Tuesday, January 17, 2023

സത്യം ഉള്ളതാണ്. പുതുതായി ആരും ഉണ്ടാക്കുന്നതല്ല. എന്നും ഒരുപോലെയാണ്.

അപ്പപ്പോൾ സാധിക്കുന്ന പോലെ ഉണ്ടാക്കിയ പരിഹാരവും സ്വസ്ഥതയും മാത്രമേ മനുഷ്യനുളളൂ, ഉണ്ടായിട്ടുള്ളൂ. 

അല്ലാതെ, ഒരു കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും മാർക്സും സ്ഥിരമായ  പരിഹാരവും സ്വസ്ഥതയും മനുഷ്യന് നൽകിയിട്ടില്ല.

****

ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞത് ആവർത്തിച്ച് പറയുകയാണോ?

ചോദിച്ചത് ഒരു ഇസ്ലാമിസ്റ്റ് സുഹൃത്ത്. ഈയുള്ളവൻ പറയുന്നത് സഹിക്കവയ്യാതെ. അതിനെ കൊച്ചാക്കാൻ.

ഉത്തരം: 

അറിയില്ല.

ആരൊക്കെ എവിടെയൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് ചരിത്രം പരതി അരിച്ചുപെറുക്കി നോക്കിയില്ല. നോക്കാൻ സാധിക്കില്ല. ചരിത്രം അതിന് മാത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമല്ല. ഈയടുത്ത കാലത്തൊഴികെ 

ഇനി ഈയുള്ളവന്  ഇപ്പോൾ തോന്നുന്നത്, സത്യസന്ധമായും സ്വാഭാവികമായും തോന്നുന്നത്, പറയുക തന്നെ ചെയ്യും. സന്ദർഭവും സാഹചര്യവും അങ്ങനെയൊരു പറച്ചിൽ ആവശ്യപ്പെടുന്ന പക്ഷം. 

തുന്നൽക്കാരൻ ചെയ്യുന്നതുപോലെ. 

തുന്നാൻ കൊണ്ടുവരുന്നവൻ്റെ അളവും തുണിയും ആവശ്യവും പോലെ അത് നിശ്ചയിക്കും.

അല്ലെങ്കിലും ആരും ഒന്നും പുതിയത് പറഞ്ഞില്ല, പറയുന്നില്ല. 

സന്ദർഭവും സാഹചര്യവും ആവശ്യപ്പെടുന്നത് പോലെയല്ലാതെ.

ഉള്ളതേ എല്ലാവർക്കും പറയാൻ സാധിക്കൂ.

സത്യം ഉള്ളതാണ്. 

സത്യം എന്നും ഒരുപോലെയാണ്.

സത്യം പുതുതായി ആരും ഉണ്ടാക്കുന്നതല്ല.

എന്നുവെച്ച് ആരും അവരുടെതായ രീതിയിൽ അവർക്ക് തോന്നുന്ന സത്യം പറയാതിരിക്കുന്നില്ല. അവരുടെ ഭാഷയിലും കാലത്തിലും ചുറ്റുപാടിലും.

മോസസും എബ്രഹാമും യേശുവും പറഞ്ഞത് തന്നെയാണ് മുഹമ്മദിനും പറയാൻ ഉണ്ടായിരുന്നത്. അത് കൃത്യമായി അദ്ദേഹം അക്കാലത്തെ ചുറ്റുപാടിലെ സ്വീകാര്യതക്ക് വേണ്ടി തറപ്പിച്ച് സമർത്ഥിച്ചിരുന്നു. 

എന്നുവെച്ച് മുഹമ്മദിൻ്റെ മുന്നിലുള്ള സമൂഹത്തോട് അദ്ദേഹം അദ്ദേഹത്തിൻ്റെ രീതിയിലും ഭാഷയിലും തന്നെ ആവുംവിധം പറയാതിരുന്നില്ല. ശരിക്കും ഭാഷ മാറ്റി ആവർത്തിക്കുക തന്നെയായിരുന്നു അദ്ദേഹം.

*****

1400 കൊല്ലമായി മുഹമ്മദ് പറഞ്ഞത് തന്നെ നിങൾ വിശ്വാസികൾ ആവർത്തിച്ച് പറയുന്നതോ?

മുഹമ്മദ് പ്രാർത്ഥിച്ചത് പോലെ തന്നെ ഭാഷ വരെ മാറ്റാതെ ആവർത്തിച്ച് പ്രാർത്ഥിക്കുകയല്ലേ വിശ്വാസികൾ?

അങ്ങനെ തന്നെ നിർബന്ധമായും മുഹമ്മദിനെ അനുകരിച്ച് ആവർത്തിച്ച് പറയണം, പ്രാർത്ഥിക്കണം എന്ന് ശഠിക്കുന്നില്ലേ നിങൾ വിശ്വാസികൾ?

മുഹമ്മദിനെ അനുകരിച്ച് ആവർത്തിച്ചില്ലെങ്കിൽ നരകം വീടാവും എന്ന് പറഞ്ഞു പേടിപ്പിക്കുന്നില്ലേ വിശ്വാസികൾ?

മുഹമ്മദിനെ അനുകരിച്ച് ആവർത്തിക്കാൻ വേണ്ടി സ്വർഗ്ഗം വെച്ച് നീട്ടി കൊതിപ്പിക്കുന്നില്ലേ, ആകർഷിക്കുന്നില്ലേ വിശ്വാസികൾ? 

