Monday, January 16, 2023

പ്രാർത്ഥന: യാഥാർത്ഥ്യബോധം കൊള്ളലാണ്.

പ്രാർത്ഥന: 

ബോധപൂർവമെങ്കിൽ 

നിസ്സഹായത തോട്ടറിയലും

ആ നിസ്സഹായത

വിളിച്ചുപറയലുമാണ്. 


ദൈവത്തെയോ മറ്റോ മുൻനിർത്തി 

സ്വന്തത്തോടു തന്നെയുള്ള 

ചോദ്യമാണ്, 

ആവശ്യപ്പെടലാണ് 

പ്രാർത്ഥന. 


അത് സ്വയം 

യാഥാർത്ഥ്യബോധം കൊള്ളലാണ്.


അത് 

സ്വയം ശ്രമിക്കാൻ വേണ്ട 

ഉണർത്തലാണ്. 


ആ സ്വശ്രമത്തിനുള്ള  

മാർഗരേഖ തയാറാക്കലും 

പറഞ്ഞ് മനസിലാക്കലുമാണ് 

പ്രാർത്ഥന.

*****

നീ നിന്നോട്, 

നിൻ്റെ മുന്നിൽ, 

മനസ്സാക്ഷിക്ക് മുന്നിൽ 

സത്യസന്ധനാണോ? 


എങ്കിലേ 

നീ യഥാർഥത്തിൽ 

ലോകത്തോടും 

ലോകത്തിന് മുന്നിലും 

സത്യസന്ധനാവുന്നുള്ളൂ. 


അല്ലാത്തതെല്ലാം 

ശുദ്ധഅഭിനയം, 

ശുദ്ധകാപട്യം.

****

അവസരങ്ങൾ വന്നില്ലെന്നും

അവസരങ്ങൾ വരുന്നില്ലെന്നും 

അവലാതിപ്പെടുന്നവർ അറിയുന്നില്ല, 

അവസരങ്ങൾ വന്ന് 

മുന്നിൽകിടന്ന് നൃത്തം ചെയ്തിട്ടും 

അവർ കാണാത്തതാണെന്ന്. 

ശ്രമിക്കാതെ അലസമായി 

കണ്ണടച്ച് കിടക്കുന്നത് കൊണ്ട് മാത്രം.

*****

ചോദിക്കുക മാത്രം ശീലമാക്കിയ ചിലർ. 

അവർക്ക് ഉത്തരം വേണ്ട, നൽകിയാലും കേൾക്കില്ല. 

ഉത്തരം നൽകുമ്പോഴും ചോദിച്ച് കൊണ്ടേയിരിക്കും. 

സദ്യ കൊടുത്താലും, സദ്യ കാണാതെ മണ്ണിൽ നിന്ന് പെറുക്കി മാത്രം തിന്നാൻ വിധിയുള്ളവർ.

No comments: