Monday, January 2, 2023

ജീവിതം സുഗമമാവാനുള്ള സ്വാര്‍ത്ഥത മാത്രം എല്ലാം.

ജീവിതം സുഗമമാവാനുള്ള സ്വാര്‍ത്ഥത മാത്രം എല്ലാം. 

ജീവിതം ജീവിതത്തില്‍ അള്ളിപ്പിടിക്കുന്ന ശ്രമം എല്ലാം. 

അല്ലാതെന്ത് സ്നേഹം? 

അല്ലാതെ ആരോട് സ്നേഹം? 

സ്നേഹം അവനവനോട് മാത്രം. 

ബാക്കിയെല്ലാം അതുകൊണ്ടുള്ള, കാരണം വെച്ചുള്ള ഇഷ്ടവും വെറുപ്പും മാത്രം. 

ഒന്നും സ്നേഹമല്ല. 

*****

ബന്ധങ്ങൾ മിക്കതും ബലൂൺ പോലെയെ ഉള്ളുവെന്നറിയാൻ മഹാഭൂരിപ്ഷത്തിനും ജീവിതം മുഴുവൻ വേണ്ടിവരുന്നു. 

പലപ്പോഴും വെറുമൊരു മുള്ള് പോലും വേണ്ടാതെ, ചിലപ്പോൾ വെറും വെളിച്ചം കൊണ്ട് മാത്രം പോട്ടിത്തകരുമ്പോൾ. 

പലപ്പോഴും ജീവിതാവസാനം വെച്ച്. 

അതൊരു കെണി, വെറും ചതി.

*****

നാം താഴെയെന്നും ഇരുട്ടെന്നും കരുതുന്നിടത്ത് വേരുകൾ പണിയെടുക്കുന്നു. 

എന്തിന്? 

നാം ഉയരേയെന്നും വെളിച്ചമെന്നും കരുതുന്നിടത്ത് കൊമ്പുകളെ എത്തിക്കാൻ.

*****

സ്ഥാനങ്ങളുടെയും അംഗീകാരങ്ങളുടെയും വലുപ്പമാണ് ഒരാളുടെ വലുപ്പമെങ്കിൽ....,

കപടന്മാരായിരിക്കും ഏറ്റവും വലിയ മഹാന്മാർ. 

സത്യം സത്യമായും പറയുന്നതും പിന്തുടരുന്നതും കൊണ്ട് ഒരാൾ ഏൽക്കുന്ന പീഢയുടെയും അവഗണനയുടെയും വലുപ്പമാണ് യഥാർത്ഥ മഹത്വം. 

*****

മതത്തെ നിഷേധിച്ച് ദൈവത്തെ കൊണ്ടുനടന്നാൽ പോരേ...?

നിങ്ങൾക്ക് മനസ്സിലാവുന്നത് പോലുളള ദൈവത്തെ, ദൈവമില്ലായ്മയെ. 

എല്ലാറ്റിനെയും 1400ഉം 2000വും 3000വും കൊല്ലങ്ങൾ പിറകിലേക്ക് മാത്രം കെട്ടിവെച്ചതിൻെറ അബദ്ധങ്ങളെ ഇങ്ങനെയും വ്യാഖ്യാനിച്ച് ന്യായീകരിക്കേണ്ടതുണ്ടോ? 

ദൈവവും ദൈവമില്ലായ്മയും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. 

പക്ഷേ പിടികിട്ടാത്ത കാര്യമാണെന്ന് ഉണ്ടെങ്കിൽ ഉള്ള ദൈവത്തിനും അറിയാതിരിക്കില്ല 

പിന്നെന്തിനാണ്, പിടികിട്ടാത്ത കാര്യത്തിൻ്റെ പേരിൽ മനുഷ്യനെ തിരുത്താനുള്ള ശ്രമവും നരകഭീഷണിയും ഒക്കെ? 

പിടികിട്ടിച്ചു കൊടുത്താൽ മാത്രം പോരേ? 

ദൈവമല്ലേ? 

വിചാരിച്ചാൽ നടക്കുമല്ലോ?

അതല്ലേൽ ദൈവം മനുഷ്യനെ പോലെ ആവുകയാണോ? 

അതുമല്ലെങ്കിൽ മതം പരിചയപ്പെടുത്തുന്ന ദൈവം മാത്രം മനുഷ്യനെ പോലെ ആവുകയാണോ?

മതം പറഞ്ഞത് പോലുള്ള ദൈവത്തോട് നമ്മൾ ക്ഷണിക്കുകയാണ് നല്ലത്.

ആ ദൈവം എന്തായാലും നമ്മോട് ക്ഷമിക്കാൻ ഒരുക്കമല്ല.

No comments: