Thursday, January 12, 2023

ആര് പറഞ്ഞു എന്നെ സൃഷ്ടിക്കാൻ? പിന്നെന്തിന് അതുവെച്ച് വില പേശണം???

ആര് പറഞ്ഞു എന്നെ സൃഷ്ടിക്കാൻ?

സൃഷ്ടിച്ചതാണ് എന്ന വാദം അംഗീകരിച്ചാൽ തന്നെ.

എന്തിന് എനിക്ക് വേണ്ടി മാത്രം എന്നവകാശപ്പെടും വിധം ഈ ലോകവും അണ്ഡകടാഹങ്ങളും സൃഷ്ടിച്ചു? എനിക്ക് അങ്ങനെയൊരു ആവശ്യം ഇല്ല.

ചുരുങ്ങിയത് ഇപ്പോൾ അങ്ങനെയൊരു ആവശ്യം ഇല്ല..

എന്നെ സൃഷ്ടിക്കുന്നതിന് മുൻപേ അങ്ങനെയൊരു ആവശ്യം എനിക്കുണ്ടാവാൻ തരമില്ല. കാരണം, എന്നെ ഇങ്ങനെയൊക്കെയായി സൃഷ്ടിക്കുന്നതിന് മുൻപ് ഞാൻ ഇല്ല.

പിന്നെന്തിന് അത് വെച്ച് വില പേശണം???

ഈ ജീവിതം തന്നെ വേണ്ടാത്തത്. ഇപ്പോൾ അത് വ്യക്തമായി പറയുന്നു. ഈ ജീവിതം വലിയ അനുഗ്രഹമൊന്നുമല്ല.

ജനിച്ചത് കൊണ്ട്, മറ്റൊരു നിർവാഹമില്ലാത്തത് കൊണ്ട്, ആവുന്നത് പോലെയൊക്കെ ജീവിക്കുന്നു, ജീവിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ.

ജീവിക്കാൻ ഇക്കണ്ടതൊക്കെയും വേണമെന്ന് ഞാനും ആരും നമ്മളായി നിശ്ചയിച്ചതല്ല.

വായുവും വെള്ളവും ഭക്ഷണവും വരെ. അവയൊക്കെ വേണ്ടാത്ത കോലത്തിൽ സൃഷ്ടിച്ചാൽ അവയൊന്നും വേണ്ട.

സൃഷ്ടിച്ചവൻ തന്നെ നിശ്ചയിച്ച് എല്ലാവരെയും അങ്ങനെ എന്തൊക്കെയോ വേണ്ടവരാക്കി.

എന്തൊക്കെ വേണമോ അതൊക്കെ വേണ്ട കോലത്തിൽ സൃഷ്ടിച്ചവൻ സൃഷ്ടിച്ച് അങ്ങനെ ആക്കിയതാണ്.

അതുകൊണ്ട് തന്നെ സൃഷ്ടിച്ചവൻ്റെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഉത്തരവാദിത്തം മാത്രമാണ് അവയൊക്കെ നൽകൽ.

അല്ലാതെ ഞാൻ വേറെ തന്നെ വേറെ എവിടെ നിന്നോ ഉണ്ടായി ദൈവമെന്ന മൂപ്പർ മൂപ്പരുടെ വക സഹതാപം തോന്നി ഔദാര്യമായി തന്നതല്ല, തരുന്നതല്ല ഇവയൊന്നും.

എന്നിട്ടാണോ നാം ചോദിച്ച് വാങ്ങാത്ത ഈ ജന്മത്തിൻ്റെയും ഈ ജീവിതത്തിൻ്റെയും അതിലെ ആവശ്യങ്ങളുടെയും പേരിൽ, അതിൽ തരേണ്ടത് മുഴുവൻ കൃത്യമായി തരാതെ, ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി നടത്തുന്ന പേടിപ്പിക്കൽ?

അതും സർവശക്തനും സർവ്വജ്ഞനും എന്ന് ഖ്യാതിയുള്ള ദൈവം.

*****


ഇനി എല്ലാം വിട്ടേക്കുക.

എന്നോട് ചോദിച്ച് എന്നെ സൃഷ്ടിച്ചു എന്ന വാദമുണ്ടോ???

Hahahahaha...

അപ്പോൾ ദൈവത്തിന് മുൻപും ദൈവത്തോടൊപ്പവും ഞാൻ ഉണ്ടായിരുന്നു എന്നോ?

എങ്കിൽ ദൈവം എവിടെ നിന്ന് എന്നിൽ നിന്നും മാറി നിൽക്കുന്നു.

ചോദിക്കുന്ന ദൈവവും ചോദിക്കപ്പെടുന്ന ഞാനും വേറെ വേറെ ആകുന്നത് എവിടെ വെച്ച്?

Hahahahaha...


*****

ദൈവത്തിന് മാത്രം അറിയുന്ന, 

നമുക്കറിയാത്ത, 

നമുക്ക് ഒരുനിലക്കും ഒരിക്കലും 

അറിയാൻ സാധിക്കാത്ത 

കാര്യത്തിൻ്റെ പേരിൽ 

നാം ശിക്ഷിക്കപ്പെടുമെന്നോ?



No comments: