പേടിക്കുകയോ???
അതും ദൈവത്തെ???
ആട് സിംഹത്തെ പേടിക്കുന്നത് പോലെ??
വഴിപോക്കൻ ഭ്രാന്തൻനായയെ പേടിക്കുന്നത് പോലെ???
അറിയുന്നവൻ പേടിക്കുകയോ?
അറിയാത്തവനല്ലേ പേടിക്കുക?
അറിയായ്കയാണ് പേടി.
പ്രത്യേകിച്ചും, ആപേക്ഷികത വിട്ട്, ആത്യന്തികനായ ദൈവവുമായി ബന്ധപ്പെട്ട്.
അറിവിൽ അറിവാണ്,
അറിവിനൊത്ത പ്രതികരണവുമാണ്.
അറിവില്ലാത്തിടത്ത് അറിവില്ല,
അതുകൊണ്ട് തന്നെ അറിവിനോത്ത പ്രതികരണവും ഇല്ല.
അതിനാൽ സ്നേഹമില്ല,
പേടി മാത്രം
ബഹുമാനവും സ്നേഹവും പേടിയല്ല.
ബഹുമാനവും സ്നേഹവും കരുതലാണ്.
അറിവും അതുണ്ടാക്കുന്ന പ്രതികരണവും തന്നെ ബഹുമാനവും സ്നേഹവും?
ഓരോന്നിനും അതിന് പറ്റിയ പ്രതികരണം കൊടുക്കുന്നതാണ് അതിനോടുള്ള ബഹുമാനം, സ്നേഹം.
കുട്ടിക്ക് വേണ്ടത് കുട്ടിക്കും,
വൃദ്ധന് വേണ്ടത് വൃദ്ധനും,
പെണ്ണിന് വേണ്ടത് പെണ്ണിനും.
പച്ചമാങ്ങ കണ്ടാൽ
വായിൽ വെള്ളമൂറുന്നത് പോലെയല്ല
ഭ്രാന്തൻ നായയെ കണ്ടാൽ പ്രതികരിക്കുക.
അങ്ങനെയാണ് ബഹുമാനം, സ്നേഹം.
എല്ലാ സ്നേഹവും ബഹുമാനവും ഇഷ്ടമല്ല.
വെറുപ്പും ദേഷ്യവും പേടിയും വരെ
സ്നേഹമാണ്, ബഹുമാനമാണ്.
അവനവനോടുള്ള സ്നേഹത്തിൽ നിന്ന്,
ജീവിതത്തോടുള്ള സ്നേഹത്തിൽ നിന്ന്,
ദൈവത്തോടുള്ള സ്നേഹത്തിൽ നിന്ന്
വരുന്ന വെറുപ്പും ദേഷ്യവും പേടിയും.
അതാണ് സ്നേഹം, ബഹുമാനം.
No comments:
Post a Comment