ഇപ്പോഴും, ദൈവത്തിൻ്റെ അനുഗ്രഹമാണ് ജീവിതവും ജീവിതത്തിൽ കിട്ടുന്ന മുഴുവനും എന്ന് പറഞ്ഞ് അതിന് വേണ്ടി ദൈവത്തോട് നന്ദി പറയണം, അതിനാൽ ദൈവത്തെ ആരാധിക്കണം, അല്ലെങ്കിൽ ദൈവം ശിക്ഷിക്കും എന്നൊക്കെയുള്ള ഭോഷക് പള്ളിയിലും മദ്രസയിലും വെച്ച് അനുദിനം ആവർത്തിച്ച് പറയുന്നില്ലേ?

അതിന് വേണ്ടി പരിപാടികൾ സംഘടിപ്പിച്ചു പ്രസംഗിച്ച് പറയുന്നില്ലേ?

എങ്കിൽ ഈയുള്ളവൻ ഈ പറയുന്നതും അതിനൊക്കെ മറുപടിയായി ആവർത്തിച്ച് പറഞ്ഞുപോകും, പറഞ്ഞുകൊണ്ടിരിക്കും.

*****

സുഹൃത്തേ,

താങ്കൾ പറഞ്ഞതിന്, ഈയുള്ളവനെയും ഈയുള്ളവൻ പറഞ്ഞതിനെയും പുതിയതല്ല എന്ന് എടുത്ത്പറഞ്ഞ് വിമർശിച്ചതിന്, അതേ നാണയത്തിൽ മറുപടി തന്നുവെന്നെയുള്ളൂ.

ഇനി ആരൊക്കെ അവർ പറയുന്നത് അവരുടെ വ്യക്തിജീവിതത്തിൽ നടത്തി എന്നത്. 

താങ്കൾ എല്ലാ കാലത്തിലും ചെന്ന് എല്ലാവരുടെയും കൂടെനടന്ന്, കൂടെ ജീവിച്ച് ഉറപ്പാക്കുന്ന ആളായ സ്ഥിതിക്ക്. 

ഈയുള്ളവൻ പറയുന്നത് ഈയുള്ളവൻ്റെ വ്യക്തിജീവിതത്തിൽ പകർത്തുന്നില്ല എന്ന് താങ്കൾക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നത് എങ്ങിനെ? 

ആ വിധം എന്തക്രമം ഈയുള്ളവൻ ചെയ്യുന്നതായി താങ്കൾ കണ്ടു? 

എന്തക്രമം താങ്കളോട് ഈയുള്ളവൻ ചെയ്തു?

ഈയുള്ളവൻ്റെ വ്യക്തിജീവതത്തിലും കുടുംബജീവിതത്തിലും  സാമ്പത്തികജീവിതത്തിലും എന്ത് പാകപ്പിഴകൾ താങ്കൾ കണ്ടു?

താങ്കൾ പറയുന്ന താങ്കളുടെ വിശ്വാസം കൊണ്ട് നടക്കാത്തതോ ഈയുള്ളവൻ സ്വീകാര്യനാവാതിരിക്കാൻ, ഈയുള്ളവൻ്റെ വ്യക്തിജീവിതം മോശമാണ് എന്ന് തങ്കൾ വരുത്തിത്തീർക്കാൻ കാരണം? 

എങ്കിൽ താങ്കൾ ഒന്നറിയണം. 

താങ്കൾ കാണുന്ന ഇതേ കാരണം തന്നെയായിരുന്നു അബൂ ജഹലിന് മുഹമ്മദും സ്വീകാര്യനാവാതിരിക്കാൻ കാരണം. 

താങ്കളുടെ ഇതേ സമീപനമായിരുന്നു അബൂ ജഹൽ മുഹമ്മദിനോട് കാണിച്ചത്. 

*****

ഇനി മറ്റൊന്ന് പറയട്ടെ.

താങ്കൾ പ്രവാചകൻ്റെ കൂടെ ജീവിച്ച ആളല്ല . 

താങ്കൾക്ക് പ്രവാചകനെ കുറിച്ച് കിട്ടുന്ന വിവരങൾ വെറും കെട്ടുകഥകൾ. 

ഏറെക്കുറെ പ്രവാചകൻ മരിച്ചു മുന്നൂറ് വർഷങ്ങൾക്ക് ശേഷം ഉണ്ടായത്. 

അറിയാമല്ലോ, ഹദീസ് ക്രോഡീകണം നടത്തിയ പ്രമുഖരായ രണ്ട് പേരും (ബുഖാരി, മുസ്ലിം) അറബികൾ അല്ല, പോരാത്തതിന് മുന്നൂറ് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ.

ഇനി ഈയുള്ളവനെ താങ്കൾ വ്യക്തിപരമായി അധിക്ഷേപിച്ച് കാണുന്നത് എന്തുകൊണ്ട്? ചർച്ചകളിൽ പുലർത്തേണ്ട മര്യാദ അല്പം പോലും പുലർത്താതെ. 

മനസ്സിലാക്കുക.

താങ്കളെ പോലുള്ളവർ തന്നെയാണ് പ്രവാചകൻ്റെ കാലത്ത് പ്രവാചകനെയും അധിക്ഷേപം നടത്തിയത്, പീഡിപ്പിച്ചത്. 

അതുകൊണ്ടാണല്ലോ അദ്ദേഹം ഹിറയിൽ ഒറ്റപ്പെട്ടതും അമ്പത്തിനാലാം വയസ്സിലും സ്വന്തം നാട്ടിൽ ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കാതെ, നിൽക്കക്കള്ളിയില്ലാതെ അയാൾക്ക് ഒളിച്ചോടെണ്ടി വന്നതും.

No comments: