ദൈവമല്ലാത്ത ദൈവമില്ലെന്ന കണ്ടെത്തൽ, അറിയൽ, പറച്ചിൽ.
ആർക്കെങ്കിലും അങ്ങനെ ശരിക്കും, കൃത്യമായും വ്യക്തമായും കണ്ടെത്താനും അറിയാനും പറയാനും സാധിക്കുന്നുണ്ടെങ്കിൽ അത് ഗംഭീരം തന്നെ. അതിഗംഭീരം തന്നെ.
ആരുടെയെങ്കിലും ദൈവമേ ഇല്ലെന്ന കൃത്യമായ വ്യക്തമായ കണ്ടെത്തലും അറിയലും പറച്ചിലും പോലെ തന്നെ ഗംഭീരം, അതിഗംഭീരം.
അല്ലെങ്കിൽ ആരുടെയെങ്കിലും ഒരു കുറേ ദൈവങ്ങൾ ഉണ്ടെന്ന കൃത്യമായ വ്യക്തമായ കണ്ടെത്തലും അറിയലും പറച്ചിലും പോലെ തന്നെ ഗംഭീരം, അതിഗംഭീരം.
പക്ഷേ, ആരെങ്കിലും അങ്ങനെ കൃത്യമായും വ്യക്തമായും ദൈവമായ ഒന്നുമില്ല എന്നറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ, പറയുന്നുണ്ടോ?
അല്ലെങ്കിൽ ആരെങ്കിലും കൃത്യമായും വ്യക്തമായും ദൈവമല്ലാത്ത ഒന്നുമില്ല പകരം ഒന്ന് മാത്രം, എന്നറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ, പറയുന്നുണ്ടോ?
അതുമല്ലെങ്കിൽ ആരെങ്കിലും കൃത്യമായും വ്യക്തമായും ഒരേയൊരു ദൈവമല്ല, പകരം ഒരുകുറേ ദൈവങ്ങൾ ഉണ്ടെന്നറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ, പറയുന്നുണ്ടോ?
ഓരോരുത്തനും താൻ അകപ്പെട്ട മാനങ്ങളുടെയും പ്രതലങ്ങളുടെയും തടവറ വിട്ട്, പരിധികളെ വകഞ്ഞുമാറ്റി അങ്ങനെ എന്തെങ്കിലും അറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ? പറയുന്നുണ്ടോ?
ആ നിലക്ക് സൂക്ഷ്മകണം തൊട്ട് അണ്ഡകടാഹങ്ങൾ മുഴുവൻ സഞ്ചരിച്ചന്വേഷിച്ച് സൂക്ഷ്മമായറിഞ്ഞും കണ്ടെത്തിയും ആരെങ്കിലും ഉറപ്പിച്ച്റിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ? പറയുന്നുണ്ടോ?
ദൈവമില്ല, അല്ലെങ്കിൽ ഒരു കുറേ ദൈവങ്ങളുണ്ട്, അതുമല്ലെങ്കിൽ ഒരേയൊരു ദൈവമല്ലാത്ത ഒന്നുമില്ല എന്നൊക്കെ.
ആരെങ്കിലും അങ്ങനെ കൃത്യമായും വ്യക്തമായും കണ്ടെത്തുന്നുണ്ടോ, അറിയുന്നുണ്ടോ?
എല്ലാവരും ഒരുപോലെ വെറും വെറുതേ ഊഹിക്കുക മാത്രമല്ലാതെ.
എല്ലാവരും ഒരുപോലെ ആരോ എങ്ങിനെയോ എപ്പോഴോ പറഞ്ഞത് അനുകരിച്ച് കേട്ടുകേൾവിയായി ആവർത്തിച്ചുരുവിടുക മാത്രമല്ലാതെ.
തീർത്തും യാന്ത്രികമായി ഉരുവിടുക മാത്രമായി.
ബോധ്യതയുടെ താപവും തിളക്കവും തെളിച്ചവും ഇല്ലാതെ.
അങ്ങനെ അനുകരിച്ച്, കേട്ടുകേൾവിയായി, യാന്ത്രികമായി ഉരുവിട്ടാൽ അതൊരു സാക്ഷ്യമാവുമോ, സാക്ഷിമൊഴിയാവുമോ? തിളച്ചുമറിയലാവുമോ?
ചുരുങ്ങിയത് ഉരുവിടുന്ന ആളെ സംബന്ധിച്ചെങ്കിലും...
*****
ഇനി അതൊക്കെയും അവിടെ നിൽക്കട്ടെ...
ദൈവത്തിന് തന്നെക്കുറിച്ച് താൻ മാത്രമെന്നും താനല്ലാത്ത ആരുമില്ലെന്നും പറയേണ്ടതുണ്ടോ? അങ്ങനെ പറയേണ്ടി വരുമോ?
താൻ മാത്രമാണെങ്കിൽ താൻ മാത്രം തന്നെയാണല്ലോ?
താനല്ലാത്ത ആരും ഇല്ലെങ്കിൽ യഥാർഥത്തിൽ തന്നെ ആരും ഇല്ലല്ലോ?
*****
ഇനി ദൈവത്തിന് തന്നെക്കുറിച്ച് താൻ മാത്രമെന്നും താനല്ലാത്ത ആരുമില്ലെന്നും പറയേണ്ടതുണ്ടെന്നും പറയേണ്ടി വരുമെന്നും തന്നെ വെക്കുക.
എങ്കിൽ ദൈവം ആരോടൊക്കെ എപ്പോഴൊക്കെ പറയും, പറയണം?
എങ്കിൽ എന്തിന് എപ്പോഴെങ്കിലും ആരോടെങ്കിലും മാത്രം പറയണം?
അതും സ്ഥലകാല പരിഗണനയിൽ വരാത്ത ദൈവം.
അങ്ങനെ എപ്പോഴെങ്കിലും ആരോടെങ്കിലും മാത്രം പറഞ്ഞ് ഇടപെടുന്നവനോ ദൈവം?
*****
ഇനി, അങ്ങനെ എപ്പോഴെങ്കിലും ആരോടെങ്കിലും ദൈവം പറഞ്ഞുവെന്ന് തന്നെ വെക്കുക.
അപ്പോഴും അതൊരു മഹാഅബദ്ധം തന്നെയല്ലേ?
അങ്ങനെ ആരോടെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞാൽ അത് എല്ലാ കാലത്തേയും എല്ലാവരുടെയും നിർബന്ധമായ അറിയലും കണ്ടെത്തലും പറച്ചിലും ആവണമെന്ന് ദൈവമായ ദൈവം ശഠിക്കുമോ?
അങ്ങനെ ആരോടെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞാൽ അത് എല്ലാ കാലത്തേയും എല്ലാവരുടെയും നിർബന്ധമായ അറിയലും കണ്ടെത്തലും പറച്ചിലും ആവുമോ?
*****
അങ്ങനെ ആരെങ്കിലും അനുകരിച്ച്, കേട്ടുകേൾവിയായി, യാന്ത്രികമായി ഉരുവിടുന്നത് അയാളുടെ സ്വർഗ്ഗപ്രവേശത്തിന് ദൈവം ന്യായമാക്കുമോ?
അങ്ങനെ ആരെങ്കിലും അനുകരിച്ച്, കേട്ടുകേൾവിയായി, യാന്ത്രികമായി ഉരുവിടാത്തത് അയാളുടെ നരകപ്രവേശത്തിന് ദൈവം ന്യായമാക്കുമോ?
*****
ദൈവം കൽപിക്കുകയോ?
മൂപ്പര് ഉദ്ദേശിച്ചത് മാത്രമല്ലേ നടക്കുക?
അതല്ല, മൂപ്പർ ഉദ്ദേശിച്ചതും നടക്കുന്നില്ല എന്നുണ്ടോ? ക്ഷമ കെട്ട് കൽപ്പിക്കാൻ...
No comments:
Post a Comment