ഭരിക്കുന്നത് ഭരിക്കാനും ജനങ്ങളോട് നീതിപുലർത്താനുമാണെങ്കിൽ,
ഭരിക്കുന്ന ആൾ ശരിക്കും സത്യസന്ധനാണെങ്കിൽ,
ഭരിക്കുന്ന ആൾക്ക് മനസ്സാക്ഷിയുണ്ടെങ്കിൽ,
പലപ്പോഴും കുറ്റബോധം കൊണ്ട് സ്ഥാനമൊഴിഞ്ഞു പോകും.
എന്നല്ല, അയാൾ അധികാരത്തിൻ്റെ ശ്രേണിയിൽ കയറിപ്പോകില്ല.
അയാൾ അധികാരത്തിൻ്റെ ശ്രേണികൾ കയറിപ്പോകുന്ന ആദ്യഘട്ടത്തിൽ തന്നെ മനസ്സാക്ഷിയുമായി പോരടിച്ച് അധികാരം വിട്ടൊഴിഞ്ഞ് പോകും.
*****
പക്ഷേ, ഭരിക്കുന്നത് പാർട്ടിക്ക് വേണ്ടി മാത്രമാണെങ്കിൽ,
ഭരിക്കുന്നത് പാർട്ടിയുടെ ചട്ടുകമായി മാത്രമാണെങ്കിൽ,
അത്തരമൊരാൾക്ക് മനസ്സാക്ഷിയും കുറ്റബോധവും ഉണ്ടാവില്ല.
കാരണം, അയാൾ അധികാരത്തിൻ്റെ ശ്രേണികൾ കയറിപ്പോകുന്ന വഴിയിൽ മനസ്സാക്ഷിയെ കൊന്നിട്ടുണ്ടാവും, വിറ്റ് കാശാക്കിയിട്ടുണ്ടാവും.
അയാൾ അധികാരത്തിൻ്റെ ശ്രേണികൾ കയറിപ്പോകുന്ന ആദ്യഘട്ടത്തിൽ തന്നെ ഒരുതരം വേശ്യാമനസ്സ് സ്വന്തമാക്കിയിട്ടുണ്ടാവും.
എന്ത് വന്നാലും,
ആരോടും കൂറില്ലാതെ,
എന്നാൽ എല്ലാവരുടെയും ആളായി,
എല്ലാവരോടും ചിരിച്ച്,
എല്ലാം ഏറ്റെടുത്ത്,
ഒന്നും ആർക്കും ചെയ്യാതെ,
അയാൾ നടന്നുതുടരും.
നാടിനും നാട്ടുകാർക്കും എന്ത് നഷ്ടവും ദുരന്തവും സംഭവിച്ചാലും,
കിട്ടിയ സ്ഥാനവും അധികാരവും അയാൾ ഒഴിഞ്ഞുപോകില്ല.
ചട്ടുകം പിടിച്ച കൈകൾ തന്നെ ആ ചട്ടുകം തങ്ങളുടെ പാർട്ടി താൽപര്യം സംരക്ഷിക്കാൻ പോരെന്ന് വെച്ച് അയാളെ മാറ്റാത്തിടത്തോളം.
ചട്ടുകം പിടിച്ച കൈകൾ ആദ്യം നശിപ്പിച്ചിട്ടുണ്ടാവുക അയാളുടെ മനസാക്ഷിയെയാണ്.
******
നമ്മെ നയിക്കുന്നവർ,
നമ്മുടെ നാട് ഭരിക്കുന്നവർ
ഉളുപ്പ് നഷ്ടപ്പെട്ടവർ.
ഉളുപ്പ് നഷ്ടപ്പെട്ടവർ എന്തും ചെയ്യും,
എന്തും പറയും,
എന്തിനും മുതിരും.
അത് നാം തിരിച്ചറിയാത്തത്
നമ്മുടെയും നാടിൻ്റെയും
നഷ്ടം, കഷ്ടം.
No comments:
Post a Comment