Tuesday, January 17, 2023

കുറ്റബോധത്തെ ആരോപണമാക്കും ചിലർ.

സ്വന്തം കുറ്റബോധത്തെ 

മറ്റുള്ളവരുടെയും

മറ്റുപലതിൻ്റെയും മേൽ 

ആരോപണമാക്കും 

ചിലർ. 


എന്തിന്?


സ്വന്തം തെറ്റ് 

മറ്റുള്ളവരുടെ മുന്നിൽ

സമ്മതിക്കാതിരിക്കാൻ


ഒളിച്ചോടാൻ. 


ഉത്തരവാദിത്തത്തിൽ നിന്നും 

തലയൂരാൻ. 


അവിടെയങ്ങനെ, 

മറ്റെയിടത്തങ്ങനെ 

എന്നോക്കെ പെരുമ്പറ കൊട്ടും 

ആ ചിലർ. 


എന്തിന്? 


ഇവിടെ മോശമാണെന്ന 

നെഗറ്റീവിറ്റി കൊണ്ടുനടന്നു 

വിതരണം ചെയ്യാൻ.

*****

യാത്ര തുടരുന്നത് പോട്ടെ...


അതിന് ആദ്യം 

യാത്ര തുടങ്ങുകയെങ്കിലും വേണ്ടേ? 


യാത്ര തുടങ്ങണമെങ്കിൽ 

നിന്നിടം വിടേണ്ടേ?


നിന്നിടം വിടാനാണല്ലോ 

എല്ലാവർക്കും പ്രയാസം?


നിന്നിടത്ത് തന്നെ നിൽക്കുന്നതല്ലേ 

യഥാർഥത്തിൽ പ്രശ്നം.

വെറും വെറുതെ

ശാരീരികമായി മാത്രം ഇളകിക്കൊണ്ട്. 


അതാണ് നമ്മുടെ പ്രശ്നം. 

ചിന്തയുടെ പ്രശ്നം. 

വിശ്വാസത്തിൻ്റെ പ്രശ്നം.

യാഥാസ്ഥിതികത്വം.


യാത്രയെന്നാൽ 

വെറും ശാരീരികമായ ഇളക്കമല്ല. 

ശരീരങ്ങളുടെ സ്ഥാനമാറ്റമല്ല.


യാത്രയെന്നാൽ 

നഷ്ടപ്പെടലാണ്.


അവനവനെ നഷ്ടപ്പെടൽ.

നിന്നിടം നഷ്ടപ്പെടൽ. 

തുടർച്ചയായ നഷ്ടപ്പെടൽ.

വാഴിപോക്ക് മാത്രം വാസ്തവമാക്കുന്ന

സ്വന്തമായി ഒന്നും എവിടെയും

പിടിച്ചുനിർത്താനില്ലാതിരിക്കൽ. 


അവനവനെ തിരിച്ചറിയുന്ന

അവനവനെ അവനവനാക്കുന്ന

അറിവ് വരെ നഷ്ടപ്പെടൽ.

അറിയായ്ക നേടൽ.


പരിചിതത്വം കളഞ്ഞ്

അപരിചിതത്വം 

തന്നെ വിലകൊടുത്ത്

വാങ്ങൽ.


അപരിചിതത്വം തരുന്ന 

സ്വാതന്ത്ര്യത്തിൽ 

അരക്ഷിതനായിരിക്കൽ. 

No comments: