Friday, January 6, 2023

കാല്പനികതയിലെ കഥാപാത്രങ്ങൾക്ക് ഭാരമില്ല, ആവശ്യങ്ങളില്ല, ചൂടില്ല, ബാധ്യതയാവില്ല,

ദൂരെയുള്ള ചന്ദ്രനും 

നക്ഷത്രങ്ങൾക്കും മാത്രമേ 

സൗന്ദര്യമുളളൂ.


കാഴ്ചക്കനുസൃതായി മാത്രം 

ദൂരേ നിൽക്കുന്ന, 

യാഥാർത്ഥ്യവുമായി 

ഒരു പുലബന്ധവുമില്ലാത്ത, 

ചന്ദ്രനും നക്ഷത്രങ്ങൾക്കും മാത്രമേ 

സൗന്ദര്യമുളളൂ.


ഒരു പരിധിക്കപ്പുറം, 

അടുത്ത് നിന്ന് കാണാനും 

കേൾക്കാനും അനുഭവിക്കാനും 

നിങ്ങൾക്ക് സാധിക്കില്ല. 


സത്യം വിളിച്ചുപറയുന്ന 

ഏത് നക്ഷത്രവും ചന്ദ്രനും 

അങ്ങനെ തന്നെ. 


ദൂരേ നിന്ന് മാത്രം 

നിങ്ങൾക്ക് കാണാം, 


കഥയറിയാതെ മാത്രം

നിങ്ങൾക്ക് വർണിക്കാം, 


വസ്തുതാവിരുദ്ധമായി മാത്രം 

നിങ്ങൾക്ക് വ്യാഖ്യാനിക്കാം. 


യാഥാർത്ഥ്യവുമായി 

ഒരു പുലബന്ധവുമില്ലാതെ

നിങ്ങൾക്ക് മഹത്വപ്പെടുത്താം


*****


കൂടെ നിൽക്കുമ്പോൾ, 

കൂടെ ജീവിക്കുമ്പോൾ 

സംഗതി വേറെയാണ്. 


നിങൾ കാണില്ല, 

നിങൾ അറിയില്ല.


കാണാതിരിക്കാനും

അറിയാതിരിക്കാനും

നിങൾ മുൻപിൽ നിൽക്കും.


കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും 

വരുത്താൻ

നിങൾ വെപ്രാളപ്പെടും. 


*****


അല്ലെങ്കിൽ

നിങ്ങളുടെ തടിക്ക് പിടിക്കും. 


നിങ്ങളുടെ അഹന്തയെ ഉലക്കും. 


നിങ്ങൾക്കുള്ള 

സ്ഥാനമാനങ്ങൾക്ക് കോട്ടം വരുത്തും. 


നിങ്ങളുടെ

അളവുകോലുകൾ നശിപ്പിച്ചു കളയും.  


നിങ്ങളുടെ 

സ്വന്തക്കാരും നാട്ടുകാരാരും വരെ 

നിങ്ങളുടെ കൂടെനിൽക്കില്ല.


*****


അറിയണം, 

അതുകൊണ്ടാണ് 

ബുദ്ധന്നും മുഹമ്മദിനും 

മോസാസിനും ശങ്കരാചാര്യർക്കും 

നാടുവിടേണ്ടി വന്നത്.


അതുകൊണ്ട് തന്നെയാണ് 

വെറും മൂന്നാംകിട കുറ്റവാളികളെയും 

തെമ്മാടികളെയും പോലെ 

യേശുവും സോക്രട്ടീസും 

കൊല്ലപ്പെട്ടത്? 


അതുകൊണ്ട് തന്നെയാണ് 

ശങ്കരാചാര്യർക്കും മാർക്സിനും 

സ്വന്തം അമ്മയെയും മകളെയും പോലും 

വേണ്ടവണ്ണം 

ശവസംസ്കാരം നടത്താൻ 

സാധിക്കാതെ പോയത്.


****


അറിയാം.

ദൂരെയുള്ള കഥാപാത്രങ്ങളായ 

അത്തരം നക്ഷത്രങ്ങളും 

ചന്ദ്രനുമായ മനുഷ്യരെ 

വെറും കാല്പനികമായി, 

കഥാപാത്രങ്ങളായി 

നിങൾ കൊണ്ടുനടക്കും. 


കാരണം, 

കാല്പനികതയിലും 

വെറും കഥാപാത്രങ്ങൾക്കും:

ഭാരമില്ല, 

ആവശ്യങ്ങളില്ല, 

വിയർപ്പിൻ്റെ മണമില്ല, 

ചൂടില്ല, 

ചൂരില്ല, 

ബാധ്യതയാവില്ല, 

നഷ്ടവും കഷ്ടവും തരില്ല.


*****


കൂടെയുണ്ടാവുമ്പോൾ 

നിങൾ പേടിച്ചുവിറക്കും, 

ഒഴിഞ്ഞുമാറി നടക്കും. 

ശത്രുക്കളാവും. 


കാരണം, നിങ്ങൾക്ക് 

നിങ്ങളല്ലതെയാവാൻ

സാധിക്കില്ല.


ലോകമാന്യത, 

കുടുംബം, 

കൂട്ട്, 

സമ്പത്ത്, 

അധികാരം, 

സാമൂഹ്യസുരക്ഷിതത്വം 

എല്ലാം നിങ്ങളെ വേട്ടയാടും.


*****


അപ്പോഴുമറിയണം, 

അതിനാലുമറിയണം: 


വളരേ അടുത്തതും 

വളരേ ദൂരെയുള്ളതും

നിങൾ 

കാണുകയേ ഇല്ല, 

അറിയുകയേ ഇല്ല.

കണ്ണിന് അടുത്ത കൈകൾ

നിങൾ കാണില്ല.

മാത്രമല്ല, ആ കൈകൾ

നിങ്ങളെ അന്ധരാക്കും 


കാഴ്ചക്കനുസൃതായി മാത്രം 

ദൂരെ നിൽക്കുന്ന, 

യാഥാർത്ഥ്യവുമായി 

ഒരു പുലബന്ധവുമില്ലാത്ത, 

ദൂരെയുള്ള ചന്ദ്രനും 

നക്ഷത്രങ്ങൾക്കും മാത്രമേ

സൗന്ദര്യമുളളൂ.