Tuesday, January 17, 2023

ഞാനറിയുന്ന ഞാൻ യഥാർത്ഥമല്ലെങ്കിലോ?

നീ നിന്നോട്, 

നിൻ്റെ മുന്നിൽ, 

മനസ്സാക്ഷിക്ക് മുന്നിൽ 

സത്യസന്ധനാണോ? 

എങ്കിലേ നീ യഥാർഥത്തിൽ 

ലോകത്തോടും 

ലോകത്തിന് മുന്നിലും 

സത്യസന്ധനാവുന്നുള്ളൂ. 


അല്ലാത്തതെല്ലാം 

ശുദ്ധഅഭിനയം, 

ശുദ്ധകാപട്യം.

*****

ചോദ്യം: നമ്മളറിയുന്ന നമ്മൾ, 

ഞാനറിയുന്ന ഞാൻ 

യഥാർത്ഥമല്ലെങ്കിലോ?


ഉത്തരം: ചുരുങ്ങിയത് നമ്മളറിയുന്ന 

നമ്മളുടെ മുമ്പിലെങ്കിലും 

നമ്മൾ സത്യസന്ധമാവുക. 

അത്രയെങ്കിലും ആവുക.


നമ്മളറിയുന്ന നമ്മൾ 

യഥാർത്ഥമാണോ 

എന്ന് ചിന്തിക്കുന്നിടത്ത്, 

സംശയിക്കുന്നിടത്ത്, 

അല്ലെങ്കിൽ 

യഥാർത്ഥമല്ലെന്നറിയുന്നതൊടെ 

ഒരു തിരുത്തും കൂടി സാധിക്കും.


സത്യസന്ധമാവാൻ.


അല്ലെങ്കിലും 

ഞാൻ എന്നത് തന്നെ 

സ്ഥിരമായ അർത്ഥത്തിൽ 

ഇല്ല.


തലച്ചോറുണ്ടാക്കുന്ന 

രാസപ്രതികരണവും 

രാസപ്രവർത്തനവും 

പോലെയുള്ള 

ഞാൻ മാത്രമേ ഉള്ളൂ.


പ്രായം കൂടുമ്പോൾ, 

രോഗം വരുമ്പോൾ ഒക്കെ 

മാറിക്കൊണ്ടിരിക്കുന്ന 

ഞാൻ മാത്രം. 


സ്ഥിരമായ ഞാൻ 

ഉണ്ടെന്ന് ധരിക്കുന്നതാണ് 

തെറ്റ്.


*****


ആരും പലതും ചെയ്യുന്നതല്ല. 


ചെയ്യേണ്ടി വരുന്നതാണ്. 


ചെയ്തു പോകുന്നതാണ്. 


പലതും നിർബന്ധമായും 

വേണമെന്ന് വെക്കുന്നതിനാലല്ല. 


അങ്ങനെ ചെയ്യിപ്പിക്കുന്ന 

കാരണങ്ങളിൽ നിന്ന് 

മുക്തനാവാൻ സാധിക്കാതെയാണ്.


*****


കഞ്ഞി കുടിക്കാൻ ഉണ്ടായാലും 

മതിയാവില്ല. 


അധികാരം, സ്ഥാനം, മാനം, ജോലി, 

ബാഹ്യമായ കുറേ പ്രവർത്തനങ്ങൾ, 

ഭക്തി, മദ്യം ഒക്കെ വേണ്ടി വരും. 


ബോറടി എന്ന് 

താലോലിച്ച് വിളിക്കുന്ന 

ജീവിതം നൽകുന്ന 

ശൂന്യതാബോധം 

ഒളിച്ചുവെക്കാൻ. 


അതിൽ നിന്നും 

ഒളിച്ചോടാൻ.

No comments: