Thursday, January 12, 2023

ഞാൻ എന്തൊക്കെയോ ആണെന്ന് ഞാനങ്ങ് കരുതുക.

വൃക്ഷത്തോട് ഗുരു:

"കപടനാര്?"

"തണലില്‍ വരുന്നവന്‍.  കൂട്ടുകാരനെന്ന് തോന്നിപ്പിക്കുന്നവന്‍. പക്ഷേ, ക്ഷീണം മാറിയാല്‍ വെട്ടുന്നവന്‍"

****"

നമ്മുടെ ശത്രുവെന്ന് 

നാം കരുതുന്നവർ, 

നാം അങ്ങനെ മുദ്രകുത്തിയവർ 

അവരുടെ നാം കണക്കാക്കുന്ന 

എല്ലാ കുറ്റങ്ങളും 

നാം പറയും പോലെ തന്നെ 

തിരുത്തി നന്നായാലും 

നമ്മൾ നന്നാവില്ല 

എന്ന നിലപാട്. 


നമുക്കെതിരെ ആരും 

ഒരു ശരി പോലും പറയരുത് 

എന്ന നിലപാട്. 


അപ്പോൾ 

ഗൂഢാലോചന സിദ്ധാന്തം പറയുന്ന

നിലപാട്.

 

എല്ലാവർക്കുമെതിരേ 

നാം ചിന്തിച്ചുകൊണ്ടും 

പ്രാർത്ഥിച്ചുകൊണ്ടും തന്നെയിരിക്കെ 

തന്നെ നമ്മൾ പറയുക: 

എല്ലാവരും നമ്മൾക്കെതിരെ 

ചിന്തിക്കുന്നു, ഗൂഢാലോചന 

നടത്തുന്നുവെന്ന്. 


ഈ നിലപാട്

കൃത്യമായ മനോരോഗം.


*****

ഞാൻ എന്തൊക്കെയാണെന്ന് 

ഞാനങ്ങ് കരുതുക. 


ഞാനൊരു വലിയ സാമ്രാജ്യവും 

ഖനനപ്രദേശവും പോലെയെന്ന്. 


എന്നിട്ടോ? 


എല്ലാവരും ഞാനെന്ന എന്നെ 

കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു, 


എല്ലാവരും എന്നെ കീഴ്പ്പെടുത്താൻ വേണ്ട

ഗൂഢാലോചന നടത്തുന്നു, 


എന്നങ് ഏകപക്ഷീയമായി കരുതുക.


ശുദ്ധ മനോരോഗം.


യഥാർഥത്തിൽ ഞാൻ

ഒന്നുമല്ലെന്ന് മനസ്സിലാക്കാത്ത 

മനോരോഗം.

*****

ജീവിക്കാനുള്ള ശ്രമം മാത്രം തന്നെ മഹാഭൂരിപക്ഷത്തിനും ജീവിതം.  

ഒന്ന് തിരിഞ്ഞുനോക്കി ജീവിതം എന്തെന്ന് ചോദിക്കാനും ആ ശ്രമത്തിനിടയിൽ സമയമില്ല. 

എന്തോ അത്. 

അത് തന്നെ വെറും ശ്രമം മാത്രമായ ജീവിതം ആഘോഷമാവുന്നതിൻെറ രഹസ്യവും.

****

നഷ്ടപ്പെട്ടു മാത്രമേ നേടൂ. 

നേട്ടമെല്ലാം ഒരുതരം ഒത്തുപോക്കിന് കിട്ടുന്ന പ്രതിഫലം തന്നെയാണ്. 

എന്താണ് തെരഞ്ഞെടുക്കേണ്ടത് എന്നല്ല; 

എളുപ്പമുള്ളതാണ് ആരായാലും തെരഞ്ഞെടുക്കുക എന്നതാണ്.

*****

ചിലരങ്ങിനെ. 

ഒത്തുപോവാനുള്ള 98 കാര്യങ്ങളും കാരണങ്ങളും കാണില്ല. 

പകരം തെറ്റാനും വെറുക്കാനുമുള്ള രണ്ട് കാര്യങ്ങളെയും കാരണങ്ങളെയും നൂറാക്കും.  

വലിയ കപ്പലിന് ഓട്ട വെക്കും. 

കപ്പൽ മുങ്ങും.

*****

കൂട്ടുകാർ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. 

ശുദ്ധകപടൻമാരാണ് കൂട്ടുകാരായുണ്ടാവുന്നതെങ്കിൽ, എന്തുകൊണ്ടും നിനക്ക് നല്ലത് കൂട്ടുകാരാരുമില്ലതെ തീർത്തും ഒറ്റപ്പെടുന്നതാണ്.

*****

നീ നിന്നോട്, 

നിൻ്റെ മുന്നിൽ, 

നിൻ്റെ മനസ്സാക്ഷിക്ക് മുന്നിൽ 

സത്യസന്ധനാണോ? 


എങ്കിലേ നീ യഥാർഥത്തിൽ 

ലോകത്തോടും 

ലോകത്തിന് മുന്നിലും നീ 

സത്യസന്ധനാവുന്നുള്ളൂ. 


അല്ലാത്തതെല്ലാം 

ശുദ്ധഅഭിനയം, 

ശുദ്ധകാപട്യം.


No comments: