Friday, January 27, 2023

എല്ലാവരിലും ഫലത്തിൽ ഒരു രാമനുണ്ട്?

നിർവ്വചനം ഇല്ലാത്തത് ദൈവം. 

എന്തും ആകാവുന്നത്. 

ഒന്നും ആവാത്തത്.

*****

ഒന്നും ആരും 

യഥാർഥത്തിൽ 

ആർക്കും കൂടെയില്ല. 


ഒന്നും ആരും 

യഥാർത്തത്തിൽ 

ആരെയും സ്ഥിരമായി 

തൃപ്തിപ്പെടുത്തുന്നില്ല.


ഇതറിയുന്നവനാണ്, 

ഇതറിയുമ്പോഴാണ്, 

ഒരാൾ എല്ലാം വിട്ടൊഴിഞ്ഞ് 

സ്വന്തന്തിൽ രമിച്ച്, 

ആവശ്യങ്ങളെ ആവുന്നത്ര ഒഴിവാക്കി 

സന്യാസിയായിത്തീരുന്നത്. 


രാമനായിത്തീരുന്നത്. 


എല്ലാവരിലും ഫലത്തിൽ 

അങ്ങനെയൊരു രാമനുണ്ട്? 


സ്വന്തത്തിൽ രമിക്കുന്ന, 

സ്വന്തവുമായി പൊരുത്തത്തിലാവുന്ന, 

അതിനാൽ ആരുമായും ഒന്നുമായും 

സംഘർഷത്തിലാവാനില്ലാത്ത രാമൻ.

*****

എല്ലാമറിയുന്നതല്ല, 

എന്തൊക്കെയോ ഉണ്ടെന്ന് 

കരുതുന്നതുമല്ല, 

പകരം ഇത്രയേ ഉള്ളൂവെന്ന് 

പലപ്പോഴും, പല ഘട്ടത്തിലും 

തോന്നുന്നതാണ് തിരിച്ചറിവ്.

*****

പൂവിനെ കാണുമ്പോൾ, 

ആ പൂവിനെ കുറിച്ച് ചിന്തിച്ച് 

ആകാശത്തോളം വർണിക്കുമ്പോൾ 

നിങൾ വേരിനെ തിരയണം. 


കാരണം, ഇരുട്ടിൽ കീഴെ 

ആരും കാണാത്ത വഴികളിൽ 

അലഞ്ഞ് അലസമായിക്കിടന്ന

വേരുകളിൽ നിന്ന് വളർന്ന, 

കൊമ്പുകളിൽ വിടർന്ന 

പൂക്കൾ മാത്രമേയുള്ളൂ. 


അടിത്തറയില്ലാതെ 

ഒരു കൊട്ടാരവും ഉയർന്നിട്ടില്ല.

*****

എല്ലാവരിലും 

കീഴെ കിടക്കുന്ന,

അന്തർധാരയായ 

ഒരു രാമനുണ്ട്.


എല്ലാവരിലും 

രാമനായ വേരുണ്ട്,

തണ്ടുണ്ട്.



1 comment:

Suresh babu said...

ആത്മാരാമൻ! മനോഹരമായ കുറിപ്പ്