രണ്ട് കാലുകൾ,
രണ്ട് കൈകൾ,
ഒരുടൽ.
പിന്നെ കൂടുതൽ വളർന്ന തലച്ചോറും
അതുണ്ടാക്കുന്ന ബോധവുമാണോ
മനുഷ്യന് മാത്രമുണ്ടെന്ന് പറയുന്ന
ആത്മാവ്?
******
നിങ്ങൾക്കുള്ള ഉറപ്പിനെക്കാൾ
വലിയ എന്തോ ഒരുറപ്പ്
ബുദ്ധനും മുഹമ്മദിനും
യേശുവിനും മറ്റാർക്കും
ഉണ്ടായിരുന്നുവെന്ന തോന്നൽ
തെറ്റാണ്,
ഒഴിവാക്കേണ്ടതാണ്.
ദൂരേനിന്നുള്ള
വെറും തോന്നൽ മാത്രമാണത്.
ജീവിതം എന്ത്, എന്തിന്
എന്നറിയില്ലെന്ന ഒരുറപ്പ് മാത്രമേ
ആർക്കുമുണ്ടായിരുന്നുള്ളൂ.
*****
കടന്നുപോയവരാരും ഒരു പാഠവും നൽകിയില്ല.
ജനിതകത്തിലൂടെയല്ലാതെ.
ദൂരെയുള്ളതൊക്കെയും അലങ്കാരം, സ്വപ്നം.
ചന്ദ്രനായാലും നക്ഷത്രങ്ങളായാലും.
*****
ജീവിതം 'ഇത്രയേയുള്ളൂ', 'മതി' എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവർ ഉണ്ടാവില്ല.
എന്നിട്ടും പലരും മതിയാക്കിയില്ല.
എന്തുകൊണ്ട്?
പേടിയും അധൈര്യവും കൊണ്ട്.
പിന്നെ?
പിന്നെയും കൂടെക്കൂടുന്ന പ്രതീക്ഷ കൊണ്ട്.
******
മരിക്കാൻ പേടിയോ?
ജീവിക്കാൻ മാത്രം
എന്താണ് ഇവിടെയുള്ളത്?
വേറെ വേറെയെന്ന്
തോന്നിപ്പിക്കും വിധം
ആവർത്തനമല്ലാതെ.
ഞാൻ തന്നെയും ഇല്ലെന്നിരിക്കെ.
*****
ജോലി ഉപജീവനത്തിന് നിർബന്ധം.
പക്ഷെ പച്ചയായ ജീവിതം നൽകുന്ന ശൂന്യതാബോധത്തിൽ നിന്നും മറഞ്ഞ് നിൽക്കാനും ജോലി അത്യാവശ്യമാണ്.
ബോറടിയെന്ന് താലോലിച്ച് വിളിക്കുന്നതിനെ ഒഴിവാക്കാൻ ജോലിയും മദ്യവും ഭക്തിയും സാമൂഹ്യസേവനവും.
*****
അപ്പപ്പോൾ സാധിക്കുന്ന പോലെ ഉണ്ടാക്കിയ പരിഹാരവും സ്വസ്ഥതയും മാത്രമേ മനുഷ്യനുളളൂ, മനുഷ്യനുണ്ടായിട്ടുള്ളൂ, മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ളൂ.
അല്ലാതെ, ഒരു കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും മാർക്സും സ്ഥിരമായ പരിഹാരവും സ്വസ്ഥതയും മനുഷ്യന് നൽകിയിട്ടില്ല.
1 comment:
ആഹാര, നീഹാര, മൈഥുനങ്ങൾ
തേടും, വ്യാമോഹ സഞ്ചാരം
കത്തയതിന് പേരാണ് ജീവിതം
Post a Comment