിന് കോടതിയിലൂടെയും

*****

എല്ലാവർക്കും പകൽ വെളിച്ചത്തിൽ എന്ന പോലെയായിരിക്കും പല സംഗതികളും. 

പക്ഷേ, അതേ കാര്യം യാന്ത്രികമായി മാത്രംപെരുമാറുന്ന കോടതിക്ക് നൂറ് പേരുടെ സഹായത്തോടെയും മനസ്സിലാവില്ല. 

ഇതൊരു വല്ലാത്ത ദുരന്തവും നിസ്സഹായതയുമാണ്. 

കോടതിയുടെ ഈയോരവസ്ഥ സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ  കുറച്ചൊന്നുമല്ല. 

അവൻ മറ്റിതര നിയമവിരുദ്ധമായ, എന്നാൽ എളുപ്പമുള്ള കുറുക്കുവഴി പരിഹാര മാർഗങ്ങൾ അന്വേഷിച്ച് പോകുന്നത്രയാണത്.

*****

ഏതെങ്കിലും പീഢന കേസിൽ എപ്പോഴെങ്കിലും ഇരക്ക് അനുകൂലമായി, പാവങ്ങൾക്ക് അനുകൂലമായി എവിടെയെങ്കിലും ഒരു വിധി വന്നിട്ടുണ്ടോ?

പ്രത്യേകിച്ചും മതവും രാഷ്ട്രീയവും സമ്പത്തും ഒക്കെ വിധികർത്താക്കളുടെ സ്വാധീന ഘടകങ്ങൾ ആവുമ്പോൾ.

പാവപ്പെട്ടവന് എളുപ്പത്തിൽ കോടതിയെ സമീപിക്കാവുന്ന സൗകര്യവും സുതാര്യതയും കോടതിയിൽ ഇല്ലാതിരിക്കുമ്പോൾ.

*****

എല്ലാവരും പരസ്പരം കൈകോർക്കുന്നു. മതവും രാഷ്ട്രീയവും സമ്പത്തും. 

എന്നതാണ് കോടതി വ്യവസ്ഥ നേരിടുന്ന വലിയ പ്രശ്നം. 

ഏതെങ്കികും ഒരു കാര്യത്തിലല്ല. മിക്കവാറും എല്ലാ കാര്യത്തിലും...

എവിടെയും എപ്പോഴും നോക്കൂ... 

എല്ലാ കാര്യത്തിലും എല്ലാ വിധിയിലും ഇത് നടക്കുന്നു. 

രാഷ്ടീയം, മതം, സമ്പത്ത് എന്നിവ ഒരുമിച്ച് നിന്ന് നീതിയെ തട്ടിക്കൊണ്ട് പോകുന്നു.

*****

നിങൾ ചോദിക്കും. അപ്പോൾ എന്ത് പ്രതിവിധി?

പകച്ച് നിൽക്കുക മാത്രം. 

അല്ലാതെ എന്ത് ചെയ്യാം?

ജനാധിപത്യത്തിന് വളരാത്ത ഒരു വലിയ നാട് ജനാധിപത്യരാജ്യം ആയതിൻ്റെ വലിയ പാപ ഫലം അനുഭവിക്കുക. നാടിനെയും നാട്ടുകാരെയും പരിചയമുള്ളവർ, പ്രതിയെയും വാദിയെയും   നേരിട്ടറിയുന്നവർ വിധി പറയാത്തിടത്തോളം കാലം.

***** 

അതുകൊണ്ട്തന്നെ എല്ലാവർക്കും വെളിച്ചമായിരിക്കും. പക്ഷെ നാടിനും നാട്ടുകാർക്കും ദൂരെനിൽക്കുന്ന കോടതിക്ക് വെളിച്ചം ഇരുട്ടാണ്.

ദൂരേ മാത്രം നിൽക്കുന്ന കോടതിയെ സത്യം മനസ്സിലാക്കുക, വെളിച്ചം കാണിക്കുക സാധാരണക്കാരന് താങ്ങാനാവാത്തത്ര ചിലവ്പിടിച്ച പണി. 

അക്രമികളായ രാഷ്ട്രിയ മത ഭരണ നേതൃത്വത്തിൻ്റെ ധൈര്യവുമതാണ്. 

സമ്പന്നരായ അവർക്ക് മാത്രമേ കോടതിയുടെ അടുത്ത്ചെന്ന് ആ വില താങ്ങാനാവൂ... കോടതിയും അവരെ തന്നെയേ ഏറിയ കൂറും മാനിക്കൂ, അടുപ്പിക്കൂ...

അതുകൊണ്ടാണ് അത്തരം രാഷ്ട്രിയ മത ഭരണ നേത്രുത്വം എളുപ്പം പറയുന്നത്. എല്ലാം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന്. 

കാരണം, നിയമത്തിൻ്റെ വഴിയും കോടതിയും അക്രമികളായവർക്കുള്ള രക്ഷാകവചമെന്ന് അവർ ഉള്ളിലറിയുന്നു. 

അങ്ങനെ അവർ ഉള്ളറകളിൽ ഊറിച്ചിരിക്കുന്നു....

No comments: